മമ്മൂട്ടി ഒരു പ്രധാന കഥാപാത്രമായി എത്തുന്ന തെലുങ്ക് ചിത്രമാണ് 'ഏജന്റ്'.

മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയുടെ ജന്മദിനമാണ് ഇന്ന്. താരങ്ങളും ആരാധകരുമെല്ലാം മമ്മൂട്ടിക്ക് ജന്മദിന ആശംസകളുമായി രംഗത്ത് എത്തുകയാണ്. പ്രത്യേക വീഡിയോ പുറത്തുവിട്ട് മോഹൻലാല്‍ ആശംസകള്‍ നേര്‍ന്നു. തെലുങ്കില്‍ നിന്ന് പ്രത്യേക പോസ്റ്റര്‍ പുറത്തിറക്കിയാണ് മമ്മൂട്ടിക്ക് ജന്മദിന ആശംസകള്‍ നേരുന്നത്.

ഏജന്റ് എന്ന പുതിയ തെലുങ്ക് ചിത്രത്തിന്റെ പ്രത്യേക പോസ്റ്ററാണ് മമ്മൂട്ടിയുടെ ജന്മദിനത്തില്‍ പുറത്തിറക്കിയത്. നാഗാര്‍ജുനയുടെ മകനും യുവതാരവുമായ അഖിൽ അക്കിനേനി ആണ് ചിത്രത്തിൽ നായകനായി എത്തുന്നത്. പാൻ ഇന്ത്യൻ റിലീസ് ആയിട്ടായിരിക്കും ചിത്രം എത്തുക.സുരേന്ദർ റെഡ്ഢിയാണ് സിനിമ സംവിധാനം ചെയ്യുന്നത്.

Scroll to load tweet…

ചിത്രത്തിൽ പട്ടാള ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നതെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ചിത്രമാണ് 'ഏജന്റ്'. ഛായാഗ്രഹണം രാകുൽ ഹെരിയൻ. ഹോളിവുഡ് ത്രില്ലർ ബോൺ സീരിസിൽ നിന്നും പ്രചോദനമുൾക്കൊണ്ട് ഒരുക്കുന്ന ചിത്രമാണ് 'ഏജന്റ്'. രണ്ടായിരത്തി പത്തൊമ്പതില്‍ പുറത്തിറങ്ങിയ 'യാത്ര'യാണ് മമ്മൂട്ടി അവസാനം അഭിനയിച്ച തെലുങ്ക് ചിത്രം. വൈ എസ് രാജശേഖര റെഡ്ഡിയുടെ രാഷ്‍ട്രീയജീവിതം ആവിഷ്‍കരിച്ച ചിത്രത്തില്‍ വൈഎസ്ആറായി എത്തിയത് മമ്മൂട്ടി ആയിരുന്നു. 2004 നിയമസഭാ തെരഞ്ഞെടുപ്പില്‍, ചിത്രത്തിലില്ലാതിരുന്ന കോണ്‍ഗ്രസ് പാര്‍ട്ടിയെ അധികാരത്തിലെത്താന്‍ സഹായിച്ച, വൈഎസ്ആര്‍ നടത്തിയ 1475 കി.മീ. നീണ്ട പദയാത്രയെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു ചിത്രം. രചനയും സംവിധാനവും മഹി വി രാഘവ് ആയിരുന്നു.

മമ്മൂട്ടിയുടേതായി ഇനി വൈകാതെ റിലീസ് ചെയ്യാനുള്ളത് 'റോഷാക്ക്' ആണ്. പേരിലെ കൗതുകംകൊണ്ട് ശ്രദ്ധ നേടിയ ചിത്രം സംവിധാനം ചെയ്യുന്നത് 'കെട്ട്യോളാണ് എന്റെ മാലാഖ' ഫെയിം നിസാം ബഷീർ ആണ്. കഴിഞ്ഞ ദിവസങ്ങളിൽ ചിത്രത്തിന്റേതായി പുറത്തുവന്ന നിഗൂഢതകള്‍ നിറഞ്ഞ പോസ്റ്ററുകളും മേക്കിം​ഗ് വീഡിയോയും ഓണ്‍ലൈനില്‍ തരംഗമായിരുന്നു.മമ്മൂട്ടിയുടെ നിർമ്മാണ സംരംഭമായ മമ്മൂട്ടി കമ്പനി ആണ് ചിത്രം നിർമ്മിക്കുന്നത്. തിരക്കഥ ഒരുക്കുന്നത് 'അഡ്വഞ്ചഴ്സ് ഓഫ് ഓമനക്കുട്ടൻ', 'ഇബിലീസ്' തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ സമീർ അബ്‍ദുൾ ആണ്. ചിത്രത്തിൽ നടൻ ആസിഫലി അതിഥി വേഷത്തിൽ എത്തുന്നുണ്ട്. ചിത്രത്തിൽ മമ്മൂട്ടിയെ കൂടാതെ ഷറഫുദ്ധീൻ, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കർ, സഞ്ജു ശിവറാം, കോട്ടയം നസീർ, ബാബു അന്നൂർ , മണി ഷൊർണ്ണൂർ തുടങ്ങിയവർ അഭിനയിക്കുന്നു. നിമീഷ് രവിയാണ് ഛായാഗ്രഹണം. സംഗീതം മിഥുൻ മുകുന്ദൻ, കലാ സംവിധാനം ഷാജി നടുവിൽ, പ്രൊഡക്ഷൻ കൺട്രോളർ പ്രശാന്ത് നാരായണൻ, ചമയം റോണക്സ് സേവ്യർ എസ്സ് ജോർജ് ,വസ്ത്രാലങ്കാരം സമീറ സനീഷ്, പ്രോജക്ട് ഡിസൈനർ ബാദുഷ എന്നിവരാണ് അണിയറപ്രവർത്തകർ. പിആർഒ പ്രതീഷ് ശേഖർ. ബി ഉണ്ണികൃഷ്‍ണന്‍ സംവിധാനം ചെയ്യുന്ന 'ക്രിസ്റ്റഫർ' ആണ് മമ്മൂട്ടിയുടേതായി അണിയറയിൽ ഒരുങ്ങുന്ന മറ്റൊരു ചിത്രം. ഉദയകൃഷ്‍ണയാണ് ചിത്രത്തിന്റെ രചന. സ്നേഹ, അമലപോൾ, ഐശ്വര്യ ലക്ഷ്‍മി എന്നിവരാണ് ചിത്രത്തിലെ നായികമാർ. പൊലീസ് ഓഫീസറുടെ റോളിലാണ് മമ്മൂട്ടി ചിത്രത്തിൽ എത്തുക.

Read More : ഓണം റിലീസുകള്‍ക്കിടയിലും കേരളത്തില്‍ മോശമല്ലാത്ത ഇടം കണ്ടെത്തി 'ബ്രഹ്‍മാസ്‍ത്ര'