റോഷാക്കിന്‍റെ ഗ്ലോബല്‍ ലോഞ്ചുമായി ബന്ധപ്പെട്ട് ഖത്തറില്‍ നടന്ന പരിപാടിയില്‍ ഒരു മാധ്യമ പ്രവര്‍ത്തകന്‍റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം

നടന്‍ ശ്രീനാഥ് ഭാസി നല്‍കിയ അഭിമുഖം വിവാദമായതിനെത്തുടര്‍ന്ന് സെലിബ്രിറ്റി അഭിമുഖങ്ങളെക്കുറിച്ചും അവര്‍ നേരിടേണ്ടിവരുന്ന ചോദ്യങ്ങളെക്കുറിച്ചുമൊക്കെ സുദീര്‍ഘമായ ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ നടന്നിരുന്നു. ഇപ്പോഴിതാ ഈ ചര്‍ച്ചകളുടെ തുടര്‍ച്ചയെന്ന നിലയിലുള്ള ഒരു ചോദ്യത്തിന് മറുപടി നല്‍കിയിരിക്കുകയാണ് മമ്മൂട്ടി. താന്‍ നായകനാവുന്ന പുതിയ ചിത്രം റോഷാക്കിന്‍റെ ഗ്ലോബല്‍ ലോഞ്ചുമായി ബന്ധപ്പെട്ട് ഖത്തറില്‍ നടന്ന പരിപാടിയില്‍ ഒരു മാധ്യമ പ്രവര്‍ത്തകന്‍റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. 

സെലിബ്രിറ്റി അഭിമുഖങ്ങള്‍ വിവാദമാകുന്ന പശ്ചാത്തലത്തില്‍ അതിലെ ചോദ്യങ്ങള്‍ക്കാണോ ഉത്തരങ്ങള്‍ക്കാണോ പ്രശ്നമെന്നായിരുന്നു ചോദ്യം. ഇതിനുള്ള മമ്മൂട്ടിയുടെ മറുപടി ഇങ്ങനെ- ഈ ചോദ്യത്തിനും കുഴപ്പമില്ല, എന്‍റെ ഉത്തരത്തിനും വലിയ കുഴപ്പം വരാന്‍ വഴിയില്ല. പക്ഷേ നമ്മള്‍ അതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ പോയാല്‍ അതിന് ഒരു ദിവസം പോര. ഓരോരുത്തരും ഓരോ ചോദ്യങ്ങളും ഓരോരുത്തരും അവരവര്‍ക്കുള്ള മറുപടിയുമാണ് പറയുന്നത്. അതിനെ നമുക്ക് നിയന്ത്രിക്കാനോ സെന്‍സര്‍ ചെയ്യാനോ കഴിയില്ല. അതിന് സാമാന്യമായ ഒരു ധാരണയാണ് വേണ്ടത്. ചര്‍ച്ചകള്‍ നടക്കട്ടെ, മമ്മൂട്ടി പറഞ്ഞു.

ALSO READ : 'മോശം കമന്‍റുകളെല്ലാം ശേഖരിച്ചിട്ടുണ്ട്'; പ്രൊഫൈലുകള്‍‍ പൊലീസിന് കൈമാറുമെന്ന് അമൃത സുരേഷ്

പുത്തൻതലമുറയുടെ സിനിമാ സങ്കൽപ്പങ്ങളെ പരിപൂർണ്ണമായി ഉപയോഗപ്പെടുത്തുന്ന പുതിയ സംവിധായകന്റെ ചിത്രമാണ് റോഷാക്ക് എന്ന് മമ്മൂട്ടി വേദിയില്‍ പറഞ്ഞു. ചിത്രത്തിന്റെ ടൈറ്റിൽ അനൗൺസ് ചെയ്തപ്പോൾ തന്നെ പ്രേക്ഷകരിൽ ആകാംക്ഷ വർധിച്ചുവെന്നും അദ്ദേഹം പറഞ്ഞു. പേരിനെപ്പറ്റി പലരും ചർച്ച ചെയ്തുകണ്ടു. അത് ചിത്രത്തിന് ഗുണം ചെയ്തുവെന്നും മമ്മൂട്ടി പറഞ്ഞു. മമ്മൂട്ടിയെ കാണുന്നതിനായി നിരവധി പേരാണ് പരിപാടി സംഘടിപ്പിച്ച സ്ഥലത്തേയ്ക്ക് എത്തിയത്. ഇത്രയും ആളുകൾ സിനിമ കാണുന്നതിനും എത്തുമെന്നാണ് കരുതുന്നതെന്ന് മമ്മൂട്ടി ചിരിച്ചുകൊണ്ട് പറഞ്ഞു. പേര് കൊണ്ട് പ്രേക്ഷകരിൽ ആകാംക്ഷ സൃഷ്ടിക്കാൻ സാധിച്ചു എന്ന പോലെ സിനിമയ്ക്കും കഴിയുമെന്നാണ് പ്രതീക്ഷ. ഏഴാം തീയതി ചിത്രം ലോകമെമ്പാടും റിലീസിനൊരുങ്ങുകയാണെന്നും എല്ലാവരും ചിത്രം കാണണമെന്നും മമ്മൂട്ടി പറഞ്ഞു.

Sreenath Bhasi Interview Issue നെക്കുറിച്ച് ചോദിച്ചപ്പോൾ Mammookka യുടെ ക്ലാസ് മറുപടി | Mammootty |