യുഎഇയുടെ ദീര്‍ഘകാല താമസ വിസയായ ഗോള്‍ഡന്‍ വിസയ്ക്ക് മമ്മൂട്ടിയും മോഹന്‍ലാലും അര്‍ഹരായിരുന്നു

കൊവിഡ് വ്യാപനത്തിനു ശേഷമുള്ള ആദ്യ വിദേശയാത്രയുമായി മമ്മൂട്ടി. ദുബൈയിലേക്കാണ് മമ്മൂട്ടിയുടെ യാത്ര. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ എന്‍ എം ബാദുഷയാണ് മമ്മൂട്ടിയുടെ വിമാനയാത്രയുടെ ചിത്രം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്.

യുഎഇയുടെ ദീര്‍ഘകാല താമസ വിസയായ ഗോള്‍ഡന്‍ വിസയ്ക്ക് മമ്മൂട്ടിയും മോഹന്‍ലാലും അര്‍ഹരായിരുന്നു. വിവിധ മേഖലകളില്‍ സംഭാവന നല്‍കിയ വ്യക്തികള്‍ക്കാണ് യുഎഇ ഗോള്‍ഡന്‍ വിസ നല്‍കുന്നത്. മലയാള സിനിമയില്‍ നിന്നുള്ള വ്യക്തികള്‍ക്ക് ഗോള്‍ഡന്‍ വിസ ലഭിക്കുന്നത് ഇതാദ്യമായാണ്. ഗോള്‍ഡന്‍ വിസ സ്വീകരിക്കാനും ഒപ്പം ഒരു വിവാഹച്ചടങ്ങില്‍ സംബന്ധിക്കാനുമായാണ് മമ്മൂട്ടിയുടെ ദുബൈ യാത്ര.

മമ്മൂട്ടി സിനിമയില്‍ അര നൂറ്റാണ്ട് പൂര്‍ത്തിയാക്കിയത് ഈയിടെ ആയിരുന്നു. അദ്ദേഹം ആദ്യമായി സ്ക്രീനില്‍ പ്രത്യക്ഷപ്പെട്ട 'അനുഭവങ്ങള്‍ പാളിച്ചകള്‍' റിലീസ് ചെയ്യപ്പെട്ടത് 1971 ഓഗസ്റ്റ് ആറിനാണ്. സോഷ്യല്‍ മീഡിയയിലൂടെ നിരവധി ആരാധകരും സിനിമാപ്രവര്‍ത്തകരുമാണ് തങ്ങളുടെ പ്രിയതാരത്തിന് ആശംസകള്‍ നേര്‍ന്നതും തങ്ങളുടെ മമ്മൂട്ടി അനുഭവങ്ങള്‍ പങ്കുവച്ചതും. അതേസമയം സിനിമയില്‍ അന്‍പതാണ്ട് പിന്നിടുന്ന വേളയിലും പുതിയ സിനിമകളുടെ ചര്‍ച്ചകളിലും ആലോചനകളിലുമാണ് മമ്മൂട്ടി. 'ബിഗ് ബി'ക്കു ശേഷം അമല്‍ നീരദിനൊപ്പം ഒന്നിക്കുന്ന 'ഭീഷ്‍മ പര്‍വ്വം', നവാഗതയായ റതീന ഷര്‍ഷാദ് ഒരുക്കുന്ന 'പുഴു', സിബിഐ സിരീസിലെ അഞ്ചാം ചിത്രം എന്നിവയാണ് അദ്ദേഹത്തിന് പൂര്‍ത്തിയാക്കാനുള്ള പ്രോജക്റ്റുകള്‍. അഖില്‍ അക്കിനേനി നായകനാവുന്ന തെലുങ്ക് ചിത്രം 'ഏജന്‍റി'ല്‍ മമ്മൂട്ടി പ്രതിനായക കഥാപാത്രത്തെ അവതരിപ്പിക്കുമെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona