മഹേഷ് വെട്ടിയാര്‍ ആണ് ചിത്രത്തിന്‍റെ സംവിധാനം

മഞ്ജു വാര്യര്‍, സൌബിന്‍ ഷാഹിര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മഹേഷ് വെട്ടിയാര്‍ സംവിധാനം ചെയ്യുന്ന വെള്ളരി പട്ടണം എന്ന ചിത്രത്തിലെ ഗാനം അണിയറക്കാര്‍ പുറത്തിറക്കി. അരികെയൊന്നു കണ്ടൊരു നേരം എന്നാരംഭിക്കുന്ന ഗാനം ഒരു മെലഡിയാണ്. വിനായക് ശശികുമാറിന്‍റെ വരികള്‍ക്ക് ഈണമിട്ടിരിക്കുന്നത് സച്ചിന്‍ ശങ്കര്‍ മന്നത്ത് ആണ്. കെ എസ് ഹരിശങ്കറും നിത്യ മാമ്മനും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. 

ആക്ഷേപഹാസ്യ സ്വഭാവത്തിലുള്ള ചിത്രത്തില്‍ ഒരു രാഷ്ട്രീയ പ്രവര്‍ത്തകനായാണ് സൌബിന്‍ ഷാഹിര്‍ എത്തുന്നത്. ലീഡര്‍ കെ പി സുരേഷ് എന്നാണ് സൌബിന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്. മഞ്ജു വാര്യരാണ് ചിത്രത്തില്‍ മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ആക്ഷന്‍ ഹീറോ ബിജു, അലമാര, മോഹന്‍ലാല്‍, കുങ്ഫു മാസ്റ്റര്‍ തുടങ്ങിയ സിനിമകള്‍ക്ക് ശേഷം ഫുള്‍ ഓണ്‍ സ്റ്റുഡിയോസ് നിര്‍മിക്കുന്ന ചിത്രമാണിത്. മാധ്യമപ്രവര്‍ത്തകനായ ശരത്കൃഷ്ണയും സംവിധായകന്‍ മഹേഷ് വെട്ടിയാറും ചേര്‍ന്നാണ് ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. കോട്ടയം രമേശ്, സലിം കുമാര്‍, സുരേഷ്‌ കൃഷ്ണ, കൃഷ്ണശങ്കര്‍, ശബരീഷ് വര്‍മ, അഭിരാമി ഭാര്‍ഗവന്‍, മാല പാര്‍വതി, വീണ നായര്‍, പ്രമോദ് വെളിയനാട് എന്നിവരും ചിത്രത്തില്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.

ALSO READ : ഓസ്‍കറില്‍ ഇന്ത്യയുടെ ചരിത്രം തിരുത്തുമോ രാജമൗലി? വിദേശ മാധ്യമങ്ങളുടെ സാധ്യതാ പട്ടികയില്‍ 'ആര്‍ആര്‍ആര്‍'

അലക്‌സ് ജെ പുളിക്കല്‍ ആണ് ഛായാഗ്രഹണം. എഡിറ്റിങ് അപ്പു എന്‍ ഭട്ടതിരി. മധു വാസുദേവനും വിനായക് ശശികുമാറുമാണ് ഗാനരചയിതാക്കള്‍. സച്ചിന്‍ ശങ്കര്‍ മന്നത്ത് സംഗീതം പകരുന്നു. ജ്യോതിഷ് ശങ്കറാണ് കലാസംവിധായകന്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബെന്നി കട്ടപ്പന. ശ്രീജിത് ബി നായരും കെ ജി രാജേഷ് കുമാറുമാണ് അസോസിയേറ്റ് ഡയറക്ടര്‍മാര്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് വൈശാഖ് സി വടക്കേവീട് പിആര്‍ഒ എഎസ് ദിനേശ്.

Arikeyonnu Kandoru|Lyrical Video| Vellaripattanam|KS Harisankar|Nithya Mammen|Sachin Shankor Mannath