Asianet News MalayalamAsianet News Malayalam

'തെക്കിനി' വീണ്ടും തുറക്കുന്നു; മണിച്ചിത്രത്താഴ് പുതിയ മിഴിവോടെ കണ്ട് 'ശ്രീദേവി'

ചിങ്ങം 1 ആയ ഓഗസ്റ്റ് 17 നാണ് റീ റിലീസ്

Manichitrathazhu remastered version kerala preview happened at kochi
Author
First Published Aug 10, 2024, 6:42 PM IST | Last Updated Aug 10, 2024, 6:42 PM IST

സ്ഫടികവും ദേവദൂതനും നേടിയ റീ റിലീസ് വിജയങ്ങള്‍ക്ക് പിന്നാലെ മറ്റൊരു മലയാള ചിത്രം കൂടി പ്രേക്ഷകരെ തേടി ബിഗ് സ്ക്രീനിലേക്ക് വീണ്ടും എത്തുകയാണ്. മലയാളികള്‍ ഏറ്റവും കൂടുതല്‍ തവണ റിപ്പീറ്റ് വാച്ച് ചെയ്ത ചിത്രങ്ങളില്‍ ഒന്നായ മണിച്ചിത്രത്താഴ് ആണ് അത്. ചിങ്ങം 1 ആയ ഓഗസ്റ്റ് 17 നാണ് ഡിജിറ്റല്‍ റീമാസ്റ്ററിംഗ് നടത്തിയ പതിപ്പ് തിയറ്ററുകളില്‍ എത്തുക. റീ റിലീസിനോടനുബന്ധിച്ച് അണിയറക്കാര്‍ കേരളത്തില്‍ നടത്തിയ പ്രീമിയര്‍ ഷോ കൊച്ചിയിലെ ഫോറം മാളിലെ പിവിആര്‍ ഐനോക്സില്‍ വ്യാഴാഴ്ച നടന്നു.

ചിത്രത്തില്‍ ശ്രീദേവി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച വിനയ പ്രസാദ്, ചിത്രത്തിലെ ചില രംഗങ്ങള്‍ ചിത്രീകരിച്ച സംവിധായകന്‍ സിബി മലയില്‍, എസ് എന്‍ സ്വാമി, നിര്‍മ്മാതാക്കളായ സിയാദ് കോക്കര്‍, സന്ദീപ് സേനന്‍, എവര്‍ഷൈന്‍ മണി, ഷെര്‍ഗ, ഷെനൂജ തുടങ്ങിയവര്‍ പ്രീമിയറിന് എത്തിയിരുന്നു. സംവിധായകന്‍ ഫാസിലും നിര്‍മ്മാതാവ് സ്വര്‍ഗചിത്ര അപ്പച്ചനും റീമാസ്റ്ററിംഗിന് നേതൃത്വം നല്‍കിയ മാറ്റിനി നൌവും ചേര്‍ന്നാണ് ചിത്രം പുറത്തിറക്കുന്നത്. ഇ 4 എന്‍റര്‍ടെയ്ന്‍‍മെന്‍റ് ആണ് വിതരണം. 

അടുത്തിടെ റീ റിലീസ് ആയി എത്തിയ തന്‍റെ ചിത്രം ദേവദൂതന്‍ പോലെ മണിച്ചിത്രത്താഴും വലിയ വിജയമായിത്തീരട്ടെയെന്ന് സിബി മലയില്‍ ആശംസിച്ചു. "31 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് മണിച്ചിത്രത്താഴ് പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിയത്. അന്ന് ആ സിനിമയുടെ ഭാഗമാവാന്‍ എനിക്കും ഒരു അവസരം ഉണ്ടായി. പ്രിയദര്‍ശന്‍‌, സിദ്ദിഖ്, ലാല്‍, ഞാന്‍ ഉള്‍പ്പെടെയുള്ളവര്‍ ആ സിനിമയില്‍ ഫാസില്‍ സാറിനൊപ്പം ഉണ്ടായിരുന്നു. കുറേ ഭാഗങ്ങള്‍ ഷൂട്ട് ചെയ്യാനുള്ള അവസരം ഞങ്ങള്‍ക്ക് ഉണ്ടായി. മലയാളം കണ്ട ഏറ്റവും വലിയ വിജയങ്ങളിലൊന്നായി പിന്നീട് ആ ചിത്രം മാറുകയും ഒരു കള്‍ട്ട് ക്ലാസിക് എന്ന നിലയില്‍ പ്രേക്ഷകര്‍ ഇന്നും കാണാന്‍ ആഗ്രഹിക്കുന്ന സിനിമയായി അത് ഇന്നും തുടരുകയാണ്. അതിന്‍റെയൊരു റീമാസ്റ്റേര്‍ഡ് വെര്‍ഷന്‍ നമ്മുടെ മുന്നിലേക്ക് എത്തുമ്പോള്‍ അത് വലിയ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ കാണുന്നത്. തൊട്ടുമുന്‍പ് എന്‍റെ ചിത്രം തിയറ്ററുകളില്‍ സ്വീകരിക്കപ്പെട്ടതുപോലെ തന്നെ ഈ ചിത്രവും സ്വീകരിക്കപ്പെടട്ടെ, വലിയ വിജയമായിത്തീരട്ടെ എന്ന് ആശംസിക്കുന്നു", സിബി മലയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ALSO READ : പോസിറ്റീവ് അഭിപ്രായം വന്നാല്‍ അടുത്ത പാന്‍ ഇന്ത്യന്‍ ഹിറ്റ്! 13 ഭാഷകളില്‍ 'മാര്‍ട്ടിന്‍'

Latest Videos
Follow Us:
Download App:
  • android
  • ios