രക്തസമ്മര്‍ദ്ദത്തില്‍ ഏറ്റക്കുറച്ചില്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന രജനീകാന്തിന് സൗഖ്യം ആശംസിച്ച് മമ്മൂട്ടി. തങ്ങള്‍ ഒരുമിച്ച് അഭിനയിച്ച 'ദളപതി'യിലെ കഥാപാത്രങ്ങളുടെ പേര് കടംകൊണ്ടായിരുന്നു മമ്മൂട്ടിയുടെ ആശംസ. 'ഗെറ്റ് വെല്‍ സൂണ്‍ സൂര്യ, അന്‍പുടന്‍ ദേവ', രജനിയുടെ ചിത്രത്തിനൊപ്പം മമ്മൂട്ടി തന്‍റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ കുറിച്ചു. 1991ല്‍ പുറത്തെത്തിയ മണി രത്നം ചിത്രമായ 'ദളപതി'യില്‍ രജനീകാന്ത് 'സൂര്യ'യും മമ്മൂട്ടി ദേവരാജ് എന്ന 'ദേവ'യുമായിരുന്നു. 

സോഷ്യല്‍ മീഡിയയില്‍ വലിയ പ്രതികരണമാണ് ഈ പോസ്റ്റിന് ലഭിച്ചത്. ഫേസ്ബുക്കില്‍ 78,000ല്‍ ഏറെ ലൈക്കുകളും 1700ല്‍ ഏറെ ഷെയറുകളും ലഭിച്ചപ്പോള്‍ തമിഴ് സിനിമാപ്രേമികള്‍ ഏറെയുള്ള ട്വിറ്ററിലും മികച്ച പ്രതികരണമാണ് പോസ്റ്റിന്. ട്വിറ്ററില്‍ രജനി ആരാധകര്‍ മമ്മൂട്ടിക്ക് നന്ദി പറഞ്ഞുകൊണ്ട് ട്വീറ്റ് ഏറ്റെടുത്തിട്ടുണ്ട്. 67,000ല്‍ അധികം ലൈക്കുകളും 12,000ല്‍ അധികം ഷെയറുകളുമാണ് ട്വിറ്ററില്‍ ലഭിച്ചത്.

രക്തസമ്മര്‍ദ്ദത്തില്‍ കാര്യമായ ഏറ്റക്കുറച്ചില്‍ കണ്ടതോടെ ക്രിസ്‍മസ് ദിനത്തിലാണ് രജനീകാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പുതിയ ചിത്രം 'അണ്ണാത്തെ'യുടെ ഹൈദരാബാദ് ചിത്രീകരണം പുരോഗമിക്കുന്നതിനിടെ സംഘത്തിലെ എട്ട് പേര്‍ക്ക് കൊവിഡ് പോസിറ്റീവ് ആയിരുന്നു. തുടര്‍ന്ന് 23ന് ചിത്രീകരണം പൂര്‍ണ്ണമായും നിര്‍ത്തിവച്ചിരുന്നു. കൊവിഡ് പരിശോധനയില്‍ നെഗറ്റീവ് ആണെന്ന് കണ്ടെത്തിയിരുന്നെങ്കിലും രജനീകാന്ത് ക്വാറന്‍റൈനില്‍ പ്രവേശിച്ചിരുന്നു. അതേസമയം രജനീകാന്തിന്‍റെ ആരോഗ്യനില മെച്ചപ്പെട്ടതായി സഹോദരന്‍ ഇന്ന് രാവിലെ അറിയിച്ചിട്ടുണ്ട്. ഇന്ന് വൈകിട്ടോടെ രജനി ആശുപത്രി വിട്ടേക്കുമെന്നാണ് അറിയുന്നത്. ഹൈദരാബാദ് അപ്പോളോ ആശുപത്രിയിലാണ് രജനീകാന്ത്.