മികച്ച പ്രതികരണങ്ങൾ നേടി കടക്കല്‍ ചന്ദ്രന്‍ തിയറ്റര്‍ ഭരണം തുടരുകയാണ്.
കേരള മുഖ്യമന്ത്രി കടക്കല്‍ ചന്ദ്രന്‍ എന്ന കഥാപാത്രമായി മമ്മൂട്ടി എത്തിയ വണ്‍ എന്ന ചിത്രം വെള്ളിയാഴ്ചയാണ് തിയറ്ററുകളിലെത്തിയത്. മികച്ച പ്രതികരണങ്ങൾ നേടി കടക്കല്‍ ചന്ദ്രന്‍ തിയറ്റര്‍ ഭരണം തുടരുകയാണ്. സിനിമയുടെ റിലീസിന് ശേഷം റൈറ്റ് ടു റീകാൾ എന്ന ഹാഷ്ടാഗ് സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ മമ്മൂട്ടിയുടെ ഒരു മാസ് ഡയലോഗിന്റെ വീഡിയോ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുകയാണ്. മമ്മൂട്ടിയും വീഡിയോ പങ്കുവെച്ചിട്ടുണ്ട്.
‘നമ്മള്‍ താമസിക്കുന്ന വീട്, സഞ്ചരിക്കുന്ന വാഹനം, ഇട്ടിരിക്കുന്ന വസ്ത്രങ്ങള്‍. ഇതെല്ലാം തരുന്നത് അവരാണ്. അവരാണ് യഥാര്‍ത്ഥത്തില്‍ നമ്മളെ ഭരിക്കേണ്ടത്. നമ്മളെ കാണുമ്പോള്‍ അവരല്ല, അവരെ കാണുമ്പോള്‍ നമ്മളാണ് സര്‍ എണീറ്റ് നില്‍ക്കേണ്ടത്.’ എന്നാണ് വീഡിയോയില്‍ മമ്മൂട്ടിയുടെ കഥാപാത്രം പറയുന്നത്.
പൊളിറ്റിക്കല്‍ എന്റര്‍ടെയിനര്‍ സ്വഭാവമുള്ള വണ്‍ സന്തോഷ് വിശ്വനാഥാണ് സംവിധാനം ചെയ്തിരിക്കുന്നത്. ബോബി-സഞ്ജയ് കൂട്ടുകെട്ടാണ് തിരക്കഥ. ഇച്ചായിസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ശ്രീലക്ഷ്മിയാണ് നിര്‍മ്മാണം. മമ്മൂട്ടിക്കൊപ്പം ജോജു ജോര്‍ജ്, നിമിഷാ സജയന്‍, സംവിധായകന്‍ രഞ്ജിത്ത്, സലിം കുമാര്‍,ബാലചന്ദ്രമേനോന്‍,ശങ്കര്‍ രാമകൃഷ്ണന്‍, മാമുക്കോയ, ശ്യാമപ്രസാദ്, രമ്യ, അലന്‍സിയര്‍ ലെ ലോപ്പസ്, സുരേഷ് കൃഷ്ണ, മാത്യു തോമസ്, ജയകൃഷ്ണന്‍, മേഘനാഥന്‍, സുദേവ് നായര്‍, മുകുന്ദന്‍, സുധീര്‍ കരമന, ബാലാജി, ജയന്‍ ചേര്‍ത്തല, ഗായത്രി അരുണ്‍, രശ്മി ബോബന്‍, വി കെ ബൈജു, നന്ദു,വെട്ടുകിളി പ്രകാശ്, ഡോക്ടര്‍ റോണി , സാബ് ജോണ്‍ ,ഡോക്ടര്‍ പ്രമീള ദേവി, അര്‍ച്ചന മനോജ്, കൃഷ്ണ തുടങ്ങിയ വലിയ താരനിര തന്നെ ഈ സിനിമയിലുണ്ട്. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് ഈണം നല്‍കുന്നത് ഗോപി സുന്ദറാണ്.
