മമ്മൂട്ടിയുടെ പിറന്നാള്‍ ദിനത്തില്‍ 30,000 പേരുടെ രക്തദാനം ലക്ഷ്യമാക്കി ആരാധകര്‍
ഓഗസ്റ്റ് 20 ന് ഓസ്ട്രേലിയയില്‍ തുടക്കമാവും
മമ്മൂട്ടിയുടെ പിറന്നാള്‍ ദിനമായ സെപ്റ്റംബര്‍ 7 ന് 30,000 പേരുടെ രക്തദാനം ലക്ഷ്യമിട്ട് മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ ഇന്റർനാഷണൽ. സംഘടനയുടെ സെക്രട്ടറി സഫീദ് മുഹമ്മദും സംസ്ഥാന പ്രസിഡന്റ് അരുണും അറിയിച്ചതാണ് ഇക്കാര്യം. പ്രിയതാരത്തിന്‍റെ ജന്മദിനത്തില്‍ മുന്‍പും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്താറുണ്ട് ആരാധകര്‍. മമ്മൂട്ടിയുടെ കഴിഞ്ഞ പിറന്നാള്‍ ദിനത്തില്‍ കാല്‍ ലക്ഷം പേരാണ് രക്തദാനത്തില്‍ പങ്കാളികളായിരുന്നതെന്നും ഇവര്‍ അറിയിക്കുന്നു.
ഇത്തവണത്തെ പിറന്നാളിനോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പെയിന് ഓഗസ്റ്റ് 20 ന് ഓസ്ട്രേലിയയില്‍ തുടക്കമാവും. ക്യാമ്പെയിന്‍ ഒരു മാസം നീളും. സംഘടന നിലവിലുള്ള 17 രാജ്യങ്ങളിലും രക്തദാന പരിപാടികൾ നടക്കും. മമ്മൂട്ടി ഫാൻസ് പ്രവർത്തകർ മുൻ കൈ എടുക്കുന്ന ക്യാമ്പെയിനിൽ നിരവധി മലയാളികൾ പങ്കാളികൾ ആകാറുണ്ട്. ഇക്കുറിയും ബഹുജന പങ്കാളിത്തം പ്രതീക്ഷിക്കുന്നുണ്ടെന്ന് അണിയറക്കാര്‍ അറിയിക്കുന്നു.
ALSO READ : 'വിടാമുയര്‍ച്ചി' ബിടിഎസ് ചിത്രങ്ങളുമായി തൃഷ; ചിത്രീകരണം അവസാന ഘട്ടത്തില്‍