മഞ്ജു വാര്യരെ നായികയാക്കി റോഷന്‍ ആന്‍ഡ്രൂസ് ഒരുക്കിയ 'പ്രതി പൂവന്‍കോഴി'യുടെ ഹിന്ദി റീമേക്കിലാണ് മഞ്ജു അഭിനയിക്കുകയെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

മലയാളികളുടെ സ്വന്തം മഞ്ജു വാര്യര്‍ ബോളിവുഡ് ചിത്രത്തില്‍ അഭിനയിക്കാനുള്ള തയ്യാറെടുപ്പിലാണോ? കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി അത്തരത്തിലൊരു പ്രചരണം സോഷ്യല്‍ മീഡിയയില്‍ നടന്നിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം മമ്മൂട്ടിക്കൊപ്പം നടത്തിയ 'ദി പ്രീസ്റ്റ്' വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ മഞ്ജുവിനോട് ഈ ചോദ്യം ചോദിച്ചെങ്കിലും ചുരുങ്ങിയ വാക്കുകളില്‍ മറുപടി പറഞ്ഞ് ഒഴിയുകയായിരുന്നു മഞ്ജു. എന്നാല്‍ ഇപ്പോഴിതാ ആ വിവരത്തിന് സ്ഥിരീകരമം വരുകയാണ്. മഞ്ജു വാര്യരുടെ ആദ്യ ബോളിവുഡ് ചിത്രത്തിന്‍റെ ഷൂട്ടിംഗ് ഇതിനകം ആരംഭിച്ചുകഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

പ്രമുഖ ട്രേഡ് അനലിസ്റ്റ് ആയ ശ്രീധര്‍ പിള്ളയാണ് ട്വിറ്ററിലൂടെ ഈ വിവരം സ്ഥിരീകരിച്ചിരിക്കുന്നത്. മഞ്ജു വാര്യരുടെ ബോളിവുഡ് അരങ്ങേറ്റചിത്രത്തില്‍ മാധവനാണ് നായകനെന്നും ഭോപ്പാലിലാണ് സിനിമയുടെ ചിത്രീകരണമെന്നും ശ്രീധര്‍ പിള്ള ട്വീറ്റ് ചെയ്‍തു. അതേസമയം ചിത്രത്തിന്‍റെ ഷൂട്ടിംഗ് ഭോപാലില്‍ ഇതിനകം ആരംഭിച്ചിട്ടുണ്ടെന്ന് സിഫി റിപ്പോര്‍ട്ട് ചെയ്യുന്നു. 'അമേരികി പണ്ഡിറ്റ്' എന്നാണ് ചിത്രത്തിന്‍റെ പേരെന്നും റിപ്പോര്‍ട്ടിലുണ്ട്. മഞ്ജു വാര്യര്‍ വൈകാതെ ചിത്രത്തില്‍ ജോയിന്‍ ചെയ്യുമെന്നാണ് അറിയുന്നത്. നവാഗതനായ കല്‍പേഷ് ആണ് ചിത്രത്തിന്‍റെ സംവിധാനം.

Scroll to load tweet…

അതേസമയം മഞ്ജു വാര്യരെ നായികയാക്കി റോഷന്‍ ആന്‍ഡ്രൂസ് ഒരുക്കിയ 'പ്രതി പൂവന്‍കോഴി'യുടെ ഹിന്ദി റീമേക്കിലാണ് മഞ്ജു അഭിനയിക്കുകയെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഈ ചിത്രം തന്നെയാണോ കല്‍പേഷ് സംവിധാനം ചെയ്യുന്നത് എന്ന വിവരം പുറത്തെത്തിയിട്ടില്ല. പ്രതി പൂവന്‍കോഴിയുടെ ഹിന്ദി റീമേക്ക് അവകാശം ബോണി കപൂര്‍ ആണ് സ്വന്തമാക്കിയിരുന്നത്. 

വ്യാഴാഴ്ച തിയറ്ററുകളിലെത്തുന്ന 'ദി പ്രീസ്റ്റി'ല്‍ മമ്മൂട്ടിക്കൊപ്പം മഞ്ജു വാര്യരും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ ചിത്രം മരക്കാര്‍ അറബിക്കടലിന്‍റെ സിംഹം, സന്തോഷ് ശിവന്‍റെ ജാക്ക് ആന്‍ഡ് ജില്‍, സനല്‍കുമാര്‍ ശശിധരന്‍റെ കയറ്റം, രണ്‍ജീത് കമല ശങ്കറും സലില്‍ വിയും ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ചതുര്‍മുഖം, സഹോദരന്‍ മധു വാര്യര്‍ സംവിധാനം ചെയ്യുന്ന തുടങ്ങി വരാനിരിക്കുന്ന നിരവധി ശ്രദ്ധേയ പ്രോജക്ടുകളില്‍ മഞ്ജു വാര്യര്‍ക്ക് ശ്രദ്ധേയ കഥാപാത്രങ്ങളുണ്ട്.