ചെവി വേദനയായിരുന്നു തനിക്ക് തുടക്കത്തിൽ ഉണ്ടായിരുന്നത് എന്നാണ് മണിയൻപിള്ള രാജു പറയുന്നത്. പിന്നീട് എം.ആർ.ഐ എടുത്തപ്പോഴാണ് രോഗം സ്ഥിരീകരിച്ചതെന്നും അദ്ദേഹം പറയുന്നു.
മലയാളത്തിലെ പ്രിയപ്പെട്ട നടനും നിർമ്മാതാവുമാണ് മണിയൻപിള്ള രാജു. നിരവധി സിനിമകളിൽ നടനായി മികച്ച പ്രകടനം നടത്തിയ മണിയൻപിള്ള രാജു ഒരുപാട് മികച്ച സിനിമകൾ നിർമ്മിക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ വർഷമാണ് അദ്ദേഹത്തിന് കാൻസർ സ്ഥിരീകരിക്കുന്നത്. ഇപ്പോഴിതാ രോഗത്തിലൂടെ കടന്നുപോയപ്പോഴുണ്ടായ അവസ്ഥകളെ കുറിച്ച് സംസാരിക്കുകയാണ് മണിയൻപിള്ള രാജു. ചെവി വേദനയായിരുന്നു തനിക്ക് തുടക്കത്തിൽ ഉണ്ടായിരുന്നത് എന്നാണ് മണിയൻപിള്ള രാജു പറയുന്നത്. പിന്നീട് എം.ആർ.ഐ എടുത്തപ്പോഴാണ് രോഗം സ്ഥിരീകരിച്ചതെന്നും അദ്ദേഹം പറയുന്നു.
"ചെവി വേദനയായിരുന്നു തുടക്കം, അപ്പോൾ ഇ.എന്‍.ടി ഡോക്ടര്‍മാരേയും കാണിച്ചു, തുടരും സിനിമയുടെ ലൊക്കേഷനിലുള്ളപ്പോള്‍ കൊട്ടിയത്തുള്ള ഡോക്ടര്‍ കനകരാജിന്റെ അടുത്തു പോയി. എക്‌സ് റേ നോക്കിയപ്പോള്‍ പല്ലിന്റെ അവിടെയുള്ള ഞരമ്പ് ബ്ലോക് ആയതുകൊണ്ടാണ് വേദനയെന്ന് പറഞ്ഞു. സ്റ്റീലിന്റെ പല്ലായിരുന്നു അവിടെ, അത് ഇളക്കി മാറ്റി സെറാമിക് പല്ല് വെച്ചു. പക്ഷെ പിറ്റേന്ന് വീണ്ടും വേദനവന്നു. മൂത്തമകന്‍ അപ്പോള്‍ സ്ഥലത്തുണ്ടായിരുന്നു. എംആര്‍ഐ എടുക്കാമെന്ന് പറഞ്ഞു. എനിക്ക് എംആര്‍ഐ പേടിയാണ്. ലിഫ്റ്റും ഇടുങ്ങിയ മുറിയുമെല്ലാം പേടിയുള്ള ആളാണ് ഞാന്‍. സ്‌കാന്‍ ചെയ്തപ്പോള്‍ രോഗം കണ്ടെത്തി. അഞ്ച് കീമിയോതെറാപ്പിയും 30 റേഡിയേഷനും ചെയ്തു. റേഡിയേഷന്‍ സമയത്ത് ഞാന്‍ ഡോക്ടറോട് ചോദിച്ചു, ഓണ സീസണാണ്, എല്ലായിടത്തും ഓഫറുണ്ട്. 30 റേഡിയേഷന്‍ എന്നുള്ളത് 29 ആക്കി കുറച്ചൂടേ' 82 കിലോയില്‍ നിന്നും 16 കിലോ കുറച്ചു, സര്‍ജറി ചെയ്തതു കൊണ്ട് തന്നെ ഭക്ഷണം ഇറക്കാന്‍ ബുദ്ധിമുട്ടായിരുന്നു." ഗൃഹലക്ഷ്മിക്ക് നൽകിയ അഭിമുഖത്തിലായിരുന്നു മണിയൻപിള്ള രാജുവിന്റെ തുറന്നുപറച്ചിൽ.
മോഹൻലാൽ തരുൺ മൂർത്തി കൂട്ടുക്കെട്ടിൽ പുറത്തറിങ്ങിയ തുടരും ആയിരുന്നു മണിയൻപിള്ള രാജു അഭിനയിച്ച പുതിയ ചിത്രം. ധനഞ്ജയ് ശങ്കർ സംവിധാനം ചെയ്യുന്ന 'ഭ ഭ ഭ'യിലും മണിയൻപിള്ള രാജു വേഷമിടുന്നുണ്ട്.


