മമ്മൂട്ടി നായകനാകുന്ന പുതിയ സിനിമയാണ് മാമാങ്കം. വലിയ ക്യാൻവാസിലാണ് ചിത്രം ഒരുക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് പോസ്റ്ററുകളും ടീസറും തരംഗമായിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗായി ഓണ്‍ലൈൻ ഗെയിമും പുറത്തിറക്കിയിരിക്കുന്നു.

മമ്മൂട്ടിയായിരുന്നു ഗെയിം പുറത്തിറക്കിയത്. സംവിധായകന്‍ എം പദ്‍മകുമാര്‍, ബി ഉണ്ണികൃഷ്‍ണന്‍, റാം, വേണു കുന്നപ്പള്ളി എന്നിവര്‍ പങ്കെടുത്തു.  ചാവേര്‍ പോരാളിയായിട്ടാണ്  മമ്മൂട്ടി അഭിനയിക്കുന്നത്. 2019ല്‍ തന്നെ ചിത്രം എത്തുമെന്നാണ് ടീസറില്‍ പറയുന്നത്.

മലയാളത്തിനു പുറമേ മറ്റ് ഭാഷകളിലും ചിത്രം എത്തുമെന്നാണ് റിപ്പോര്‍ട്ട്. മലയാള ചിത്രമായ മാമാങ്കത്തിന്റെ ഡബ്ബിംഗ് പതിപ്പുകളാണ് മറ്റ് ഭാഷകളില്‍ പ്രദര്‍ശനത്തിന് എത്തിക്കുക. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായിരിക്കും ചിത്രം പ്രദര്‍ശനത്തിന് എത്തിക്കുക.  അതേസമയം മാമാങ്കം മലയാളത്തിലെ ബാഹുബലി അല്ലെന്ന് സംവിധായകൻ പദ്‍മകുമാര്‍ പറയുന്നു.

മലയാളസിനിമയുടെ പരിമിതിയില്‍നിന്നുകൊണ്ട് ചരിത്രത്തോട് നീതിപുലര്‍ത്തി ഒരുക്കുന്ന വാര്‍ ഫിലിമായിരിക്കും മാമാങ്കം. പ്രേക്ഷകരെ ത്രസിപ്പിക്കുന്ന യുദ്ധവും പ്രണയവും സംഗീതവും എല്ലാമുള്ളൊരു സിനിമ. ബാഹുബലി പോലൊരു ചിത്രമല്ല മാമാങ്കം. ചിത്രത്തെ ഇമോഷണല്‍ ത്രില്ലര്‍ എന്ന ഗണത്തില്‍ പരിഗണിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്- പദ്‍മകുമാര്‍ പറഞ്ഞു.

ചരിത്രം വിഷയമാക്കിയ പഴശ്ശിരാജയിലും ഒരു വടക്കന്‍ വീരഗാഥയിലും വിധിയോട് കീഴടങ്ങുന്ന കഥാപാത്രങ്ങളായാണ് മമ്മൂട്ടി എത്തിയത്. എന്നാല്‍ മാമാങ്കത്തില്‍ അങ്ങനെയല്ലെന്നും പദ്‍മകുമാർ പറയുന്നു.

വേണു കുന്നപ്പള്ളിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഉണ്ണി മുകുന്ദൻ ഒരു പ്രധാനപ്പെട്ട കഥാപാത്രമായി എത്തുന്നു.

പതിനേഴാം നൂറ്റാണ്ടിലെ മാമാങ്കകാലത്തെ കഥയാണ് ചിത്രം പറയുന്നത്.