Asianet News MalayalamAsianet News Malayalam

അവസരം കിട്ടാത്തവരും ആരോപണവുമായി വരും, എല്ലാം പുറത്തുവരാൻ അന്വേഷണം വേണം: മണിയൻപിള്ള രാജു

മണിയൻപിള്ള രാജുവിൽ നിന്നുണ്ടായ മോശം അനുഭവത്തെപ്പറ്റി അന്നുതന്നെ ഒപ്പമുണ്ടായിരുന്ന നടി ഗായത്രി വർഷയോട് വെളിപ്പെടുത്തിയിരുന്നെന്നും മിനു മുനീർ

Maniyanpilla Raju response to Minu muneer allegation
Author
First Published Aug 26, 2024, 10:40 AM IST | Last Updated Aug 26, 2024, 12:10 PM IST

തിരുവനന്തപുരം: നടി മിനു മുനീർ ആരോപണവുമായി രംഗത്ത് എത്തിയതിന് പിന്നാലെ പ്രതികരണവുമായി നടൻ മണിയൻപിള്ള രാജു. ആരോപണം ധാരാളം വരും. പണം തട്ടാൻ വേണ്ടിയും അവസരം കിട്ടാത്തത്തിൽ ദേഷ്യമുള്ളവരും അടക്കം ആരോപണവുമായി വരുമെന്നും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു. ആരോപണങ്ങളുടെ യഥാ‍ർത്ഥ വസ്തുതകൾ പുറത്തുകൊണ്ടുവരാൻ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

എൽസമ്മ എന്ന ആൺകുട്ടി എന്ന സിനിമയിൽ മിന്നുവിനൊപ്പം അഭിനയിച്ചിട്ടുണ്ട്. തനിക്ക് എതിരായ ആരോപണം തെറ്റാണ്. ഞാൻ തെറ്റുകാരൻ ആണെങ്കിൽ എന്നെയും ശിക്ഷിക്കണം. എല്ലാ ആരോപണങ്ങളും സർക്കാർ അന്വേഷിക്കട്ടെയെന്നും വഴിവിട്ട രീതിയിൽ അമ്മയിൽ അംഗത്വം എടുക്കാൻ സാധിക്കില്ലെന്നും മണിയൻപിള്ള രാജു പറഞ്ഞു.

നടന്മാരായ മുകേഷിനും ജയസൂര്യക്കും ഇടവേള ബാബുവും അടക്കമുള്ളവർക്കെതിരെ ഗുരുതര ആരോപണവുമായാണ് നടി മിനു മുനീർ. മുകേഷും ജയസൂര്യയും ശാരീരികമായി ഉപദ്രവിച്ചുവെന്ന് നടി മിനു മുനീര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സഹകരിച്ചാൽ ഗുണമുണ്ടാകുമെന്ന് ജയസൂര്യ പറഞ്ഞു. താൻ എതിർത്തതോടെ അവസരങ്ങൾ നിഷേധിക്കുകയായിരുന്നു. ദേ ഇങ്ങോട്ട് നോക്കിയേ എന്ന സിനിമയുടെ സെറ്റിലായിരുന്നു ജയസൂര്യയുടെ ഭാഗത്തു നിന്ന് മോശം പെരുമാറ്റമുണ്ടായത്. അപ്രതീക്ഷിതമായി പിന്നിൽ നിന്ന് കെട്ടിപ്പിടിച്ച ശേഷമാണ് ശാരീരികമായി ജയസൂര്യ ഉപദ്രവിച്ചതെന്ന് മിനു മുനീര്‍ പറഞ്ഞു. 

കലണ്ടർ സിനിമ ചിത്രീകരണത്തിനിടെ ഹോട്ടലിൽ വെച്ച് മുകേഷ് കടന്നുപിടിച്ചത്. താൻ എതിർത്തതിൻ്റെ പേരിൽ അമ്മയിലെ തൻ്റെ അംഗത്വ അപേക്ഷ മുകേഷ് ഇടപെട്ട് തള്ളി. മണിയൻപിള്ള രാജുവും ഇടവേള ബാബുവും ലൈംഗിക ചുവയോടെ സംസാരിച്ചു. മണിയൻപിള്ള രാജുവിൽ നിന്നുണ്ടായ മോശം അനുഭവത്തെപ്പറ്റി അന്നുതന്നെ ഒപ്പമുണ്ടായിരുന്ന നടി ഗായത്രി വർഷയോട് വെളിപ്പെടുത്തിയിരുന്നെന്നും മിനു മുനീർ പറഞ്ഞു. വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന സംഭവമാണ്. അന്നും പ്രതികരിച്ചെങ്കിലും നടപടിയുണ്ടായില്ല. ഇപ്പോള്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നത് ഒക്കെ അറിഞ്ഞു. രാഷ്ട്രീയ പ്രേരിതമാണ് ആരോപണങ്ങളെന്ന മുകേഷിന്‍റെ പ്രതികരണത്തെ തുടര്‍ന്നാണ് ഇപ്പോള്‍ ഇക്കാര്യങ്ങള്‍ പറയുന്നത്. ഉപ്പു തിന്നവൻ വെള്ളം കുടിക്കണമെന്നും മിനു മുനീർ പറ‌ഞ്ഞു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Latest Videos
Follow Us:
Download App:
  • android
  • ios