നടൻ മമ്മൂട്ടിയുടെ വാക്കുകള്‍ ശ്രദ്ധയാകര്‍ഷിക്കുന്നു.
കരിയറിന്റെ തുടക്കത്തില്‍ ചാൻസ് ചോദിച്ച കാര്യം പലവട്ടം മമ്മൂട്ടി തുറന്നുപറഞ്ഞിട്ടിണ്ട്. ഇക്കാര്യം വീണ്ടും തുറന്നുപറഞ്ഞിരിക്കുകയാണ് മമ്മൂട്ടി. സംവിധായകൻ ടി വി ചന്ദ്രന്റെ ചലച്ചിത്ര ജീവിതത്തിന്റെ 50 വര്‍ഷങ്ങള്‍ ആഘോഷിക്കുന്ന ഓര്‍മ്മകളുണ്ടായിരിക്കണം എന്ന പരിപാടിയിലാണ് സംഭവം. ഫെഡറേഷൻ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യ കേരള ഘടകവും എറണാകുളത്തെ ഫിലിം സൊസൈറ്റികളും ചേര്‍ന്ന് സംഘടിപ്പിച്ച ചടങ്ങ് മമ്മൂട്ടിയായിരുന്നു ഉദ്ഘാടനം ചെയ്‍തത്.
മമ്മൂട്ടിയുടെ വാക്കുകള്‍
എങ്ങനെയെങ്കിലും സിനിമയിൽ കയറിപ്പറ്റുകയെന്ന ആഗ്രഹത്തിൽ സിനിമ കാണുന്ന കാലത്ത് ടി.വി. ചന്ദ്രന്റെ സിനിമയിൽ അഭിനയിക്കാൻ അവസരത്തിനായി ശ്രമിച്ചിട്ടുണ്ട്’. അന്നൊക്കെ വീട്ടിലുള്ള ആളുകളോട് ഒഴികെ ബാക്കിയെല്ലാവരോടും ഞാൻ ചാൻസ് ചോദിച്ചിട്ടുണ്ട്. സിനിമയിൽ വന്നതിനുശേഷം പാരലലെന്നും ന്യൂ വേവ് എന്നും അത്യാധുനിക സിനിമയെന്നുമൊക്കെ പേരിട്ട് വിളിക്കുന്ന സിനിമകളുടെ ഭാഗമാകാൻ ആഗ്രഹിച്ചു. അത്തരം സിനിമകളിൽ അഭിനയിക്കാൻ കിട്ടിയ അവസരമൊന്നും വേണ്ടെന്ന് വെച്ചിട്ടില്ല. ആഗ്രഹിച്ചതുപോലെ പിന്നീട് ടി.വി. ചന്ദ്രൻ ഉൾപ്പെടെയുള്ളവർക്കൊപ്പം പ്രവർത്തിക്കാനായെന്നത് ഭാഗ്യമാണ്.
മമ്മൂട്ടി നായകനായി ഒടുവില്‍ എത്തിയ ചിത്രം കളങ്കാവലാണ്. മലയാളത്തില്‍ കഴിഞ്ഞ വര്‍ഷത്തെ ശ്രദ്ധേയ സിനിമകളില്‍ ഒന്നായിരുന്നു മമ്മൂട്ടിയും വിനായകനും ഒന്നിച്ചെത്തിയ കളങ്കാവല്‍. ഡിസംബര്‍ 5 ന് തിയറ്ററുകളിലെത്തിയ ചിത്രത്തില്‍ വിനായകന്‍ നായകനും മമ്മൂട്ടി പ്രതിനായകനുമായിരുന്നു. നവാഗത സംവിധായകനായ ജിതിന്‍ കെ ജോസ് ആണ് ചിത്രം ഒരുക്കിയത്. മികച്ച മൗത്ത് പബ്ലിസിറ്റിയും ബോക്സ് ഓഫീസ് വിജയവും നേടിയ ചിത്രമാണിത്. പ്രമുഖ പ്ലാറ്റ്‍ഫോം ആയ സോണി ലിവിലൂടെയാണ് ചിത്രം സ്‍ട്രീമിംഗും നടത്തുന്നുണ്ട്.
മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി തന്നെയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. മറുഭാഷാ പ്രേക്ഷകരിലേക്ക് കൂടുതല്‍ റീച്ചിന് ഒടിടി റിലീസ് ചിത്രത്തെ സഹായിക്കും. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും സോണി ലിവിലൂടെ ചിത്രം കാണാനാവും. 'കുറുപ്പി'ന്റെ കഥ ഒരുക്കിയ ജിതിന്‍ കെ ജോസിന്‍റെ സംവിധായകനായുള്ള അരങ്ങേറ്റമാണ് കളങ്കാവല്‍. ജിതിന്‍ കെ ജോസും ജിഷ്‍ണു ശ്രീകുമാറും ചേര്‍ന്നാണ് ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. വേഫെറർ ഫിലിംസ് ആണ് കേരളത്തിൽ വിതരണത്തിനെത്തിച്ചത്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന ഏഴാമത്തെ ചിത്രമാണ് ഇത്.
മമ്മൂട്ടിയുടെ പ്രകടനത്തിനൊപ്പം മുജീബ് മജീദിന്‍റെ സംഗീതമാണ് ചിത്രത്തിന്‍റെ മറ്റൊരു ഹൈലൈറ്റ്. ഫൈസല്‍ അലിയാണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകന്‍. മമ്മൂട്ടി ഒരു സീരിയല്‍ കില്ലറായി എത്തിയിരിക്കുന്ന ചിത്രത്തില്‍ വിനായകന്‍ ഒരു സ്പെഷല്‍ ബ്രാഞ്ച് പൊലീസുകാരനാണ്. ഇരുവരും തമ്മിലുള്ള, പ്രകടനത്തിലെ കൊടുക്കല്‍വാങ്ങലുകളായിരുന്നു ചിത്രത്തിന്‍റെ ഹൈലൈറ്റ്. പ്രേക്ഷകര്‍ ഇത് ഇരുകൈയും നീട്ടി സ്വീകരിക്കുകയും ചെയ്‍തു. ഇമേജ് നോക്കാതെ കഥാപാത്രങ്ങളെ തെരഞ്ഞെടുക്കുന്ന മമ്മൂട്ടിയുടെ സമീപനത്തിന് പ്രേക്ഷകര്‍ നല്‍കിയ കൈയടി കൂടിയായിരുന്നു ചിത്രത്തിന്‍റെ ബോക്സ് ഓഫീസ് വിജയം. പ്രമുഖ ട്രാക്കര്‍മാരായ സാക്നില്‍കിന്‍റെ കണക്ക് പ്രകാരം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം നേടിയത് 81.9 കോടി ആയിരുന്നു. 43.65 കോടി ഇന്ത്യയില്‍ നിന്ന് ചിത്രം നേടി.
