മലയാളികളുടെ പ്രിയ താരങ്ങളായ മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ​ഗോപി തുടങ്ങിയവരും മോദിക്ക് ആശംസകളുമായി രം​ഗത്തെത്തി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ എഴുപത്തി രണ്ടാം പിറന്നാളാണ് ഇന്ന്. സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ള നിരവധി പേരാണ് പ്രധാനമന്ത്രിക്ക് ആശംസകളുമായി രം​ഗത്തെത്തുന്നത്. മലയാളികളുടെ പ്രിയ താരങ്ങളായ മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ​ഗോപി തുടങ്ങിയവരും മോദിക്ക് ആശംസകളുമായി രം​ഗത്തെത്തി. മൂവരും തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴിയാണ് ആശംസ അറിയിച്ചിരിക്കുന്നത്. 

"നമ്മുടെ ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിജിക്ക് ഊഷ്മളമായ ജന്മദിനാശംസകളും സ്നേഹവും നേരുന്നു. നിങ്ങൾക്ക് നല്ല ആരോഗ്യവും സന്തോഷവും കൂടുതൽ വിജയവും നിറഞ്ഞ ഒരു അനുഗ്രഹീത വർഷം ഉണ്ടാകട്ടെ", എന്നാണ് മോഹൻലാൽ കുറിച്ചത്. 

"നമ്മുടെ ചലനാത്മകവും ദീർഘവീക്ഷണമുള്ളതുമായ പ്രധാനമന്ത്രി നരേന്ദ്ര മോദിജിക്ക് ജന്മദിനാശംസകൾ. രാഷ്ട്രത്തെ നിസ്വാർത്ഥമായി സേവിക്കാൻ താങ്ങൾക്ക് ദീർഘവും ആരോഗ്യകരവുമായ ജീവിതം ആശംസിക്കുന്നു", എന്നാണ് മോദിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് സുരേഷ് ​ഗോപി കുറിച്ചത്. 

അതേസമയം, പിറന്നാളിനോട് അനുബന്ധിച്ച് നിമീബിയയില്‍ നിന്നും കൊണ്ടുവന്ന ചീറ്റപ്പുലികളെ നരേന്ദ്ര മോദി മധ്യപ്രദേശിലെ കുനോ ദേശീയ ഉദ്യാനത്തിലേക്ക് തുറന്നുവിട്ടു. വൻ പരിപാടികളാണ് മോദിയുടെ ജന്മദിനത്തിൽ നടക്കുന്നത്. ഇന്ന് മുതല്‍ ഒക്ടോബർ 2 വരെ രാജ്യവ്യാപകമായി സേവാ ദിവസമായി ആചരിക്കുകയാണ് ബിജെപി. ഹൈദരാബാദില്‍ അമിത് ഷാ ഭിന്നശേഷിക്കാരായ കുട്ടികൾക്ക് ഉപകരണങ്ങൾ വിതരണം ചെയ്തു. 

മഞ്ജുവും സൗബിനും ഒന്നിക്കുന്ന 'വെള്ളരി പട്ടണം'; മനോഹര മെലഡി എത്തി

പ്രധാനമന്ത്രിയായിരിക്കെ നരേന്ദ്രമോദിക്ക് ലഭിച്ച സമ്മാനങ്ങളുടെ ലേലവും ഓൺലൈനായി ആരംഭിച്ചിട്ടുണ്ട്. പെയിന്റിംഗുകൾ, ശിൽപങ്ങൾ, കരകൗശല വസ്തുക്കൾ തുടങ്ങി ആകര്‍ഷകമായ നിരവധി സമ്മാനങ്ങളും ഉപഹാരങ്ങളുമാണ് ലേലത്തിനുള്ളത്. ഗുസ്തി, ഹോക്കി താരങ്ങള്‍ അടക്കം ഉള്‍പ്പെടുന്ന സ്പോര്‍ട്സ് ജഴ്സികളും ഇക്കൂട്ടത്തില്‍ ഉണ്ട്. ദില്ലിയിലെ നാഷണൽ ഗാലറി ഓഫ് മോഡേൺ ആർട്ടിൽ ഇവ പ്രദര്‍ശിപ്പിക്കും. 1,200 ഉപഹാരങ്ങളുടെയും മെമന്റോകളുടെയും ലേലമാണ് നടക്കുക.