'നൻപകല്‍ നേരത്ത് മയക്കം' എന്ന ചിത്രം മമ്മൂട്ടിയുടേതായി പ്രദര്‍ശനം തുടരുകയാണ്.

'നൻപകല്‍ നേരത്ത് മയക്കം' എന്ന ചിത്രത്തിന്റെ വിജയത്തിളക്കത്തിലാണ് മമ്മൂട്ടി. ലിജോ ജോസ് പെല്ലിശ്ശേരിയും മമ്മൂട്ടിയും ഒന്നിച്ചപ്പോള്‍ ഗംഭീരമായ ഒരു ചിത്രമാണ് പ്രേക്ഷകര്‍ക്ക് ലഭിച്ചത്. ഇക്കഴിഞ്ഞ കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ വലിയ രീതിയില്‍ സ്വീകരിക്കപ്പെട്ട ചിത്രത്തിന് തിയറ്ററുകളിലും വരവേല്‍പ് ലഭിക്കുന്നതില്‍ മമ്മൂട്ടി നന്ദി അറിയിച്ച് രംഗത്ത് എത്തിയിരുന്നു. ഇപ്പോള്‍ മമ്മൂട്ടിയുടെ ഒരു അപൂര്‍വ ഫോട്ടോയാണ് ആരാധകരുടെ ശ്രദ്ധയാകര്‍ഷിക്കുന്നത്.

വൈക്കം മുഹമ്മദ് ബഷീറിന്റെ ജന്മ വാര്‍ഷികമാണ് ഇന്ന്. വൈക്കം മുഹമ്മദ് ബഷീറിനൊപ്പമുള്ള തന്റെ ഫോട്ടോ മമ്മൂട്ടി തന്നെയാണ് സാമൂഹ്യ മാധ്യമത്തില്‍ പങ്കുവെച്ചിരിക്കുന്നത്. ഓര്‍മ പൂക്കള്‍ എന്നാണ് മമ്മൂട്ടി ഫോട്ടോയ്‍ക്ക് ക്യാപ്ഷൻ എഴുതിയിരിക്കുന്നത്. വൈക്കം മുഹമ്മദ് ബഷീറിന്റെ 'മതിലുകള്‍', 'ബാല്യകാലസഖി' എന്നീ വിഖ്യാത നോവലുകള്‍ സിനിമയായപ്പോള്‍ മമ്മൂട്ടിയായിരുന്നു നായകനായത്.

മമ്മൂട്ടി കമ്പനിയുടെ ബാനറിലുള്ള ആദ്യത്തെ ചിത്രമായ 'നൻപകല്‍ നേരത്ത് മയക്കം' കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിലാണ് ആദ്യമായി പ്രദര്‍ശിപ്പിച്ചത്. മമ്മൂട്ടിക്ക് പുറമേ അശോകൻ, രമ്യാ പാണ്ഡ്യൻ, കൈനകരി തങ്കരാജ്, ടി സുരേഷ് ബാബു, ചേതൻ ജയലാല്‍, അശ്വത് അശോക്‍കുമാര്‍, സഞ്‍ജന ദിപു തുടങ്ങിയവരും വേഷമിട്ട ചിത്രം ആഘോഷപൂര്‍വമായിരുന്നു സ്വീകരിക്കപ്പെട്ടിരുന്നത്. തേനി ഈശ്വര്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചത്. എസ് ഹരീഷിന്റേതാണ് ചിത്രത്തിന്റെ തിരക്കഥ.

ലിജോ ജോസിന്റെ സംവിധാനത്തിലുള്ള പുതിയ ചിത്രം മോഹൻലാല്‍ നായകനായി ചിത്രീകരണം ആരംഭിച്ചിട്ടുണ്ട്. ജോൺ ആൻഡ് മേരി ക്രിയേറ്റീവ്, മാക്സ് ലാബ്സ്, സെഞ്ച്വറി ഫിലിംസ് ചിത്രം നിര്‍മിക്കുന്നത്. 'ചെമ്പോത്ത് സൈമണ്‍' എന്ന കഥാപാത്രത്തെയാണ് മോഹൻലാല്‍ അവതരിപ്പിക്കുക എന്നാണ് സാമൂഹ്യമാധ്യമങ്ങളിലെ പ്രചരണം. 'മലൈക്കോട്ടൈ വാലിബൻ' എന്നാണ് മോഹൻലാല്‍ ചിത്രത്തിന് പേരിട്ടിരിക്കുന്നത്.

Read More: ടൊവിനൊ തോമസ് കുറച്ചത് 15 കിലോ, ആളെ മനസിലാകുന്നേയില്ലെന്ന് ആരാധകര്‍