ആറാട്ടിന്‍റെ റിലീസ് തീയതി നേരത്തേ പ്രഖ്യാപിച്ചിരുന്നു

കൊവിഡ് രണ്ടാം തരംഗത്തിനു ശേഷം തുറക്കുമ്പോള്‍ തിയറ്ററിലേക്ക് പ്രേക്ഷകര്‍ എത്തുമോ എന്ന കാര്യത്തില്‍ ചലച്ചിത്ര വ്യവസായത്തിന് ആശങ്കയുണ്ടായിരുന്നു. എന്നാല്‍ ദുല്‍ഖര്‍ സല്‍മാന്‍റെ കുറുപ്പ്, മോഹന്‍ലാലിന്‍റെ (Mohanlal) മരക്കാര്‍ തുടങ്ങിയ വലിയ റിലീസുകള്‍ തിയറ്ററുകളിലേക്ക് പ്രേക്ഷകരെ തിരിച്ചെത്തിക്കുന്നതില്‍ വിജയിച്ചു. കുഞ്ചാക്കോ ബോബന്‍റെ ഭീമന്‍റെ വഴി, യുവതാരനിരയുടെ ജാനെമന്‍ തുടങ്ങിയ താരതമ്യേന ചെറിയ ചിത്രങ്ങളും പ്രേക്ഷകപ്രീതി നേടി തുടരുകയാണ്. മലയാളം ബോക്സ് ഓഫീസ് ഇനി കാത്തിരിക്കുന്ന ഒരു വന്‍ റിലീസ് മോഹന്‍ലാലിന്‍റെ 'ആറാട്ട്' (Aaraattu) ആണ്. എന്നാല്‍ ആറാട്ട് എത്തുമ്പോള്‍ ഒപ്പം ഒരു മമ്മൂട്ടി (Mammootty) ചിത്രം കൂടി എത്തിയാലോ? അത്തരത്തില്‍ പ്രതീക്ഷ നല്‍കുന്നതാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

കൊവിഡ് രണ്ടാംതരംഗത്തിന്‍റെ പശ്ചാത്തലത്തില്‍ റിലീസ് നീട്ടേണ്ടിവന്ന ചിത്രമാണ് ബി ഉണ്ണികൃഷ്‍ണന്‍റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനാവുന്ന ആറാട്ട്. ഒക്ടോബര്‍ അവസാനമാണ് ചിത്രത്തിന്‍റെ നിലവിലെ റിലീസ് തീയതി പ്രഖ്യാപിച്ചത്. 2022 ഫെബ്രുവരി 10നാണ് ചിത്രം എത്തുന്നത്. 'ബിഗ് ബി'ക്കു ശേഷം അമല്‍ നീരദും (Amal Neerad) മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രമാണ് ഭീഷ്‍മ പര്‍വ്വം (Bheeshma Parvam). ചിത്രത്തിന്‍റെ റിലീസ് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും അതേക്കുറിച്ചുള്ള ചില പ്രവചനങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ അടുത്ത ദിവസങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഫെബ്രുവരി ആദ്യവാരം തന്നെ ഭീഷ്‍മപര്‍വ്വവും എത്തും എന്നതാണ് അത്. റിലീസ് മാര്‍ച്ചിലാണെന്നാണ് നേരത്തെ പ്രചരിച്ചിരുന്നതെങ്കില്‍ ഫെബ്രുവരി ആദ്യവാരം എന്നാണ് ഇപ്പോള്‍ കേള്‍ക്കുന്നത്. അത് സത്യമാവുന്നപക്ഷം ഏറെക്കാലത്തിനു ശേഷം കേരള ബോക്സ് ഓഫീസില്‍ ഒരേ സമയം മോഹന്‍ലാല്‍, മമ്മൂട്ടി ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിന് വഴിതുറക്കും. തിയറ്റര്‍ വ്യവസായത്തിന് മുതല്‍ക്കൂട്ടാവും ഈ തീരുമാനമെന്നും സംശയമില്ല. അതേസമയം ഭീഷ്‍മപര്‍വ്വത്തിന്‍റെ നിര്‍മ്മാതാക്കള്‍ ഔദ്യോഗികമായി സ്ഥിരീകരിക്കാതെ ഇക്കാര്യത്തില്‍ ഉറപ്പ് പറയാനാവില്ല.

ബിഗ് ബിയുടെ തുടര്‍ച്ചയായ 'ബിലാല്‍' ആണ് അമല്‍ നീരദും മമ്മൂട്ടിയും ചേര്‍ന്ന് ആദ്യം ചെയ്യാനിരുന്നത്. എന്നാല്‍ വലിയ കാന്‍വാസും നിരവധി ഔട്ട്ഡോര്‍ രംഗങ്ങളുമുള്ള ബിലാല്‍ കൊവിഡ് സാഹചര്യത്തില്‍ ചിത്രീകരണം സാധ്യമായ ചിത്രം ആയിരുന്നില്ല. ആ ഒഴിവില്‍ അമല്‍ ഈ കാലത്ത് ചിത്രീകരണം നടക്കുന്ന മറ്റൊരു ചിത്രം പ്ലാന്‍ ചെയ്യുകയായിരുന്നു. 'ഭീഷ്‍മവര്‍ധന്‍' എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ചിത്രത്തിലെ മമ്മൂട്ടിയുടെ ഗെറ്റപ്പ് ഏറെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. ഗ്യാങ്സ്റ്റര്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രമാണിത്.