'കിടന്നാല്‍ അഴുക്ക് പറ്റും, മേക്കപ്പ് പോകും എന്ന പ്രശ്നമില്ല: നൻപകൽ വൈറൽ ഫോട്ടോയെ കുറിച്ച് മമ്മൂട്ടി
ജനുവരി 19നാണ് നൻപകൽ നേരത്ത് മയക്കം തിയറ്ററുകളിൽ എത്തിയത്.

ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിൽ മമ്മൂട്ടി നായികനായി എത്തിയ ചിത്രം. അതുതന്നെയാണ് നൻപകൽ നേരത്ത് മയക്കം ശ്രദ്ധനേടാൻ കാരണം. സമീപകാലത്ത് വ്യത്യസ്തമായ കഥാപാത്രങ്ങളും കഥകളും തെരഞ്ഞെടുത്ത് ഞെട്ടിക്കുന്ന മമ്മൂട്ടി, ജെയിംസ്, സുന്ദരം എന്നിവരായി നിറഞ്ഞാടിയപ്പോൾ അത് പ്രേക്ഷകർക്ക് പുത്തനൊരു അനുഭവമായി മാറി. സിനിമയുടെ ചിത്രീകരണത്തിനിടെ വെറും തറയില്‍ മമ്മൂട്ടി കിടന്നുറങ്ങുന്നൊരു ഫോട്ടോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. മമ്മൂട്ടിയുടെ പേഴ്സണല്‍ അസിസ്റ്റന്‍റ് ആയ ജോര്‍ജായിരുന്നു ഫോട്ടോ പുറത്തുവിട്ടതും. നിരവധി പേരാണ് ഈ ഫോട്ടോ ഷെയർ ചെയ്യുകയും ലൈക്കടിക്കുകയും ചെയ്തത്. ഇപ്പോഴിതാ ആ ഫോട്ടോയ്ക്ക് പിന്നിൽ എന്താണ് സംഭവിച്ചതെന്ന് പറയുകയാണ് മമ്മൂട്ടി.
ക്രിസ്റ്റഫർ എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നടന്ന പ്രസ് മീറ്റിൽ ആയിരുന്നു മമ്മൂട്ടിയുടെ പ്രതികരണം. ‘‘ആ ഫോട്ടോ എപ്പോള്‍ എടുത്തതാണെന്ന് ഓര്‍മയില്ല. ഞാന്‍ അവിടെ കിടക്കുന്ന സീന്‍ സിനിമയിൽ ഉണ്ടെന്ന് തോന്നുന്നു. അവിടെ കിടക്കാന്‍ വലിയ സൗകര്യമൊന്നും ഉണ്ടായിരുന്നില്ല. കിടന്നാല്‍ അഴുക്ക് പറ്റും, പാന്റ് ചുളിയും, മേക്കപ്പ് പോകും എന്നുള്ള പ്രശ്‌നങ്ങളൊന്നുമില്ല. ആ മുണ്ടും ഷര്‍ട്ടും തന്നെയാണ് സിനിമയില്‍ മുഴുനീളെ ഉള്ളത്. അത് രണ്ട് മൂന്ന് ജോഡിയുണ്ടെന്ന് തോന്നുന്നു. അപ്പോഴത് പിന്നേം പിന്നേം കഴുകിയിടുന്നു. അതുകൊണ്ട് പ്രത്യേകിച്ച് അഴുക്കൊന്നും പറ്റാനില്ല. അതിനകത്ത് ഉള്ള അഴുക്കിനേക്കാള്‍ കൂടുതല്‍ കിടക്കുന്ന സ്ഥലത്തും ഇല്ല. അങ്ങനെ കിടന്നതാണ് ഞാന്‍. സിനിമയില്‍ അമ്പലത്തിന് മുന്നില്‍ സാഷ്ടാംഗം പ്രണമിക്കുന്ന ഒരു സീനുണ്ട്. അത് കഴിഞ്ഞിട്ടുള്ള ഷോട്ടിന് മുമ്പ് അവിടെ കിടന്ന് ഒന്ന് കണ്ണടച്ചെന്നെ ഒള്ളൂ. അതാണ് സത്യം. അതിന്റെ പുറകില്‍ വേറെ കഥയൊന്നും ഇല്ല’’, എന്നായിരുന്നു മമ്മൂട്ടി പറഞ്ഞത്.
ഓരോ ദിവസവും തിളക്കമേറുന്ന 'തങ്കം'; വിജയത്തുടർച്ചയിൽ ബിജു മേനോനും വിനീതും
ജനുവരി 19നാണ് നൻപകൽ നേരത്ത് മയക്കം തിയറ്ററുകളിൽ എത്തിയത്. മമ്മൂട്ടി കമ്പനിയുടെ പേരില്‍ മമ്മൂട്ടി ആദ്യമായി നിര്‍മ്മിച്ച ചിത്രം ദുൽഖർ സൽമാന്റെ വേഫെറെർ ഫിലിംസ് ആണ് തിയറ്ററിൽ എത്തിച്ചത്. ഈ വർഷത്തെ ഐഎഫ്എഫ്കെ പ്രദർശനത്തിന് പിന്നാലെ ആയിരുന്നു റിലീസ്. രമ്യ പാണ്ഡ്യന്‍, അശോകൻ, കൈനകരി തങ്കരാജ്, സുരേഷ് ബാബു, ചേതൻ ജയലാൽ, അശ്വന്ത് അശോക് കുമാർ, രാജേഷ് ശർമ്മ, അന്തരിച്ച തമിഴ് താരം പൂ രാമു തുടങ്ങിയവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.