Asianet News MalayalamAsianet News Malayalam

'എഡ്വേര്‍ഡ് ലിവിങ്സ്റ്റണ്‍' ഇനി റഷ്യന്‍ സംസാരിക്കും! മമ്മൂട്ടിയുടെ 'മാസ്റ്റര്‍പീസി'ന് റഷ്യന്‍ പരിഭാഷാ പതിപ്പ്

ചിത്രം ഹിന്ദി, തെലുങ്ക്, തമിഴ് ഭാഷകളിലേക്ക് നേരത്തെ മൊഴിമാറ്റിയിരുന്നു. ചാണക്യന്‍ എന്ന പേരിലാണ് തമിഴില്‍ 2018ല്‍ ചിത്രം തീയേറ്ററുകളിലെത്തിയത്.

mammootty starrer masterpiece to be dubbed in russian language
Author
Thiruvananthapuram, First Published May 25, 2020, 11:55 PM IST

മമ്മൂട്ടിയെ നായകനാക്കി അജയ് വാസുദേവ് സംവിധാനം ചെയ്ത 2017 ചിത്രം മാസ്റ്റര്‍പീസ് റഷ്യന്‍ ഭാഷയിലേക്ക്! ചിത്രത്തിന്‍റെ റഷ്യന്‍ പരിഭാഷാ പതിപ്പാണ് വരുന്നത്. മലയാളത്തിൽ നിന്നും റഷ്യൻ ഭാഷയിലേക്ക് മൊഴിമാറ്റുന്ന ആദ്യ ചിത്രമാണിതെന്ന് അണിയറക്കാര്‍ അവകാശപ്പെടുന്നു. ചിത്രം ഹിന്ദി, തെലുങ്ക്, തമിഴ് ഭാഷകളിലേക്ക് നേരത്തെ മൊഴിമാറ്റിയിരുന്നു. ചാണക്യന്‍ എന്ന പേരിലാണ് തമിഴില്‍ 2018ല്‍ ചിത്രം തീയേറ്ററുകളിലെത്തിയത്.

നോർവെ ആസ്ഥാനമായ ഫോർ സീസൺ ക്രിയേഷൻസാണ് ചിത്രം റഷ്യൻ ഭാഷയിലേക്ക് മൊഴിമാറ്റുന്നതെന്നും ഫോർസീസണുമായി കഴിഞ്ഞ ദിവസം ധാരണാപത്രത്തിൽ ഒപ്പുവച്ചതായും നിര്‍മ്മാതാക്കളായ റോയല്‍ സിനിമാസ് അറിയിച്ചു. റോയൽ സിനിമാസിന്‍റെ ബാനറിൽ സി എച്ച് മുഹമ്മദ് നിർമ്മിച്ച ചിത്രത്തിന് തിരക്കഥ ഒരുക്കിയത് ഉദയ് കൃഷ്ണ ആയിരുന്നു. എഡ്വേര്‍ഡ് ലിവിങ്സ്റ്റണ്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്.

മമ്മൂട്ടിക്ക് പുറമെ ഉണ്ണി മുകുന്ദൻ, വരലക്ഷ്‍മ് ശരത്‍കുമാര്‍, പാഷാണം ഷാജി, ക്യാപ്റ്റൻ രാജു, കലാഭവൻ ഷാജോൺ, സന്തോഷ് പണ്ഡിറ്റ്, മഖ്ബൂൽ സല്‍മാന്‍, ഗോകുൽ സുരേഷ്, പൂനം ബജ്‍വ, ലെന എന്നിവരും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. അതേസമയം മാസ്റ്റർപീസ് അറബിയിലേക്ക് മൊഴിമാറ്റുന്നതുമായി ബന്ധപ്പെട്ട് ചർച്ച പുരോഗമിക്കുന്നതായും നിര്‍മ്മാതാവ് സി.എച്ച് മുഹമ്മദ് അറിയിച്ചു.

Follow Us:
Download App:
  • android
  • ios