Asianet News MalayalamAsianet News Malayalam

'പ്രൊമോഷന്‍ പോരെന്ന് ചിലര്‍ ആവലാതിപ്പെട്ടു, ഹൈപ്പില്ലെന്ന് മറ്റു ചിലര്‍ നിലവിളിച്ചു, പക്ഷേ മമ്മൂക്ക..'

മമ്മൂട്ടിയെ നായകനാക്കി റോബി വർ​ഗീസ് രാജ് സംവിധാനം ചെയ്ത ചിത്രം.

mammootty pro robert kuriakose kannur squad movie roby varghese raj nrn
Author
First Published Sep 30, 2023, 7:44 AM IST

ലിയ ഹൈപ്പൊന്നും ഇല്ലാതെ വന്ന് ഹിറ്റടിച്ച് പോകുന്ന സിനിമകളാണ് അടുത്ത കാലത്തായി മലയാളത്തിൽ ഉണ്ടാകുന്നത്. ഇങ്ങനെ റിലീസ് ചെയ്യുന്ന ചിത്രങ്ങൾ കേരളത്തിൽ മാത്രമല്ല, ഇതര നാടുകളിലും ​ഗംഭീര പ്രതികരണങ്ങൾ നേടുന്നു എന്നത് മലയാള സിനിമയ്ക്ക് ലഭിക്കുന്ന അം​ഗീകാരമാണ്. ഇക്കൂട്ടത്തിലെ ഏറ്റവും ഒടുവിലത്തെ ഉദാഹരണം ആയിരിക്കുകയാണ് 'കണ്ണൂർ സ്ക്വാഡ്'. മമ്മൂട്ടിയെ നായകനാക്കി റോബി വർ​ഗീസ് രാജ് സംവിധാനം ചെയ്ത ചിത്രം മികച്ച മൗത്ത് പബ്ലിസിറ്റി നേടി പ്രദർശനം തുടരുകയാണ്. ഈ അവസരത്തിൽ മമ്മൂട്ടിയുടെ പിആർഒ റോബർട്ട് കുര്യാക്കോസ് 'കണ്ണൂർ സ്ക്വാഡി'നെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. 

സിനിമയിലെ ഏത് മാറ്റവും മലയാളത്തില്‍ ആദ്യം തിരിച്ചറിയുന്നതും നടപ്പാക്കുന്നതും മമ്മൂട്ടി ആണെന്നും അതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് 'കണ്ണൂര്‍ സ്‌ക്വാഡ് ' എന്ന് റോബർട്ട് കുറിക്കുന്നു.  പ്രേക്ഷകന്റെ നാവാണ് ഇന്ന് ഏറ്റവും വലിയ പ്രമോഷന്‍ ഉപകരണം. സിനിമ കണ്ടിറങ്ങുന്നവരുടെ നാവില്‍ നിന്ന് നാവിലേക്കും ഫോണിൽ നിന്ന് ഫോണിലേക്കും ഒരു സിനിമയുടെ അഭിപ്രായം പടരാന്‍ റിലീസ് ദിവസം ഉച്ചവരെയുള്ള സമയം മാത്രം മതി. അത്തരമൊരു അഭിപ്രായം സൃഷ്ടിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നെ എന്തു പബ്ലിസിറ്റിയിലും കാര്യമില്ലെന്നും റോബർട്ട് പറയുന്നു. 

'ജവാന്റെ' വരുമാനം കള്ളക്കണക്കെന്ന് കമന്റ്; 'മിണ്ടാതിരുന്ന് എണ്ണി നോക്ക്' എന്ന് ഷാരൂഖ്, കയ്യടി

റോബർട്ട് കുര്യാക്കോസിന്റെ വാക്കുകൾ

സിനിമയിലെ ഏത് മാറ്റവും മലയാളത്തില്‍ ആദ്യം തിരിച്ചറിയുന്നതും നടപ്പാക്കുന്നതും നമ്മുടെ മമ്മുക്കയാണെന്ന് മനസ്സിലാക്കിത്തരുന്ന ഏറ്റവും പുതിയ ഉദാഹരണമാണ് 'കണ്ണൂര്‍ സ്‌ക്വാഡ് '. ലക്ഷങ്ങള്‍ ചെലവിട്ടുള്ള കൂറ്റന്‍ കട്ട് ഔട്ടുകളും തിയേറ്ററുകള്‍ ഇളക്കി മറിക്കുന്ന ആരാധകരുടെ ഉത്സവമായ 'FDFS'ഉം എന്നും സിനിമയുടെ ആകര്‍ഷകഘടകങ്ങള്‍ തന്നെ ആയിരുന്നു. എന്നാല്‍ കാലം മാറി, കാര്യങ്ങള്‍ മാറി.. കമ്മ്യൂണിക്കേഷന്‍ വേറെ ലെവലായി. പ്രേക്ഷകന്റെ ചിന്താ ശേഷിയും വാസനയും മാറി. അത് ആദ്യം തിരിച്ചറിഞ്ഞതും പതിവ്‌പോലെ തന്നെ മമ്മൂക്ക തന്നെ. വാരിക്കോരി പരസ്യം ചെയ്തതുകൊണ്ടോ ഹോര്‍ഡിങ്ങുകള്‍ വെച്ചതുകൊണ്ടോ ഇപ്പോള്‍ സിനിമകള്‍ തീയറ്ററില്‍ വിജയിക്കില്ല. അത്തരം കാടിളക്കിയുള്ള പ്രചാരണതന്ത്രങ്ങളല്ല വിജയങ്ങള്‍ സൃഷ്ടിക്കുന്നതെന്ന് സമീപകാലത്തുള്ള ചില ചിത്രങ്ങളുടെ വലിയ വിജയങ്ങള്‍ കാണിച്ചുതരുന്നുണ്ട്. ബോക്‌സ് ഓഫീസ് വലിയ ഹിറ്റുകളായി മാറിയ ഭീഷ്മ, റോഷാക്ക്, RDX തുടങ്ങിയ ചിത്രങ്ങള്‍ക്കൊന്നും ഇത്തരം സോ കോള്‍ഡ് പ്രമോഷന്റെ അകമ്പടിയുണ്ടായിരുന്നില്ല. ഇത് തിരിച്ചറിഞ്ഞതുകൊണ്ടാണ് മമ്മൂട്ടികമ്പനി 'സിനിമവരുന്നേ' എന്ന് വിളിച്ചുപറഞ്ഞുകൊണ്ട് നടക്കാതിരുന്നത്. പ്രേക്ഷകന്റെ നാവാണ് ഇന്ന് ഏറ്റവും വലിയ പ്രമോഷന്‍ ഉപകരണം. സിനിമ കണ്ടിറങ്ങുന്നവരുടെ നാവില്‍ നിന്ന് നാവിലേക്കും ഫോണിൽ നിന്ന് ഫോണിലേക്കും ഒരു സിനിമയുടെ അഭിപ്രായം പടരാന്‍ റിലീസ് ദിവസം ഉച്ചവരെയുള്ള സമയം മാത്രം മതി. അത്തരമൊരു അഭിപ്രായം സൃഷ്ടിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നെ എന്തു പബ്ലിസിറ്റിയിലും കാര്യമില്ല. കണ്ടന്റിന്റെ ശക്തിയില്‍ വിശ്വസിക്കുന്നവര്‍ പ്രേക്ഷകനെയും വിശ്വസിക്കും. അതാണ് മമ്മൂട്ടി കമ്പനിയും ചെയ്തത്. കണ്ണൂര്‍ സ്‌ക്വാഡിന്റെ രണ്ടേ രണ്ട് സ്റ്റില്‍ ആണ് റിലീസിന് മുന്‍പ് പുറത്ത് വന്നിരുന്നത്. സിനിമയിലെ മറ്റു ഘടകങ്ങളൊന്നും ഒരു മനുഷ്യനും ഊഹിക്കാന്‍ പോലും കഴിഞ്ഞിരുന്നില്ല. ആ ഒളിപ്പിച്ചുവയ്ക്കലിന്റെ ഫലമാണ് ഇപ്പോള്‍ തീയറ്ററില്‍ നിന്ന് വിട്ടിറങ്ങുന്നവരുടെ നാവിലൂടെയും സ്മാർട്ട്‌ ഫോണിലൂടെയും നാടെങ്ങും നിറയുന്നത്. പ്രൊമോഷന്‍ പോരാ എന്ന് ചിലര്‍ ആവലാതിപ്പെട്ടു. ഹൈപ്പില്ലന്ന് മറ്റു ചിലര്‍ നിലവിളിച്ചു. പക്ഷേ മമ്മൂക്കയും മമ്മൂട്ടി കമ്പനിയുമായിരുന്നു ശരി എന്നതിന് ആ മഹാവിജയത്തേക്കാള്‍ വലിയ തെളിവ് വേണോ? രണ്ടാഴ്ച മുൻപ് പ്രൊമോഷൻ പോരാപറഞ്ഞുകൊണ്ടുള്ള ചില കോണുകളിൽ നിന്നുള്ള  പ്രചാരണം അതിരുവിടുന്നു എന്നത് ശ്രദ്ധയിൽ പെടുത്തിയപ്പോൾ അദ്ദേഹം പൊട്ടിച്ചിരിച്ചതിന്റെ അർത്ഥം ഇപ്പോൾ തിയേറ്ററിലെ ബുക്കിങ് സ്റ്റാറ്റസ് കണ്ടപ്പോഴാണ് എനിക്ക് പൂർണ്ണമായും മനസ്സിലായത്. ഞാൻ മുൻപ് പറഞ്ഞത് പോലെ അദ്ദേഹത്തിന്റെ 450 ' FDFS' എങ്കിലും സിനിമലോകം കണ്ടിട്ടുണ്ട്.. ആ മനുഷ്യനെ സിനിമ റിലീസ് ചെയ്യാൻ പഠിപ്പിക്കുന്നവർക്കും നമോവാകം.

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ..

Follow Us:
Download App:
  • android
  • ios