മഞ്ജു വാര്യര്‍ക്കൊപ്പം സൗബിന്‍ ഷാഹിര്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം വരുന്നു. പരസ്യമേഖലയില്‍ നിന്ന് വരുന്ന മഹേഷ് വെട്ടിയാര്‍ ആണ് സംവിധാനം. ചിത്രത്തിന്‍റെ കാരിക്കേച്ചര്‍ സ്വഭാവത്തിലുള്ള രസകരമായ ഫസ്റ്റ് ലുക്ക് അടക്കം മഞ്ജു വാര്യരാണ് ഫേസ്ബുക്ക് പേജിലൂടെ ചിത്രം പ്രഖ്യാപിച്ചത്. 

സംവിധായകനൊപ്പം ശരത് കൃഷ്‍ണയും ചേര്‍ന്ന് രചന നിര്‍വ്വഹിക്കുന്ന ചിത്രത്തിന്‍റെ നിര്‍മ്മാണം ഫുള്‍ഓണ്‍ സ്റ്റുഡിയോസ് ആണ്. ഛായാഗ്രഹണം ജയേഷ് നായര്‍. എഡിറ്റിംഗ് അപ്പു എന്‍ ഭട്ടതിരി, അര്‍ജു ബെന്‍. സംഗീതം സച്ചിന്‍ ശങ്കര്‍ മന്നത്ത്. വസ്ത്രാലങ്കാരം സമീറ സനീഷ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബെന്നി കട്ടപ്പന. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ദിനില്‍ ബാബു. ഡിസൈന്‍സ് ഓള്‍ഡ് മങ്ക്സ്.

റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത പ്രതി പൂവന്‍കോഴിയാണ് മഞ്ജു വാര്യരുടേതായി തീയേറ്ററുകളിലെത്തിയ അവസാന ചിത്രം. പ്രിയദര്‍ശന്‍റെ മരയ്ക്കാര്‍, സന്തോഷ് ശിവന്‍റെ ജാക്ക് ആന്‍ഡ് ജില്‍, സനല്‍കുമാര്‍ ശശിധരന്‍റെ കയറ്റം തുടങ്ങി പല ചിത്രങ്ങള്‍ മഞ്ജുവിന്‍റേതായി വരാനുണ്ട്. അതേസമയം ട്രാന്‍സ് ആണ് സൗബിന്‍റേതായി അവസാനം തീയേറ്ററുകളിലെത്തിയ ചിത്രം. സക്കറിയ മുഹമ്മദിന്‍റെ ഹലാല്‍ ലവ് സ്റ്റോറിക്കൊപ്പം സന്തോഷ് ശിവന്‍റെ ജാക്ക് ആന്‍ഡ് ജില്ലിലും സൗബിന് വേഷമുണ്ട്.