'പൊന്നിയിൻ സെല്‍വ'ന്റെ പുതിയ അപ്‍ഡേറ്റ്.
ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന പുതിയ ചിത്രമാണ് 'പൊന്നിയിൻ സെല്‍വൻ'. ഇതിഹാസ സാഹിത്യകാരൻ കൽക്കിയുടെ വിശ്വ പ്രസിദ്ധമായ ചരിത്ര നോവലിനെ ആധാരമാക്കിയാണ് മണിരത്‍നം 'പൊന്നിയിൻ സെല്‍വൻ' ഒരുക്കുന്നത്. വൻ താരനിര അണിനിരക്കുന്ന ചിത്രം രണ്ട് ഭാഗങ്ങളായാണ് പ്രദർശനത്തിന് എത്തുന്നത്. 'പൊന്നിയിൻ സെല്‍വൻ' ഒന്നാം ഭാഗത്തെ കുറിച്ചുള്ള പുതിയ അപ്‍ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ്.
'പൊന്നിയിൻ സെല്‍വ'ന്റെ ഓഡിയോ ലോഞ്ച് സെപ്‍തംബര്‍ ആറിന് ആണ് നടക്കുക. സെപ്റ്റംബര്‍ ആറിന് ട്രെയിലറും പുറത്തുവിടുമെന്നാണ് ചിത്രത്തിന്റെ നിര്‍മാതാക്കള്‍ ലൈക്ക പ്രൊഡക്ഷൻസ് അറിയിച്ചിരിക്കുന്നത്. ചെന്നൈ നെഹ്റു ഇൻഡോര്‍ സ്റ്റേഡിയത്തില്‍ വെച്ചാണ് ചിത്രത്തിന്റെ, ഓഡിയോ- ട്രെയിലര്‍ ലോഞ്ച് നടക്കുക. 'പൊന്നിയിൻ സെല്‍വ'ത്തിന്റെ ഫസ്റ്റ് ലുക്ക് ടീസര്‍ നേരത്തെ പുറത്തുവിട്ടിരിക്കുന്നു.
ചിത്രത്തില്‍ വലിയ താരനിരയാണ് അണിനിരക്കുന്നത്. വിക്രം, ജയം രവി, കാർത്തി, റഹ്മാൻ, പ്രഭു, ശരത് കുമാർ, ജയറാം, പ്രകാശ് രാജ്, ലാൽ, വിക്രം പ്രഭു, പാർത്ഥിപൻ, ബാബു ആന്റണി, അശ്വിൻ കാകുമാനു, റിയാസ് ഖാൻ, ഐശ്വര്യാ റായ് ബച്ചൻ, തൃഷ, ശോഭിതാ ദുലിപാല, ജയചിത്ര തുടങ്ങി ഒട്ടേറേ അഭിനേതാക്കൾ ചിത്രത്തിലുണ്ട്. എ ആർ റഹ്മാനാണ് സംഗീത സംവിധായകൻ. 125 കോടിക്കാണ് ചിത്രത്തിന്റെ സ്ട്രീമിങ്ങ് അവകാശം വിറ്റുപോയത്. തിയറ്റർ റിലീസിന് ശേഷമായിരിക്കും ആമസോണിലൂടെ സ്ട്രീമിങ്ങ് ആരംഭിക്കുക. ആദ്യ ഭാഗമായ 'പൊന്നിയിൻ സെൽവൻ-1' 2022 സെപ്റ്റംബർ 30ന് പ്രദർശനത്തിനെത്തുമെന്നാണ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുള്ളത്. ചിത്രത്തിലേതായി ഇതിനകം പുറത്തുവന്ന പോസ്റ്ററുകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു.
തോട്ട ധരണിയും വാസിം ഖാനും ചേർന്നാണ് കലാ സംവിധാനം. ശ്രീകർ പ്രസാദ് എഡിറ്റിംഗ് നിര്‍വഹിക്കുന്നു. ശ്യാം കൗശലാണ് ആക്ഷൻ കൊറിയോഗ്രഫി. ബൃന്ദ നൃത്ത സംവിധാനവും ഏക ലഖാനി വസ്‍ത്രാലങ്കാരവും നിർവ്വഹിക്കുന്നു.
Read More : 'സൈറണു'മായി കീര്‍ത്തി സുരേഷ്, ജയം രവി ചിത്രത്തിന്റെ മോഷൻ പോസ്റ്റര്‍ വീഡിയോ
