മമ്മൂട്ടി പ്രതിനായകനായി എത്തിയ ക്രൈം ഡ്രാമ ചിത്രമാണ് കളങ്കാവല്‍. മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രം നേടുന്നത്
മലയാള സിനിമയുടെ സമീപകാലം എന്നത് വൈവിധ്യമുള്ള ഉള്ളടക്കങ്ങളുടേതാണ്. മലയാളികള്‍ മാത്രമല്ല, മറുഭാഷാ പ്രേക്ഷകരും അവരവരുടെ സംസ്ഥാനങ്ങളില്‍ തിയറ്ററുകളിലെത്തി കാണുന്ന നിലയിലേക്ക് മലയാള സിനിമ വളരുകയാണ്. ആ നിരയില്‍ മലയാള സിനിമയ്ക്ക് ഈ വര്‍ഷം പ്രേക്ഷകരുടെ മുന്നിലേക്ക് നീക്കിവെക്കാന്‍ കഴിയുന്ന ഏറ്റവും പുതിയ ചിത്രമാണ് കളങ്കാവല്‍. പ്രതിനായകനായി മമ്മൂട്ടി എത്തുന്നു എന്നതാണ് ചിത്രത്തിന്‍റെ ഹൈലൈറ്റ്. ക്രൈം ഡ്രാമ ഗണത്തില്‍ പെടുന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ പെര്‍ഫോമന്‍സ് ആണ് ഹൈലൈറ്റ്. വെള്ളിയാഴ്ച തിയറ്ററുകളില്‍ എത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകര്‍ നല്‍കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്‍റെ റിലീസിന് പിന്നാലെ ആദ്യ പ്രതികരണവുമായി എത്തിയിരിക്കുകയാണ് മമ്മൂട്ടി.
സമീപകാലത്ത് മലയാള സിനിമയില്‍ ഏറ്റവുമധികം വൈവിധ്യപൂര്‍ണ്ണമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച നടനാണ് മമ്മൂട്ടി. അദ്ദേഹത്തിന്‍റെ സ്വന്തം ബാനര്‍ ആയ മമ്മൂട്ടി കമ്പനിയിലൂടെ എത്തിയ ചിത്രങ്ങളെല്ലാം ഒന്നിനൊന്ന് വ്യത്യസ്തം. താന്‍ സ്വീകരിക്കുന്ന വ്യത്യസ്തതകളെ സ്വീകരിക്കുന്ന പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞുകൊണ്ടുള്ളതാണ് അദ്ദേഹത്തിന്‍റെ സോഷ്യല്‍ മീഡിയ പോസ്റ്റ്. “അങ്ങേയറ്റം ആവേശം പകരുന്ന രണ്ട് ദിവസങ്ങളാണ് കടന്നുപോയത്. റിലീസ് ദിനം മുതല്‍ കളങ്കാവലിന് ലഭിക്കുന്ന പ്രതികരണങ്ങള്‍ എന്നെ ശരിക്കും ത്രസിപ്പിക്കുന്നു. എന്‍റെ തെരഞ്ഞെടുപ്പുകളില്‍ അര്‍പ്പിക്കുന്ന വിശ്വാസത്തിന് നിങ്ങള്‍ക്ക് നന്ദി”, മമ്മൂട്ടി കുറിച്ചു.
ആകര്‍ഷിക്കുന്ന പല ഘടകങ്ങള്‍ കാരണം പ്രഖ്യാപന സമയം മുതല്‍ പ്രേക്ഷകശ്രദ്ധ നേടിയ പ്രോജക്റ്റ് ആയിരുന്നു കലങ്കാവല്‍. മമ്മൂട്ടിയും വിനായകനും കേന്ദ്ര കഥാപാത്രങ്ങള്‍ ആവുന്നു എന്നതായിരുന്നു ചിത്രത്തിന്‍റെ പ്രധാന ഹൈലൈറ്റ്. മമ്മൂട്ടി പ്രതിനായകനാണെന്ന് പിന്നാലെ റിപ്പോര്‍ട്ടുകള്‍ എത്തി. ഇതും പ്രേക്ഷകരെ ആവേശപ്പെടുത്തിയ ഘടകമാണ്. റിലീസിനോടടുത്ത് നടത്തിയ ലോഞ്ചിലാണ് മമ്മൂട്ടി ഇക്കാര്യം സ്ഥിരീകരിച്ചത്. മമ്മൂട്ടി കമ്പനി സമീപകാലത്ത് ഏറ്റവും മികച്ച രീതിയില്‍ പ്രൊമോഷന്‍ നടത്തിയ ചിത്രം കൂടിയാണ് ഇത്. ചിത്രത്തിലൂടെ മറ്റൊരു നവാഗത സംവിധായകനെക്കൂടി മമ്മൂട്ടി മലയാള സിനിമയില്‍ അവതരിപ്പിച്ചിരിക്കുകയാണ്. ജിതിന്‍ കെ ജോസ് ആണ് ആ സംവിധായകന്‍. ദുൽഖർ സൽമാൻ നായകനായെത്തിയ സൂപ്പർഹിറ്റ് ചിത്രം 'കുറുപ്പി'ന്റെ കഥ ഒരുക്കിയ ജിതിന്‍ കെ ജോസിന്‍റെ സംവിധായകനായുള്ള അരങ്ങേറ്റമാണ് കളങ്കാവല്‍.
റിലീസ് ദിനം നേടിയതിനേക്കാള്‍ കളക്ഷനാണ് ചിത്രം രണ്ടാം ദിനം നേടിയത്. ഞായറാഴ്ചയും മികച്ച ബുക്കിംഗ് ആണ് റിലീസ് ചെയ്ത മാര്‍ക്കറ്റുകളിലെല്ലാം ചിത്രത്തിന് ലഭിക്കുന്നത്. ഇന്നത്തെ കളക്ഷനോടെ ചിത്രത്തിന്‍റെ ആഗോള ഗ്രോസ് എത്ര വരും എന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് ട്രാക്കര്‍മാര്‍.



