മ്മൂട്ടി ആരാധകരുടെ കാത്തിരുപ്പുകൾക്ക് വിരാമമിട്ട് 'ദി പ്രീസ്റ്റി'ന്റെ ടീസർ റിലീസ് ചെയ്തു. നവാഗതനായ ജോഫിന്‍ ടി ചാക്കോ സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണ് പ്രീസ്റ്റ്. ദുരൂഹതകളും ആകാംക്ഷകളും നിറഞ്ഞതാണ് ടീസർ. മമ്മൂട്ടിയും മഞ്ജു വാര്യരും അവതരിപ്പിക്കുന്ന കഥാപാത്രങ്ങളെ വീഡിയോയിൽ കാണാം. 

'ശാസ്ത്രത്തിന്റെ ഏത് തിയറിയിലും അതിനെ മറികടന്ന് പോകുന്ന ഡാക്ക് സോണുണ്ടെന്ന് പറയാറുണ്ട്' എന്ന മമ്മൂട്ടിയുടെ ഡയലോ​ഗോടെയാണ് ടീസർ ആരംഭിക്കുന്നത്. പുറത്തിറങ്ങി നിമിഷങ്ങൾക്കുള്ളിൽ മികച്ച പ്രതികരണമാണ് ടീസറിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. കൊവിഡ് ഇടവേളക്ക് ശേഷം കുടുംബ പ്രേക്ഷകരെ തിയറ്ററില്‍ എത്തിക്കാന്‍ ചിത്രത്തിന് കഴിയുമെന്നാണ് പലരും കമന്‍റിടുന്നത്. 

മമ്മൂട്ടിയും മഞ്ജുവും ആദ്യമായി ഒരുമിച്ചെത്തുന്നു എന്നതുതന്നെയാണ് ചിത്രത്തിന്റെ പ്രധാന ആകര്‍ഷണം. പേര് സൂചിപ്പിക്കുന്നതുപോലെ ചിത്രത്തിലെ ടൈറ്റില്‍ കഥാപാത്രമായ പുരോഹിതനെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. ഇത് ശരിവയ്ക്കുന്നതായിരുന്നു ചിത്രത്തിന്റേതായി പുറത്തിറങ്ങിയ പോസ്റ്ററുകളും. ആന്റോ ജോസഫും ബി ഉണ്ണിക്കൃഷ്ണനും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. ദീപു പ്രദീപും ശ്യാം മോനോനും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

കഴിഞ്ഞ ജനുവരിയിലാണ് പ്രീസ്റ്റിന്റെ ഷൂട്ട് ആരംഭിച്ചത്. പിന്നീട് കൊവിഡ് മൂലം ഷൂട്ടിങ് നീണ്ടു. ഒടുവിൽ കഴിഞ്ഞ മാസം ചിത്രീകരണം പൂർത്തിയാക്കുകയായിരുന്നു.

ചിത്രം ഒരു മിസ്റ്ററി ത്രില്ലർ ആണെന്നാണ് ജോഫിൻ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് നേരത്തെ പറഞ്ഞത്. മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒന്നിക്കുന്ന ചിത്രം എന്നത് വലിയ സന്തോഷം തരുന്ന കാര്യമാണ്. ആ ഭാഗ്യം എനിക്ക് ലഭിക്കാനുള്ള കാരണം ആന്റോ ചേട്ടനും ഉണ്ണികൃഷ്‍ണൻ സാറുമാണ്. മമ്മൂക്ക ഈ സിനിമയോട് ഓക്കേ പറഞ്ഞ ശേഷമാണ് മഞ്ജുവിലേക്ക് എത്തുന്നതെന്നും ജോഫിൻ പറഞ്ഞിരുന്നു. മമ്മൂട്ടിയും മഞ്ജു വാര്യരും കഴിഞ്ഞാന്‍ വളരെ പ്രാധാന്യമുളള മറ്റു രണ്ടു കഥാപാത്രങ്ങള്‍ നിഖില വിമലിന്റേതും മോണിക്കയുടേതുമാണ്. ആദ്യ രംഗം മുതല്‍ മൂഴുനീളകഥാപാത്രങ്ങളായി ഇവര്‍ രണ്ടുപേരും ചിത്രത്തിലുണ്ട്.