ചെന്നൈ: വ്യാജ ട്വിറ്റര്‍ അക്കൗണ്ടിലൂടെ വിജയ് സേതുപതിയുടെ മകളെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയ ആള്‍ മാപ്പ് ചോദിച്ചു. ഐബിസി തമിഴ് ചാനലിന്‍റെ ഇ മെയിലിലേക്കാണ് ക്ഷമ ചോദിച്ച് ഓഡിയോ സന്ദേശം അയച്ചത്. വ്യാജ ട്വിറ്റര്‍ അക്കൗണ്ടിന് പിന്നില്‍ ശ്രീലങ്കന്‍ സ്വദേശിയെന്ന് തമിഴ്നാട് ക്രൈംബ്രാഞ്ച് തിരിച്ചറിഞ്ഞിരുന്നു. ഇന്‍റര്‍പോളിന്‍റെ സഹായത്തോടെ ഇയാളെ പിടികൂടാന്‍ ശ്രമം തുടരുന്നതിനിടയിലാണ് ക്ഷമ ചോദിച്ച് ഓഡിയോ സന്ദേശം.

വിജയ് സേതുപതിയുടെ പ്രായപൂർത്തിയാകാത്ത മകളുടെ ചിത്രം ഉൾപ്പെടുത്തിയായിരുന്നു വ്യാജ ട്വിറ്റർ അക്കൗണ്ടിൽ നിന്നുള്ള ഭീഷണി. വിജയ് സേതുപതി നല്‍കിയ പരാതിയെ തുടര്‍ന്ന്, വിലാസം കേന്ദ്രീകരിച്ച് തമിഴ്‌നാട് സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാണ് ഭീഷണിപ്പെടുത്തിയയാളെ തിരിച്ചറിഞ്ഞത്. ഭീഷണി മുഴക്കിയത് ശ്രീലങ്കന്‍ സ്വദേശിയാണെന്നും വ്യാജ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നാണ് ഭീഷണി സന്ദേശമെത്തിയതെന്നും തമിഴ്നാട് ക്രൈംബ്രാഞ്ച് അറിയിച്ചിരുന്നു. ആളെ പിടികൂടാന്‍ ഇന്റര്‍പോളിന്റെ സഹായം തേടിയെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചിരുന്നു.