മഞ്ജു വാര്യർ നൽകിയ അഭിമുഖത്തിലാണ് സൂപ്പര്‍താരം  രജനികാന്തിനൊപ്പമുള്ള ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രത്തെക്കുറിച്ച് സംസാരിച്ചത്.

ചെന്നൈ: രജനികാന്ത് നായകനായ 'വേട്ടൈയന്‍' എന്ന ചിത്രത്തില്‍ സുപ്രധാന വേഷത്തിലാണ് നടി മഞ്ജു വാര്യര്‍ പ്രത്യക്ഷപ്പെടുന്നത്. വേഷത്തെക്കുറിച്ചുള്ള വിവിധ ഊഹാപോഹങ്ങൾക്കിടയിൽ അടുത്തിടെ ഒരു അഭിമുഖത്തിൽ തന്‍റെ ചിത്രത്തിലെ വേഷം എന്താണെന്ന് മഞ്ജു തന്നെ വെളിപ്പെടുത്തി. വിടുതലൈ പാര്‍ട്ട് 2 വില്‍ നായികയായ മഞ്ജു ആ പ്രോജക്റ്റിനെക്കുറിച്ചും വിവരിച്ചു. 

മഞ്ജു വാര്യർ അടുത്തിടെ കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിലാണ് സൂപ്പര്‍താരം രജനികാന്തിനൊപ്പമുള്ള ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രത്തെക്കുറിച്ച് സംസാരിച്ചത്. ടിജെ ജ്ഞാനവേല്‍ ജയ് ഭീം എന്ന ചിത്രത്തിന് ശേഷം സംവിധാനം ചെയ്യുന്ന ചിത്രമാണ് 'വേട്ടൈയന്‍'. ഒക്ടോബര്‍ അവസാനം ചിത്രം റിലീസാകും എന്നാണ് ഇപ്പോഴത്തെ വിവരം. 

"രജനി സാറിനൊപ്പവും ജയ് ഭീം സംവിധാനം ചെയ്ത ജ്ഞാനവേൽ സാറിനൊപ്പവും ഇതാദ്യമാണ്. അതിനാൽ ഇത് വളരെ ശക്തമായ ഒരു കോമ്പിനേഷനാണ്. തീർച്ചയായും ഇത് ഒരു 'രജനികാന്ത് ചിത്രം' ആയിരിക്കും. ചിത്രത്തിലെ രസകരമായ കഥാപാത്രമായി രജനി സാറിന്‍റെ ഭാര്യയാണ് ഞാന്‍ എത്തുന്നത്" അഭിമുഖത്തില്‍ മഞ്ജു വാര്യര്‍ പറഞ്ഞു. 

 'വേട്ടൈയന്‍' പോസ്റ്റ്-പ്രൊഡക്ഷൻ ജോലികൾ നടക്കുകയാണെന്നും അടുത്തിടെയാണ് ഷൂട്ടിംഗ് പൂർത്തിയായതെന്നും മഞ്ജു വാര്യര്‍ പറഞ്ഞു. മാത്രമല്ല, താൻ ഇതുവരെ ഈ സിനിമയിലെ രംഗങ്ങള്‍ക്ക് വേണ്ടി ഡബ്ബ് ചെയ്യാൻ തുടങ്ങിയിട്ടില്ലെന്നും മഞ്ജു പറഞ്ഞു, അതേ സമയം തന്‍റെ റോള്‍ വെളിപ്പെടുത്തിയതിലൂടെ മഞ്ജു വാര്യര്‍ സ്പോയിലര്‍ നല്‍കി എന്ന തരത്തിലാണ് ചില തമിഴ് സൈറ്റുകളില്‍ അടക്കം വാര്‍ത്ത വരുന്നത്. 

യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രമെന്ന് കരുതപ്പെടുന്ന വേട്ടൈയനില്‍ റിതിക സിംഗ്, ദുഷറ വിജയന്‍, റാണ ദഗുബാട്ടി, ഫഹദ് ഫാസില്‍ എന്നിവര്‍ക്കൊപ്പം അമിതാഭ് ബച്ചനും ചിത്രത്തിലെ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. 33 വർഷങ്ങൾക്ക് ശേഷം രജനിയും ബച്ചനും വീണ്ടും ഒന്നിക്കുന്നു എന്നത് ചിത്രത്തിന്‍റെ യുഎസ്‍പികളില്‍ ഒന്നാണ്. 

ചിത്രത്തില്‍ രജനികാന്ത് പൊലീസ് വേഷത്തിലാണ് എത്തുന്നത്. അമിതാഭ് ബച്ചന്‍ എത്തുന്നത് ചീഫ് പൊലീസ് ഓഫീസര്‍ ആയാണ്. ലൈക്ക പ്രൊഡക്ഷന്‍സ് ആണ് ഈ ചിത്രത്തിന്‍റെ നിര്‍മ്മാണം. അനിരുദ്ധ് ആണ് സംഗീത സംവിധായകന്‍. 

'ഉപ്പില്ലാത്ത ഭക്ഷണം കഴിക്കാന്‍ പാടാണ്': വയനാടിന് സഹായവുമായി ഇറങ്ങി ബിഗ് ബോസ് താരം അഭിഷേക്

'വിഘ്നേശ് ഇപ്പോള്‍ കൃത്യമായി ഷൂട്ടിന് എത്തുന്നു: കാരണം നയന്‍താര നിര്‍മ്മാതാവായതിനാല്‍'