ചിത്രത്തിന്‍റെ പൂജ ചടങ്ങുകള്‍ ഡിസംബര്‍ 26 ന്

മമ്മൂട്ടിയുടേതായി അടുത്ത് തിയറ്ററുകളിലെത്താനിരിക്കുന്ന ചിത്രത്തില്‍ അദ്ദേഹം ഒരു പൊലീസ് വേഷത്തിലാണ് എത്തുന്നത്. ബി ഉണ്ണികൃഷ്ണന്‍റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ക്രിസ്റ്റഫര്‍ ആണ് ചിത്രം. പുതുവര്‍ഷത്തില്‍ അദ്ദേഹത്തിന്‍റേതായി ആദ്യം ചിത്രീകരണം ആരംഭിക്കുന്ന സിനിമയിലും മമ്മൂട്ടി പൊലീസ് യൂണിഫോമിലാണ് എത്തുക. യുവനിരയിലെ ശ്രദ്ധേയ ഛായാഗ്രാഹകന്‍ റോബി വര്‍ഗീസ് രാജ് സംവിധായകനായി അരങ്ങേറുന്ന ചിത്രമാണ് അത്. സിനിമയുടെ ചിത്രീകരണം ജനുവരി ഒന്നിന് ആരംഭിക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ട്.

പ്രമുഖ ട്രേഡ് അനലിസ്റ്റ് ശ്രീധര്‍ പിള്ളയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ചിത്രത്തിന്‍റെ പൂജ ചടങ്ങുകള്‍ ഡിസംബര്‍ 26 ന് നടക്കുമെന്നും അദ്ദേഹം അറിയിച്ചു. മമ്മൂട്ടിയുടെ കരിയറിലെ 421-ാം ചിത്രമാണ് ഇത്. മമ്മൂട്ടി തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി നിര്‍മ്മിക്കുന്ന നാലാം ചിത്രമാണിത്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ നന്‍പകല്‍ നേരത്ത് മയക്കം, നിസാം ബഷീറിന്‍റെ റോഷാക്ക്, ജിയോ ബേബിയുടെ കാതല്‍ എന്നിവയാണ് മമ്മൂട്ടി കമ്പനി നിര്‍മ്മിച്ച മറ്റു ചിത്രങ്ങള്‍.

ALSO READ : ക്രിസ്‍മസ് സമ്മാനമായി ടൈറ്റില്‍ എത്തും; പ്രഖ്യാപനവുമായി നിര്‍മ്മാതാക്കള്‍

Scroll to load tweet…

അതേസമയം മമ്മൂട്ടി നായകനാവുന്ന ബി ഉണ്ണികൃഷ്ണന്‍ ചിത്രം ക്രിസ്റ്റഫര്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണ്. ബയോഗ്രഫി ഓഫ് എ വിജിലൻറ് കോപ്പ് എന്ന ടാ​ഗ് ലൈനോടെ എത്തുന്ന ക്രിസ്റ്റഫർ നിർമ്മിക്കുന്നത് ആർ ഡി ഇല്യൂമിനേഷൻസ് എൽഎൽപി ആണ്. ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കുന്നത് ഉദയകൃഷ്ണയാണ്. അമല പോളിനെ കൂടാതെ സ്നേഹ, ഐശ്വര്യ ലക്ഷ്മി എന്നിങ്ങനെ മൂന്ന് നായികമാരാണ് ചിത്രത്തിലുള്ളത്. തെന്നിന്ത്യൻ താരം വിനയ് റായിയും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ദിലീഷ് പോത്തൻ, സിദ്ദിഖ്, ജിനു എബ്രഹാം, വിനീതകോശി, വാസന്തി തുടങ്ങിയവരോടൊപ്പം മുപ്പത്തിയഞ്ചോളം പുതുമുഖങ്ങളും ചിത്രത്തിൽ വേഷമിടുന്നു.