80 കോടിയോളം നിര്‍മ്മാണച്ചെലവ് പ്രതീക്ഷിക്കുന്ന ചിത്രം

മലയാളം ഏറ്റവും കാത്തിരിക്കുന്ന ചിത്രങ്ങളില്‍ ഒന്നാണ് മഹേഷ് നാരായണന്‍റെ സംവിധാനത്തില്‍ മോഹന്‍ലാലും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രം. കു‌ഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍ തുടങ്ങി താരനിരകൊണ്ട് സമ്പന്നമാണ് ഈ ചിത്രം. ഇപ്പോഴിതാ ചിത്രത്തിന്‍റെ ലൊക്കേഷനില്‍ നിന്നുള്ള മമ്മൂട്ടിയുടെ ഒരു ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിന്‍റെ ബിഹൈന്‍ഡ് ദി സീന്‍ വീഡിയോ വൈകാതെ പുറത്തെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ചിത്രത്തിന്‍റെ ലൊക്കേഷനില്‍ നിന്നുള്ള നിരവധി ചിത്രങ്ങള്‍ താരങ്ങള്‍ തന്നെ മുന്‍പ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. എന്നാല്‍ പുറത്തെത്തിയ മമ്മൂട്ടിയുടെ ചിത്രം കഥാപാത്രത്തിന്‍റെ ഗെറ്റപ്പിലുള്ളതാണെന്നാണ് സോഷ്യല്‍ മീഡിയയുടെ വിലയിരുത്തല്‍. സിനിമകളില്‍ ഇതുവരെ കാണാത്ത തരത്തിലുള്ള ഗെറ്റപ്പിലാണ് പുറത്തെത്തിയിരിക്കുന്ന ചിത്രത്തില്‍ മമ്മൂട്ടി. 

80 കോടിയോളം നിര്‍മ്മാണച്ചെലവ് പ്രതീക്ഷിക്കുന്ന ചിത്രത്തില്‍ രണ്‍ജി പണിക്കര്‍, രാജീവ് മേനോന്‍, ഡാനിഷ് ഹുസൈന്‍, ഷഹീന്‍ സിദ്ദിഖ്, സനല്‍ അമന്‍, രേവതി, ദര്‍ശന രാജേന്ദ്രന്‍, സെറിന്‍ ഷിഹാബ്, പ്രകാശ് ബെലവാടി എന്നിവര്‍ക്കൊപ്പം നയന്‍താരയും ഒരു ശ്രദ്ധേയ കഥാപാത്രമായി എത്തുമെന്ന് കരുതപ്പെടുന്നു. മഹേഷ് നാരായണന്‍ തന്നെ രചനയും നിര്‍വ്വഹിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം ബോളിവുഡിലെ പ്രശസ്ത ഛായാഗ്രാഹകന്‍ മനുഷ് നന്ദന്‍ ആണ്. സാമ്രാട്ട് പൃഥ്വിരാജ്, റോക്കി ഓര്‍ റാണി കി പ്രേം കഹാനി, തഗ്സ് ഓഫ് ഹിന്ദുസ്ഥാന്‍ തുടങ്ങിയ ചിത്രങ്ങളുടെ ഛായാഗ്രാഹകനാണ് അദ്ദേഹം. 

Scroll to load tweet…

ആന്‍റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറില്‍ ആന്‍റോ ജോസഫ് ആണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. സി ആര്‍ സലിം, സുഭാഷ് ജോര്‍ജ് എന്നിവരാണ് സഹനിര്‍മ്മാണം. എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് രാജേഷ് കൃഷ്ണ, സി വി സാരഥി. പ്രൊഡക്ഷന്‍ ഡിസൈന്‍ ജോസഫ് നെല്ലിക്കല്‍, മേക്കപ്പ് രഞ്ജിത്ത് അമ്പാടി, വസ്ത്രാലങ്കാരം ധന്യ ബാലകൃഷ്ണന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ലിനു ആന്‍റണി, അസോസിയേറ്റ് ഡയറക്ടര്‍ ഫാന്‍റം പ്രവീണ്‍. ശ്രീലങ്കയ്ക്ക് പുറമെ ലണ്ടന്‍, അബുദബി, അസര്‍ബൈജാന്‍, തായ്ലന്‍ഡ്, വിശാഖപട്ടണം, ഹൈദരാബാദ്, ദില്ലി, കൊല്ലി എന്നിവിടങ്ങളും ചിത്രത്തിന്‍റെ ലൊക്കേഷനുകളാണ്. 

ALSO READ : 'ഞാന്‍ ഒരു ഡി സി ഫാന്‍ ആണ്'; 'ഗന്ധര്‍വ്വ ജൂനിയറി'നായുള്ള കാത്തിരിപ്പിനെക്കുറിച്ച് ഉണ്ണി മുകുന്ദന്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം