ഒരു സംവിധായകന്‍ എന്ന നിലയില്‍ ലിജോ ജോസ് പെല്ലിശ്ശേരിയോട് തനിക്കുള്ള ഇഷ്ടം വെളിപ്പെടുത്തി മണി രത്നം. ഭാര്യയും നടിയുമായ സുഹാസിനി നടത്തിയ ഇന്‍സ്റ്റഗ്രാം ലൈവിനിടെയാണ് ഒപ്പമുണ്ടായിരുന്ന മണി രത്നത്തിന്‍റെ അഭിപ്രായപ്രകടനം. ലിജോ ലൈവ് കാണുന്നുണ്ടെന്ന് സുഹാസിനി അറിയിച്ചപ്പോഴാണ് മണി രത്നം ഇക്കാര്യം പറഞ്ഞത്. മാധവന്‍, അദിതി റാവു ഹൈദരി, ഖുശ്ബു തുടങ്ങി നിരവധി താരങ്ങള്‍ ലൈവ് വീഡിയോയില്‍ സുഹാസിനിക്കും മണിരത്നത്തിനും ഒപ്പമെത്തി സംസാരിച്ചിരുന്നു. അതിനിടെയാണ് ഈ വീഡിയോ ലിജോ കാണുന്നുണ്ടെന്ന കാര്യം സുഹാസിനി മണിരത്നത്തിന്‍റെ ശ്രദ്ധയില്‍ പെടുത്തിയത്.

'യുവര്‍ ഫേവറിറ്റ് ഡയറക്ടര്‍ ഈസ് വാച്ചിംഗ്.. ലിജോ ജോസ് പെല്ലിശ്ശേരി', സുഹാസിനി പറഞ്ഞു. എന്നിട്ട് ഇത്രയും കൂടി സുഹാസിനി പറഞ്ഞു. 'മണി നിങ്ങളുടെ സിനിമകളെപ്പറ്റി ഒരുപാട് പറയാറുണ്ട്. താങ്കളുടെ ഒരു സിനിമയേ ഞാന്‍ കണ്ടിട്ടുള്ളൂ. (തുടര്‍ന്ന് മണി രത്നത്തോട്)  നിങ്ങള്‍ അദ്ദേഹത്തോട് സംസാരിക്കണം. അദ്ദേഹമിപ്പോഴിതാ ഇവിടെയുണ്ട്'. തൊട്ടുപിന്നാലെയാണ് മണി രത്നം ലിജോയെ അഭിസംബോധന ചെയ്‍ത് സംസാരിച്ചത്. 'ലിജോ, ഞാന്‍ നിങ്ങളുടെ വലിയ ആരാധകനാണ്. ഇപ്പോഴത്തെ ഏറ്റവും മികച്ച സംവിധായകരില്‍ ഒരാളാണ് താങ്കള്‍. ആശംസകള്‍. അത് തുടരുക', മണി രത്നം പറഞ്ഞു. 


ലോക്ക് ഡൗണ്‍ ദിനങ്ങളില്‍ തുടക്കം മുതല്‍ സുഹാസിനി എല്ലാ ദിവസവും ഇന്‍സ്റ്റഗ്രാം ലൈവില്‍ വന്നിരുന്നു. ആദ്യം പ്രഖ്യാപിച്ച ലോക്ക് ഡൗണിന്‍റെ 21 ദിനങ്ങള്‍ പൂര്‍ത്തിയായ ഇന്നലെയാണ് മണി രത്നവും സുഹാസിനിക്ക് ഒപ്പമെത്തിയത്. മണി രത്നം ആദ്യമായാണ് ഒരു ഇന്‍സ്റ്റഗ്രാം ലൈവില്‍ മറ്റുള്ളവരോട് സംവദിക്കുന്നത്. തമിഴ് പുതുവര്‍ഷ ദിനമായിരുന്ന ഇന്നലെ മണി രത്നം ചിത്രം അലൈ പായുതേയുടെ റിലീസിന്‍റെ 20-ാം വാര്‍ഷികവും ആയിരുന്നു.