ആരാധകരില്‍ വലിയ കാത്തിരിപ്പുള്ള മമ്മൂട്ടി ചിത്രം 'മാമാങ്കം' മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് പ്രദര്‍ശനത്തിന് എത്തുക. പോസ്റ്റ് പ്രൊഡക്ഷന്‍ അവസാന ഘട്ടത്തിലേക്ക് പുരോഗമിക്കുന്ന ചിത്രത്തിന്റെ തമിഴ് ഡബ്ബിംഗ് എറണാകുളത്ത് പുരോഗമിക്കുകയാണ്. താന്‍ അവതരിപ്പിക്കുന്ന നായക കഥാപാത്രത്തിന് തമിഴിലും തെലുങ്കിലും ശബ്ദം നല്‍കുന്നത് മമ്മൂട്ടി തന്നെയാണ്. വിസ്മയ സ്റ്റുഡിയോയില്‍ ഇപ്പോള്‍ പുരോഗമിക്കുന്ന തമിഴ് ഡബ്ബിംഗില്‍ മമ്മൂട്ടിയെ സഹായിക്കാന്‍ സംവിധായകന്‍ റാമും അദ്ദേഹത്തിനൊപ്പമുണ്ട്. റാമിന്റെ സംവിധാനത്തില്‍ മമ്മൂട്ടി എത്തിയ 'പേരന്‍പ്' വലിയ പ്രേക്ഷകശ്രദ്ധ ലഭിച്ച ചിത്രമായിരുന്നു.

മാമാങ്കം കാലഘട്ടം പശ്ചാത്തലമാക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് കണ്ണൂര്‍, ഒറ്റപ്പാലം, എറണാകുളം, വാഗമണ്‍ എന്നിവിടങ്ങളിലായിരുന്നു. വലിയ ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. എറണാകുളം നെട്ടൂരില്‍ തയ്യാറാക്കിയ 18 ഏക്കറോളം വിസ്തൃതിയുള്ള സെറ്റിലായിരുന്നു ഫൈനല്‍ ഷെഡ്യൂളിന്റെ ചിത്രീകരണം. കാവ്യ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നപ്പിള്ളിയാണ് നിര്‍മ്മാണം.

'കേരളവര്‍മ്മ പഴശ്ശിരാജ'യ്ക്ക് ശേഷം മമ്മൂട്ടി നായകനാവുന്ന പീരീഡ് ഫിലിം എന്ന നിലയിലും ശ്രദ്ധേയമാണ് ചിത്രം. എന്നാല്‍ ഒരു ബാഹുബലിയോ പഴശ്ശിരാജയോ അല്ല മാമാങ്കത്തിലൂടെ പ്രതീക്ഷിക്കേണ്ടതെന്ന് സംവിധായകന്‍ എം പത്മകുമാര്‍ നേരത്തേ അഭിമുഖങ്ങളില്‍ പറഞ്ഞിരുന്നു.