മഞ്ജു വാര്യര്‍ ആദ്യമായി തമിഴില്‍ അഭിനയിക്കുന്ന ചിത്രമാണ് അസുരൻ. ധനുഷിനെ നായകനാക്കി വെട്രിമാരൻ സംവിധാനം ചെയ്യുന്ന ചിത്രമായതിനാല്‍ ആരാധകരും ആകാംക്ഷയിലാണ്. ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വെട്രിമാരൻ പുറത്തുവിട്ടിരുന്നു. ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നുള്ള മഞ്ജു വാര്യരുടെ ഫോട്ടോയും വൈറലാകുകയാണ്.

രാജദേവര്‍ എന്ന അച്ഛൻ കഥാപാത്രമായും കാളി മകൻ എന്ന കഥാപാത്രവുമായാണ് ധനുഷ് ചിത്രത്തില്‍ അഭിനയിക്കുന്നത്. മണിമേഖലൈ എന്ന കഥാപാത്രമായി മഞ്ജു വാര്യര്‍ അഭിനയിക്കുന്നു. തമിഴിലെ പ്രമുഖ എഴുത്തുകാരൻ പൂമണിയുടെ 'വെക്കൈ' എന്ന നോവലാണ് സിനിമയ്ക്ക് ആധാരമാകുന്നത്.  വട ചെന്നൈക്ക് ശേഷം വെട്രിമാരനും ധനുഷും വീണ്ടും ഒന്നിക്കുമ്പോള്‍ പ്രതികാരകഥയുടെ പശ്ചാത്തലത്തില്‍ തന്നെയാണ് ചിത്രം ഒരുങ്ങുന്നത്

ധനുഷിന് മികച്ച നടനുള്ള ദേശീയ പുരസ്കാരം നേടിക്കൊടുത്ത ആടുകളവും വെട്രിമാരനായിരുന്നു ഒരുക്കിയത്. പൊള്ളാതവനാണ് ഇരുവരും ഒന്നിച്ച മറ്റൊരു ചിത്രം.