ബെന്‍സിന്‍റെ ഷാസിയിലാണ് നിര്‍മ്മാണം
സൂപ്പര്‍താരം മമ്മൂട്ടിക്ക് പുതിയ കാരവാന്‍ തയ്യാറായി. ബെന്‍സിന്‍റെ ഷാസിയില്‍ കാരവാന്‍ നിര്‍മ്മിച്ചിരിക്കുന്നത് കോതമംഗലം ഓജസ് ഓട്ടൊമൊബീല്‍സ് ആണ്. മമ്മൂട്ടിയുടെ മറ്റ് വാഹനങ്ങള്‍ക്ക് ഉള്ളതുപോലെ 369 എന്ന സംഖ്യ ഉള്‍പ്പെടുന്നതാണ് പുതിയ കാരവാന്‍റെ നമ്പരും. കെഎല്‍ 07 ഡിജി 0369 എന്നതാണ് വണ്ടി നമ്പര്‍. വാഹനത്തിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
സ്വീകരണ മുറിയും കിടപ്പുമുറിയുമൊക്കെ പുറത്തേക്ക് സ്ലൈഡ് ചെയ്യാവുന്ന തരത്തിലാണ് വാഹനം നിര്‍മ്മിച്ചിരിക്കുന്നത്. പാര്‍ക്ക് ചെയ്തതിന് ശേഷം സ്ലൈഡ് ഔട്ട് ചെയ്താല്‍ ഉള്ളിലെ വലിപ്പം വര്‍ധിക്കും എന്നതാണ് ഈ ഡിസൈനിംഗ് രീതിയുടെ മേന്മ. ഒന്‍പത് മീറ്റര്‍ നീളമുള്ള വാഹനത്തിന് കലഹാരി ഗോള്‍ഡ് നിറമാണ് നല്‍കിയിരിക്കുന്നത്. വോള്‍വോയുടെ റിയര്‍വ്യൂ മിററുകളാണ് നല്‍കിയിരിക്കുന്നത്. ഇതിന് മാത്രം 1.38 ലക്ഷം രൂപ വില വരും.
ജിതിന്‍ കെ ജോസ് സംവിധാനം ചെയ്യുന്ന കളങ്കാവല്‍, മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന പേരിടാത്ത ചിത്രം എന്നിവയാണ് മമ്മൂട്ടിയുടേതായി വരാനിരിക്കുന്ന ചിത്രങ്ങള്‍. കളങ്കാവലില്‍ വിനായകനാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മഹേഷ് നാരായണന്‍ ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം മോഹന്‍ലാല്‍, ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍ തുടങ്ങിയ വലിയ താരനിരയും അണിനിരക്കുന്നുണ്ട്.