സാമൂഹ്യ മാധ്യമത്തിലെ അധിക്ഷേപകരമായ കമന്റുകള്‍ക്ക് എതിരെ വലിയൊരു വിഭാഗം പേരും ഇപ്പോള്‍ രംഗത്തെത്താറുണ്ട്. ഭാഗ്യലക്ഷ്‍മിയും സുഹൃത്തുക്കളും അടുത്തിടെ, അശ്ലീലം പറഞ്ഞ വിജയ് പി നായര്‍ എന്നയാളെ നേരിട്ടത് വലിയ വാര്‍ത്തയായിരുന്നു. ഫോട്ടോകള്‍ക്ക് കമന്റുകളായും അല്ലാതെയും അശ്ലീലം പറയുന്നവരും അധിക്ഷേപിക്കുന്നവരും സാമൂഹ്യമാധ്യമത്തില്‍ സജീവമാണ്. ഇത്തരം ആള്‍ക്കാരെ തടഞ്ഞേ പറ്റൂവെന്ന് നടി മഞ്ജു വാര്യര്‍ പറയുന്നു. മഞ്‍ജു വാര്യര്‍ തന്നെ ഇക്കാര്യം പറയുന്ന വീഡിയോ ഷെയര്‍ ചെയ്‍തിരിക്കുന്നു. ഡബ്യുസിസി അംഗം എന്ന നിലയിലാണ് മഞ്‍ജു വാര്യര്‍ ഇക്കാര്യം വ്യക്തമാക്കി രംഗത്ത് എത്തിയിരിക്കുന്നതും."

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യ. ഇവിടത്തെ ഏറ്റവും വലിയ പ്രത്യേകത അഭിപ്രായ സ്വാതന്ത്ര്യമാണ്. എന്നാല്‍ ഈ അഭിപ്രായ സ്വാതന്ത്ര്യം എവിടെ വരെ എന്നൊരു ചോദ്യമുണ്ട്.  ചെറിയൊരു വിഭാഗം ആളുകളെങ്കിലും ഇതിനെ ദുരുപയോഗം ചെയ്യുന്നുണ്ട്. അവര്‍ക്ക് വിയോജിപ്പുള്ള ആരെ വേണമെങ്കിലും വ്യക്തിപരമായി അധിക്ഷേപിക്കാനും അപമാനിക്കാനും ഒരു അവകാശമായി കണക്കാക്കുന്നവരുണ്ട്. ഈ ആക്രമണം ചിലപ്പോള്‍ കൂടുതലും നേരിടുന്നത് സ്‍ത്രീകളാണ് എന്നത് ആര്‍ക്കും നിഷേധിക്കാനാകാത്ത സത്യമാണ്. ഇങ്ങനെ ചെയ്യുന്നവരോട് ഭൂരിപക്ഷം ആളുകളും പ്രതികരിക്കാറില്ല. അതുതന്നെയാണ് അവരെ വീണ്ടും വീണ്ടും അങ്ങനെ ചെയ്യാൻ പ്രേരിപ്പിക്കുന്നത്. ഇത് തടഞ്ഞേ പറ്റൂ. നമ്മള്‍ എല്ലാവരും ആണ്‍പെണ്‍ വ്യത്യാസമില്ലാതെ ഒരു സമൂഹമായി ഒറ്റക്കെട്ടായി നിന്നേ പറ്റൂ- മഞ്‍ജു വാര്യര്‍ വീഡിയോയില്‍ പറയുന്നു.

സ്ത്രീവിരുദ്ധമായ പ്രസ്‍താവനകള്‍ നടത്തിക്കൊണ്ട് യൂട്യൂബില്‍ വീഡിയോകള്‍ ചെയ്‍ത വിജയ് പി നായര്‍ക്ക് നേരെ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായ ഭാഗ്യലക്ഷ്‍മി, ആക്റ്റിവിസ്റ്റുകളായ ദിയാ സന, ശ്രീലക്ഷ്‍മി അറയ്ക്കല്‍ എന്നിവര്‍ പ്രതിഷേധവുമായി രംഗത്തെത്തിയ സംഭവത്തോടെയാണ് സ്ത്രീകള്‍ക്കുനേരെയുള്ള സൈബര്‍ ആക്രമണം വീണ്ടും ചര്‍ച്ചയാകുന്നത്. ഇപ്പോഴിതാ സെെബർ ഇടങ്ങളിൽ സ്ത്രീകൾക്കെതിരേയുള്ള അതിക്രമങ്ങൾക്കെതിരേ ക്യാമ്പയിനുമായി രം​ഗത്തുകയാണ് എന്ന് ഡബ്യുസിസി നേരത്തെ വ്യക്തമാക്കിയിരുന്നു.

'റെഫ്യൂസ് ദ അബ്യൂസ്' എന്ന് പേരിട്ടിരിക്കുന്ന ക്യാമ്പയിൻ സ്ത്രീശബ്‍ദങ്ങളെ നിശബ്‍ദമാക്കുന്ന പ്രവണതയോടുള്ള പ്രതികരണമാണെന്ന് ഫേസ്ബുക്ക് കുറിപ്പിൽ ഡബ്ല്യുസിസി വ്യക്തമാക്കിയിരുന്നു. സൈബർ സംസ്‍കാരത്തെ നിലവാരത്തിലേക്ക് ഉയർത്താനുള്ള പ്രവർത്തനം നമ്മുടെ കൈകളിൽ നിന്ന് തന്നെയാണ് തുടങ്ങേണ്ടതെന്നും ഡബ്ല്യുസിസി പോസ്റ്റിൽ പറയുന്നു. സൈബർ അബ്യുസിനെക്കുറിച്ചുള്ള പൊതുബോധം വളർത്താനുള്ള WCCയുടെ പ്രവർത്തനങ്ങൾക്ക്  മീഡിയയിൽ  നിന്നും പൊതുജനങ്ങളിൽ നിന്നും  ലഭിച്ചിട്ടുള്ള പിന്തുണയും പ്രോത്സാഹനവും വളരെ  വലുതാണ്. ഇന്ന് ലോഞ്ച് ചെയ്യുന്ന WCCയുടെ കാമ്പയിൻ #RefusetheAbuse 'സൈബർ ഇടം, ഞങ്ങളുടെയും ഇടം', സ്ത്രീ ശബ്‍ദങ്ങളെ നിശബ്ദമാക്കുന്ന പ്രവണതയോടുള്ള പ്രതികരണമാണ്! നമ്മുടെ സൈബർ സംസ്‍കാരത്തെ നല്ല നിലവാരത്തിലേക്കെത്തിക്കാനുള്ള പ്രവർത്തനം നമ്മുടെ കൈകളിൽ നിന്ന് തന്നെയാണ് തുടങ്ങേണ്ടത് എന്നും പറഞ്ഞിരുന്നു. (വീഡിയോയ്‍ക്ക് കടപ്പാട് ഡബ്യൂസിസിയുടെയും മഞ്‍ജു വാര്യരുടെയും ഫേസ്‍ബുക്ക് പേജ്)