പ്രേമലുവിന്‍റെ തമിഴ് പതിപ്പ് ഇന്നാണ് തിയറ്ററുകളില്‍ എത്തിയത്
മലയാള സിനിമ ഇന്ത്യ മുഴുവന്‍ ഇന്ന് സംസാരിക്കപ്പെടുകയാണ്. ഒടിടിയുടെ കടന്നുവരവോടെ അതുവരെ മലയാള സിനിമ കാണാതിരുന്ന വലിയൊരു വിഭാഗം പ്രേക്ഷകരിലേക്ക് മോളിവുഡ് ചിത്രങ്ങള്‍ എത്തിത്തുടങ്ങി. എന്നാല്‍ തിയറ്ററുകളില്‍ ഒരു മലയാള ചിത്രം കാണാന്‍ മറുഭാഷാ പ്രേക്ഷകര്‍ ടിക്കറ്റെടുത്ത് എത്തുക എന്നത് മലയാളത്തിന് അന്യമായിരുന്നു. എന്നാല്‍ ഇപ്പോഴിതാ അത് വലിയ അളവില്‍ സാധ്യമായിരിക്കുകയാണ്. ഫെബ്രുവരി റിലീസുകളായെത്തിയ മഞ്ഞുമ്മല്‍ ബോയ്സും പ്രേമലുവുമാണ് മറുഭാഷാ സിനിമാപ്രേമികളും ഏറ്റെടുക്കുന്നത്. ഇതില്‍ മഞ്ഞുമ്മല്‍ ബോയ്സ് തമിഴ്നാട്ടില്‍ നേടിയ അഭൂതപൂര്‍വ്വമായ സ്വീകാര്യത പോയ വാരങ്ങളില്‍ വാര്‍ത്തകളില്‍ നിറഞ്ഞുനിന്നതാണ്. ഈ വാരം പ്രേമലുവിന്‍റെ തമിഴ് പതിപ്പും തമിഴ്നാട്ടില്‍ റിലീസ് ചെയ്യപ്പെട്ടിരിക്കുകയാണ്.
മഞ്ഞുമ്മല്‍ ബോയ്സിന് ലഭിച്ച സ്വീകാര്യതയുമായി തട്ടിച്ചുനോക്കാന്‍ പറ്റില്ലെങ്കിലും പ്രേമലുവിന് തമിഴ്നാട്ടിലും പ്രേക്ഷകര്‍ ഉണ്ടായിരുന്നു. ചെന്നൈയില്‍ വാരാന്ത്യ ദിനങ്ങളില്‍ മികച്ച ഒക്കുപ്പന്‍സിയും ലഭിച്ചിരുന്നു ചിത്രത്തിന്. കഴിഞ്ഞ വാരം തെലുങ്ക് പതിപ്പ് എത്തിയപ്പോള്‍ അതിനും ചെന്നൈയില്‍ റിലീസ് ഉണ്ടായിരുന്നു. ഇന്ന് തമിഴ് പതിപ്പ് കൂടി എത്തിയതോടെ മൂന്ന് ഭാഷകളിലാണ് ചിത്രം ചെന്നൈയില്‍ ഓടുന്നത്. തമിഴ് പതിപ്പിന് തമിഴ്നാടിന്‍റെ മറ്റ് ഭാഗങ്ങളിലും റിലീസ് ഉണ്ട്.
ബുക്ക് മൈ ഷോയിലെ നാളത്തെ ചെന്നൈ ഷോ കൗണ്ട് നോക്കിയാല്‍ പ്രേമലു മലയാളത്തിന് 22 ഷോകളും തമിഴ് പതിപ്പിന് 77 ഷോകളും തെലുങ്ക് പതിപ്പിന് ആറ് ഷോകളുമുണ്ട്. അങ്ങനെ ചെന്നൈയില്‍ മാത്രം നാളെ ആകെ 105 ഷോകള്‍! അതേസമയം മഞ്ഞുമ്മല്‍ ബോയ്സിന്‍റെ ചെന്നൈയിലെ ശനിയാഴ്ചത്തെ ഷോ കൗണ്ട് 272 ആണ്! ഈ വാരം തമിഴില്‍ നിന്നെത്തിയ ചിത്രങ്ങളേക്കാള്‍ ഷോ കൗണ്ട് ഉണ്ട് ഈ മലയാള ചിത്രങ്ങള്‍ക്ക്.
ആര്‍ കെ സുരേഷിനെ നായകനാക്കി സോളൈ അറുമുഖന്‍ സംവിധാനം ചെയ്ത കാടുവെട്ടി, സമുദ്രക്കനിയെ നായകനാക്കി എന്‍ എ രാജേന്ദ്ര ചക്രവര്‍ത്തി സംവിധാനം ചെയ്ത യാവരും വല്ലവരെ, മാസ്റ്റര്‍ മഹേന്ദ്രനെ നായകനാക്കി പ്രശാന്ത് നാഗരാജന്‍ സംവിധാനം ചെയ്ത അമിഗൊ ഗ്യാരേജ്, മണി ശജിത്തിനെ പ്രധാന കഥാപാത്രമാക്കി രവി സെല്‍വന്‍ സംവിധാനം ചെയ്ത ആരായ്ച്ചി എന്നിവയാണ് തമിഴില്‍ നിന്ന് ഈ വാരമുള്ള പുതിയ ചിത്രങ്ങള്‍.
ALSO READ : 'അഞ്ചക്കള്ളകോക്കാന്‍' മാത്രമല്ല, മലയാളത്തില്‍ നിന്ന് ഈ വാരം അഞ്ച് സിനിമകള്‍
