Asianet News MalayalamAsianet News Malayalam

ഹിന്ദി അടക്കം ആറ് ഭാഷകളില്‍; ഭാഷകളുടെ അതിർവരമ്പുകൾ ഭേദിച്ച മമ്മൂട്ടി

മലയാളത്തില്‍ മാത്രമായിരുന്നില്ല മറുഭാഷ ചിത്രങ്ങളിലും അഭിനയചക്രവര്‍ത്തിയുടെ കിരീടം ചൂടിയിരുന്നു മമ്മൂട്ടി.

Mammootty other language film details
Author
Kochi, First Published Sep 7, 2021, 9:16 AM IST
  • Facebook
  • Twitter
  • Whatsapp

പ്രായം കൂടുംതോറും സൗന്ദര്യം കൂടുന്ന അത്ഭുത പ്രതിഭാസം, മലയാളത്തിന്‍റെ അഭിനയ ചക്രവർത്തി മമ്മൂട്ടിക്ക് ഇങ്ങനെ വിശേഷണങ്ങള്‍ ഏറെയാണ്. ഇന്ന് എഴുപതിന്റെ നിറവിൽ എത്തി നിൽക്കുന്ന പ്രിയതാരം സിനിമാ ക്യാമറക്ക് മുന്നിൽ എത്തിയിട്ട് അമ്പത് വർഷങ്ങളും പിന്നിട്ടു കഴിഞ്ഞു. 1971 ഓഗസ്റ്റ് ആറിന് അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന ചിത്രത്തിലൂടെയായിരുന്നു അഭിനയത്തിലേക്കുള്ള രംഗപ്രവേശം. ഒരു ഡയലോഗ് പോലുമില്ലാതെ. പിന്നീട് കാലചക്രം എന്ന സിനിമയിലാണ് ആദ്യമായി ഡയലോഗ് പറഞ്ഞഭിനയിച്ചത്.

വിൽക്കാനുണ്ട് സ്വപ്‍നങ്ങള്‍ എന്ന ചിത്രത്തിലൂടെ 1980ൽ ആണ്  മമ്മൂട്ടി എന്ന പേര് ആദ്യം ടൈറ്റിൽ കാർഡിൽ തെളിഞ്ഞത്. പിന്നീടങ്ങോട്ട് നിരവധി കഥാപാത്രങ്ങൾ. മലയാളത്തിൽ മാത്രമല്ല ഇതര ഭാഷകളിലും മമ്മൂട്ടി പകര്‍ന്നാടി.  രജനികാന്ത് ഉൾപ്പെടെയുള്ളവർക്കൊപ്പം മമ്മൂട്ടി നിറഞ്ഞാടി. മമ്മൂട്ടി അഭിനയിച്ച മറുഭാഷാ ചിത്രങ്ങളും മറക്കാനാകില്ല പ്രേക്ഷകര്‍ക്ക്.Mammootty other language film details

ദളപതി

തെന്നിന്ത്യന്‍ സിനിമാ പ്രേമികളുടെ എക്കാലത്തെയും പ്രിയപ്പെട്ട സിനിമകളില്‍ ഒന്നാണ് മമ്മൂട്ടി- രജനികാന്ത് കൂട്ടുകെട്ടില്‍ വന്ന ദളപതി. മണിരത്‌നത്തിന്‌റെ സംവിധാനത്തില്‍ ഒരുങ്ങിയ സിനിമയിലെ ഇരുവരുടെയും പ്രകടനം ഇന്നും പ്രേക്ഷക മനസുകളില്‍ നിറഞ്ഞുനില്‍ക്കുന്നു. സൂര്യയായി രജനികാന്തും ദേവയായി മമ്മൂട്ടിയും മത്സരിച്ചഭിനയിച്ച ചിത്രം കൂടിയാണ് ദളപതി. തമിഴ്‌നാട്ടിലെന്ന പോലെ കേരളത്തിലും സിനിമ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടു. ദളപതിക്ക് മുന്‍പ് തന്നെ നിരവധി തമിഴ് സിനിമകളില്‍ മമ്മൂട്ടി അഭിനയിച്ചിട്ടുണ്ട് .

എന്നാല്‍ വലിയൊരു കാന്‍വാസില്‍ മമ്മൂട്ടി ആദ്യമായി ചെയ്‍ത തമിഴ് സിനിമ ദളപതിയാണ്. ഇളയരാജ ഒരുക്കിയ പാട്ടുകളും ദളപതിയിലെ പാട്ടുകളും ഏറെ ശ്രദ്ധിക്കപ്പട്ടിരുന്നു. ദളപതി സമയത്ത് തുടങ്ങിയ സൗഹൃദം ഇന്നും കാത്തുസൂക്ഷിക്കുന്ന താരങ്ങളാണ് മമ്മൂട്ടിയും രജനികാന്തും. രജനീകാന്തിനെ കുറിച്ചുളള മമ്മൂട്ടിയുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകളെല്ലാം ശ്രദ്ധേയമാകാറുണ്ട്.Mammootty other language film details

കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ

മമ്മൂട്ടി എന്ന അഭിനേതാവിന്റെ മികവ് പുറത്തുകാട്ടിയ തമിഴ് ചിത്രങ്ങളിൽ ഒന്നായിരുന്നു രാജീവ് മേനോന്റെ സംവിധാനത്തിൽ ഒരുങ്ങിയ കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ. താരത്തിന്റെ മറുഭാഷാ ചിത്രങ്ങളിൽ പ്രേക്ഷകർക്ക് ഏറെ പ്രിയവും ഈ സിനിമയോട് തന്നെ. മമ്മൂട്ടിയുടെ മികച്ച പ്രണയരംഗങ്ങളില്‍ ഒന്നായി പ്രേക്ഷകർ വിലയിരുത്തുന്നതും ചിത്രത്തിലെ ഐശ്വര്യ റായിയുമൊത്തുള്ള സീനുകളാണ്.

പട്ടാളത്തിൽ നിന്ന് പരിക്കേറ്റ് വിരമിച്ച വ്യക്തിയാണ് മമ്മൂട്ടി അവതരിപ്പിച്ച മേജർ ബാല. അപകർഷതാ ബോധത്തോടെ ജീവിക്കുന്ന അയാൾ മദ്യപാനിയാണ്. പദ്‍മയുടെ (ശ്രീവിദ്യ) കുടുംബവുമായി അടുപ്പം പുലർത്തുന്ന വ്യക്തിയാണദ്ദേഹം. പദ്‍മയുടെ മക്കളാണ് സൗമ്യയും (തബു) മീനാക്ഷിയും ഐശ്വര്യ റായ്). പദ്‍മയുടെ ഇളയമകൾ മീനാക്ഷിയോട് ബാലയ്ക്ക് പ്രണയം തോന്നുന്നു. എന്നാൽ സംഗീതത്തെയും കവിതകളെയും സ്‍നേഹിച്ച് സ്വപ്‍നലോകത്ത് വിരാജിക്കുന്ന അവളുടെ പുരുഷ സങ്കൽപ്പത്തോട് ഒട്ടും യോജിക്കാത്ത വ്യക്തിയായിരുന്നു ബാല. തുടർന്ന് നടക്കുന്ന സംഭവ വികാസങ്ങളുമാണ് ചിത്രത്തിലെ ഇതിവൃത്തം.

ബാലയുടെ സ്‍നേഹത്തെ മീനാക്ഷി തിരിച്ചറിയുന്ന രംഗം ഏറെ വൈകാരികമാണ്. മമ്മൂട്ടി എന്ന മഹാനടനിൽ ഭദ്രമായിരുന്നു ആ വേഷം. മീനാക്ഷിയുടെ വാക്കുകൾക്ക് മുന്നിൽ പതറിപ്പോകുന്ന ബാലയുടെ മുഖത്ത് വിരിയുന്ന സങ്കടവും സന്ദേഹവും ജാള്യതയും സന്തോഷവും അസാമാന്യമായ കയ്യടക്കത്തോടെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്.

മൗനം സമ്മതം

കെ മധു സംവിധാനം ചെയ്‍ത മൗനം സമ്മതം എന്ന ചിത്രവും തമിഴിൽ മമ്മൂട്ടിയുടേതായി പുറത്തിറങ്ങി.  ഇളയരാജയുടെ സംഗീതത്തിൽ, യേശുദാസും ചിത്രയും ചേർന്ന് ആലപിച്ച 'കല്യാണ തേൻ നിലാ', എന്ന ഗാനം 30 വർഷത്തിനിപ്പുറവും സംഗീത പ്രേമികൾക്ക് പ്രിയപ്പെട്ട പാട്ടാണ്. നടി അമലക്കൊപ്പമുള്ള മമ്മൂട്ടിയുടെ റൊമാൻസ് രംഗങ്ങൾ ഗാനത്തിന്റെ മാറ്റ് കൂട്ടുന്നവ ആയിരുന്നു. ചിത്രത്തിലെ അഭിനയത്തിന് നിരവധി പ്രേക്ഷക നിരൂപക പ്രശംസ മമ്മൂട്ടിയെ തേടി എത്തിയിരുന്നു.

Mammootty other language film details

അഴകൻ

മമ്മൂട്ടിയുടെ രണ്ടാമത്തെ തമിഴ് ചിത്രമായിരുന്ന അഴകൻ സംവിധാനം ചെയ്‍തത് തമിഴിലെ ഒന്നാം നിര സംവിധായകരിൽ ഒരാളായ കെ ബാലചന്ദർ ആണ്. മമ്മൂട്ടിയുടെ ആദ്യ തമിഴ് ചിത്രമായിരുന്ന മൗനം സമ്മതത്തിന്റെ സൂപ്പർ വിജയം നൽകിയ ആത്മവിശ്വാസത്തിൽ കൊവൈചെഴിയൻ തന്നെയാണ് ഈ ചിത്രവും നിർമ്മിച്ചത്.  ഈ പ്രണയ ചിത്രത്തിൽ മധുബാല, ഭാനുപ്രിയ, ഗീത എന്നിവരായിരുന്നു നായികമാർ.

സുന്ദരനായ അഴകനായി മമ്മൂക്ക നിറഞ്ഞാടിയ ചിത്രത്തിൽ എം എം കീരവാണി ഒരുക്കിയ ഗാനങ്ങൾ എല്ലാം ഹിറ്റ് ചാർട്ടിൽ ഇടം പിടിച്ചവയായിരുന്നു. പ്രമുഖ കേന്ദ്രങ്ങളിൽ 100 ദിവസം പിന്നിട്ട ചിത്രം മമ്മൂട്ടി എന്ന മെഗാതാരത്തിന് തമിഴ് സിനിമയിൽ സ്വന്തമായി ഒരു ഇരിപ്പിടം നേടിക്കൊടുക്കുകയായിരുന്നു. എന്നാൽ ഈ സിനിമ കേരളത്തിൽ വേണ്ട രീതിയിൽ ശ്രദ്ധിക്കപ്പെടാതെ പോയി.Mammootty other language film details

ഡോ. ബാബാ സാഹേബ് അംബേദ്‍കര്‍

മമ്മൂട്ടിക്ക് മികച്ച നടനുള്ള ദേശീയ അവാര്‍ഡ് നേടിക്കൊടുത്ത ഇംഗ്ലീഷ് ചിത്രമാണ് ബാബാ സാഹേബ് അംബേദ്‍കര്‍. 1901 മുതല്‍ 1956 വരെയുള്ള അംബേദ്കറുടെ ജീവിതസമരമാണ് ചിത്രത്തില്‍ പറയുന്നത്. ചിത്രത്തിലെ സ്ഫുടതയോടെയുള്ള താരത്തിന്റെ ഇംഗ്ലീഷ് ഉച്ചാരണം പ്രേക്ഷകരെ ഒന്നടങ്കം അത്ഭുതപ്പെടുത്തിയിരുന്നു. ജബ്ബാർ പട്ടേലാണ് ചിത്രത്തിന്റെ സംവിധായകൻ.  

മക്കള്‍ ആട്‍ചി

രജനികാന്തിന്റെ മുത്തു എന്ന ചിത്രത്തിനൊപ്പം 1995-ല്‍ മമ്മൂട്ടിയുടെ ഒരു തമിഴ് ചിത്രം റിലീസ് ചെയ്‍തു. ആ ചിത്രം രജനികാന്ത് ചിത്രത്തേക്കാള്‍ മികച്ച വിജയം നേടി തമിഴ് സിനിമാലോകത്തെ ആകെ ഞെട്ടിച്ചു. ആര്‍ കെ ശെല്‍വമണിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ‘മക്കള്‍ ആട്‍ചി’ എന്ന ചിത്രമാണ് ആ അപൂര്‍വ്വ വിജയം കരസ്ഥമാക്കിയത്. സേതുപതി എന്ന രാഷ്ട്രീയക്കാരനായി മമ്മൂട്ടി വേഷമിട്ട ചിത്രം ‘എന്റെ നാട്’ എന്ന ടൈറ്റിലില്‍ മലയാളത്തിലും എത്തിയിരുന്നു.

മലയാളത്തില്‍ 1994ല്‍ റിലീസ് ചെയ്‍ത, ആ വര്‍ഷത്തെ ഏറ്റവും വലിയ വിജയമായ മോഹന്‍ലാല്‍- പ്രിയദര്‍ശന്‍ ചിത്രമായ തേന്മാവിന്‍ കൊമ്പത്തിന്റെ തമിഴ് റീമേക് ആയിരുന്നു രജനീകാന്തിന്റെ മുത്തു. എങ്കിലും മമ്മൂട്ടിയുടെ മക്കള്‍ ആട്‍ചിക്ക് മുന്നില്‍ രണ്ടാം സ്ഥാനം കൊണ്ട് തൃപ്‍തിപ്പെടേണ്ടി വന്നു ആ സൂപ്പര്‍ സ്റ്റാര്‍ ചിത്രത്തിന്.

ആനന്ദം

മമ്മൂട്ടിയുടേതായി 2001ല്‍ പുറത്തിറങ്ങിയ തമിഴ് കുടുംബ ചിത്രമാണ് ആനന്ദം. പ്രമുഖ സംവിധായകന്‍ ലിംഗുസാമിയുടെ ആദ്യ സംവിധാന സംരംഭം കൂടിയാണ് സിനിമ. മമ്മൂട്ടിക്കൊപ്പം ശ്രീവിദ്യ, മുരളി, അബ്ബാസ്, ദേവയാനി, രംഭ, സ്‌നേഹ ഉള്‍പ്പെടെയുളള താരങ്ങളാണ് പ്രധാന വേഷങ്ങളില്‍ എത്തിയത്. കൂട്ടുകുടുംബത്തിലെ രസകരമായ നിമിഷങ്ങളും വേദനകളും മനോഹരമായി പ്രേക്ഷകർക്ക് സമ്മാനിക്കാൻ ചിത്രത്തിന് സാധിച്ചു.

കുടുംബത്തിലെ മൂത്ത സഹോദരനായാണ് ചിത്രത്തിൽ മമ്മൂട്ടി വേഷമിട്ടത്.  ഈ കഥാപാത്രത്തെ തനിമയൊട്ടും ചോരാതെ പ്രേക്ഷകർക്ക് മുന്നിൽ മമ്മൂട്ടി എത്തിച്ചു. മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിലെ അഭിനയത്തിന് മമ്മൂട്ടിക്ക് ലഭിച്ചത്.

മമ്മൂട്ടിയുടെ ഹിന്ദി ചിത്രങ്ങൾ

പാർവതി മേനോന്റെ സംവിധാനത്തിൽ 1990ല്‍ പുറത്തിറങ്ങിയ ത്രിയാത്രി ആണ് മമ്മൂട്ടിയുടെ ആദ്യ ഹിന്ദി ചിത്രം. തുടര്‍ന്ന്‌ ഇഖ്ബാൽ ദുരാണിയുടെ ധര്‍ഥീപുത്ര, സൗ ഝൂഠ് ഏക് സച്, ഹല്ല ബോല്‍ എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. പൊലീസ് വേഷത്തിലായിരുന്നു ധര്‍ഥീപുത്ര മമ്മൂട്ടി എത്തിയത്. സ്വാമി വിവേകാനന്ദ എന്ന സംസ്‍കൃതം ചിത്രത്തിലും മമ്മൂട്ടി അഭിനയിച്ചിരുന്നു. പിന്നീട് ഈ ചിത്രം ഹിന്ദിയിലേക്ക് മൊഴി മാറ്റുകയും ചെയ്‍തു.

Mammootty other language film details

പേരൻപ്

സമീപകാലത്ത് ഇറങ്ങിയ മമ്മൂട്ടി ചിത്രങ്ങളിൽ ഏറെ ചർച്ചകൾക്കും നിരൂപക പ്രശംസകൾക്കും വിധേയമായ ചിത്രമായിരുന്നു പേരൻപ്. മമ്മൂട്ടി എന്ന നടന്റെ അഭിനയം മറ്റൊരു തലത്തിലേക്ക് എത്തിച്ച ചിത്രത്തിന്റെ സംവിധാനം റാം ആണ്. സ്‍പാസ്റ്റിക് പരാലിസിസ് എന്ന സവിശേഷ ശാരീരിക, മാനസിക അവസ്ഥയിലൂടെ സഞ്ചരിക്കുന്ന ഒരു പെണ്‍കുട്ടിയുടെ അച്ഛനാണ് അമുദന്‍ എന്ന മമ്മൂട്ടി കഥാപാത്രം. പത്ത് വര്‍ഷത്തിലേറെയായി അയാള്‍ ഗള്‍ഫില്‍ ജോലി നോക്കുന്നു. അങ്ങനെ ഒരു സാഹചര്യത്തില്‍, മകളെയും തന്നെയും ഉപേക്ഷിച്ച് ഭാര്യ മറ്റൊരു പുരുഷനൊപ്പം പോകുന്നത് അയാളുടെ ജീവിതത്തില്‍ കനത്ത തിരിച്ചടിയാകുന്നു. മകളുടെ സംരക്ഷണം പൂര്‍ണമായി അയാളില്‍ മാത്രം ഒരുങ്ങുന്ന സാഹചര്യമാണ് പിന്നീട് വന്നു ചേരുന്നത്. പാപ്പ എന്ന് എല്ലാവരും വിളിക്കുന്ന, ശാരീരികമായും മാനസികമായും വെല്ലുവിളി നേരിടുന്ന മകള്‍ കൗമാരത്തിലേക്ക് കാലെടുത്തു വയ്ക്കുന്ന സാഹചര്യത്തില്‍ ഒരേ ഒരു രക്ഷകര്‍ത്താവ് എന്ന നിലയില്‍ അമുദന്‍ നേരിടുന്ന മാനസിക സംഘര്‍ഷമാണ് പേരന്‍പിന്റെ ഇതിവൃത്തം.

മമ്മൂട്ടിയിലെ അഭിനേതാവിനെ വെല്ലുവിളിക്കാന്‍ കെല്‍പ്പുള്ള സിനിമകളോ കഥാപാത്രങ്ങളോ സമീപകാലത്തൊന്നും തന്നെ ഉണ്ടായിട്ടില്ല. എന്നാല്‍ പേരന്‍പിലൂടെ ആ മികച്ച നടനിലെ അനന്ത സാധ്യതകള്‍ പരമാവധി ഉപയോഗിക്കാന്‍ സംവിധായകന് കഴിഞ്ഞു. തനിയാവര്‍ത്തനം, അമരം എന്നീ ചിത്രങ്ങളില്‍ കണ്ട മമ്മൂട്ടിയെ ഒരിക്കല്‍ കൂടി കാണാനുള്ള അവസരമാണ് പേരന്‍പിലൂടെ റാം ഒരുക്കി വച്ചിരിക്കുന്നത്. പെണ്‍കുട്ടിയുടെ ദൈനംദിന കാര്യങ്ങള്‍ നോക്കുന്ന ഒരു  പിതാവിന്റെ പരിമിതികള്‍ സൃഷ്ടിച്ച ദൈന്യത അതിഗംഭീരമായാണ് മമ്മൂട്ടി അവതരിപ്പിച്ചിരിക്കുന്നത്.

മറ്റ് മറുഭാഷാ ചിത്രങ്ങള്‍ 

യാത്ര, സൂര്യപുത്രലു, റെയിൽവേ കൂലി, സ്വാതി കിരണം എന്നീ തെലുങ്ക് ചിത്രങ്ങളിലും മമ്മൂട്ടി പ്രധാന റോളിലെത്തി പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയിരുന്നു. ശിക്കാരി എന്ന കന്നട ചിത്രത്തിലും താരം തന്റെ സാന്നിധ്യം അറിയിച്ചു. കിളിപ്പേച്ച് കേൾക്കവ, അരസിയൽ, മറുമലർച്ചി, ജൂനിയർ സീനിയർ, വന്ദേമാതരം, വിശ്വതുളസി, കാർമേഘം തുടങ്ങിയ തമിഴ് ചിത്രങ്ങളിലും മമ്മൂട്ടി തകർത്തഭിനയിച്ചു.

Follow Us:
Download App:
  • android
  • ios