Asianet News MalayalamAsianet News Malayalam

മമ്മൂട്ടിയുടെ മാമാങ്കം തമിഴിലും തെലുങ്കിലും ഹിന്ദിയിലും!

മാമാങ്കത്തിന്റെ ഡബ്ബിംഗ് പതിപ്പുകളാണ് മറ്റ് ഭാഷകളില്‍ പ്രദര്‍ശനത്തിന് എത്തിക്കുക.

Mammoottys Mamangam film will have simultaneous releases in other languages
Author
Kochi, First Published Sep 16, 2019, 5:49 PM IST

മമ്മൂട്ടി നായകനായി എത്തുന്ന മാമാങ്കത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഏറെക്കാലത്തിനു ശേഷം മമ്മൂട്ടി നായകനാകുന്ന ചരിത്ര സിനിമയെന്ന പ്രത്യേകതയും സിനിമയ്‍ക്കുണ്ട്. ചിത്രം വലിയ ഹിറ്റാകുമെന്നാണ് ആരാധകര്‍ കരുതുന്നത്. ചിത്രം റിലീസ് ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. പക്ഷേ മലയാളത്തിനു പുറമേ മറ്റ് ഭാഷകളിലും ചിത്രം എത്തുമെന്നാണ് റിപ്പോര്‍ട്ട്.

മലയാള ചിത്രമായ മാമാങ്കത്തിന്റെ ഡബ്ബിംഗ് പതിപ്പുകളാണ് മറ്റ് ഭാഷകളില്‍ പ്രദര്‍ശനത്തിന് എത്തിക്കുക. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായിരിക്കും ചിത്രം പ്രദര്‍ശനത്തിന് എത്തിക്കുക.  അതേസമയം മാമാങ്കം മലയാളത്തിലെ ബാഹുബലി അല്ലെന്ന് സംവിധായകൻ പദ്‍മകുമാര്‍ പറയുന്നു.

മലയാളസിനിമയുടെ പരിമിതിയില്‍നിന്നുകൊണ്ട് ചരിത്രത്തോട് നീതിപുലര്‍ത്തി ഒരുക്കുന്ന വാര്‍ ഫിലിമായിരിക്കും മാമാങ്കം. പ്രേക്ഷകരെ ത്രസിപ്പിക്കുന്ന യുദ്ധവും പ്രണയവും സംഗീതവും എല്ലാമുള്ളൊരു സിനിമ. ബാഹുബലി പോലൊരു ചിത്രമല്ല മാമാങ്കം. ചിത്രത്തെ ഇമോഷണല്‍ ത്രില്ലര്‍ എന്ന ഗണത്തില്‍ പരിഗണിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്- പദ്‍മകുമാര്‍ പറയുന്നു.

ചരിത്രം വിഷയമാക്കിയ പഴശ്ശിരാജയിലും ഒരു വടക്കന്‍ വീരഗാഥയിലും വിധിയോട് കീഴടങ്ങുന്ന കഥാപാത്രങ്ങളായാണ് മമ്മൂട്ടി എത്തിയത്. എന്നാല്‍ മാമാങ്കത്തില്‍ അങ്ങനെയല്ലെന്നും പദ്‍മകുമാർ പറയുന്നു.

വേണു കുന്നപ്പള്ളിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഉണ്ണി മുകുന്ദൻ ഒരു പ്രധാനപ്പെട്ട കഥാപാത്രമായി എത്തുന്നു.

പതിനേഴാം നൂറ്റാണ്ടിലെ മാമാങ്കകാലത്തെ കഥയാണ് ചിത്രം പറയുന്നത്.

Follow Us:
Download App:
  • android
  • ios