കൊവിഡ് അനന്തരം തുറന്ന തിയറ്ററുകളിലേക്ക് ആദ്യമെത്തുന്ന മമ്മൂട്ടി ചിത്രമാണ് 'ദി പ്രീസ്റ്റ്' റിലീസ് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഫെബ്രുവരി ആദ്യവാരം ചിത്രം ഉണ്ടാവുമെന്നാണ് വിവരം. ഇപ്പോഴിതാ ചിത്രത്തില്‍ താന്‍ അവതരിപ്പിക്കുന്ന നായക കഥാപാത്രത്തിന്‍റെ ഒരു പുതിയ സ്റ്റില്‍ പങ്കുവച്ചിരിക്കുകയാണ് മമ്മൂട്ടി. ടീഷര്‍ട്ടിനു പുറത്ത് ഒരു ഗ്രേ ഡെനിം ഷര്‍ട്ടും ബ്ലാക്ക് പാന്‍റ്സും തോളിലൂടെ ഇട്ടിരിക്കുന്ന ക്രോസ് ബാഗും കഴുത്തിലെ കുരിശുമാലയും കണ്ണാടിയും വളര്‍ത്തിയ താടിയുമൊക്കെ ചേരുന്നതാണ് മമ്മൂട്ടിയുടെ കഥാപാത്രത്തിന്‍റെ ഗെറ്റപ്പ്.

മമ്മൂട്ടിയ്ക്കൊപ്പം മഞ്ജു വാര്യര്‍ ആദ്യമായി അഭിനയിക്കുന്ന ചിത്രമാണ് 'ദി പ്രീസ്റ്റ്'. സംവിധായകന്‍റെ തന്നെ കഥയ്ക്ക് ശ്യാം മേനോനും ദീപു പ്രദീപും ചേര്‍ന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. രാഹുല്‍ രാജ് സംഗീതം പകരുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം അഖില്‍ ജോര്‍ജ്ജ് ആണ്. ആന്‍റോ ജോസഫ് ഫിലിം കമ്പനിയുടെയും ആര്‍ ഡി ഇല്യൂമിനേഷന്‍സിന്‍റെയും ബാനറില്‍ ആന്‍റോ ജോസഫും ബി ഉണ്ണികൃഷ്ണനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. നിഖില വിമല്‍, ശ്രീനാഥ് ഭാസി, സാനിയ ഇയ്യപ്പന്‍, ജഗദീഷ്, മധുപാല്‍ തുടങ്ങിയവരും അഭിനയിക്കുന്നു. അതേസമയം മമ്മൂട്ടിയുടേതായി മറ്റൊരു ചിത്രം കൂടി തീയേറ്ററുകളിലെത്താനുണ്ട്. സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന 'വണ്‍' ആണ് അത്. ബോബി സഞ്ജയ് തിരക്കഥയൊരുക്കിയിരിക്കുന്ന ഈ ചിത്രത്തില്‍ കേരള മുഖ്യമന്ത്രിയാണ് മമ്മൂട്ടിയുടെ കഥാപാത്രം.