Asianet News MalayalamAsianet News Malayalam

'കൺമണി അൻപോട് ഉപയോഗിച്ചത് അനുമതിയോടെ'; വിവാദത്തിൽ പ്രതികരിച്ച് മഞ്ഞുമ്മൽ ബോയ്‍സ് നിർമ്മാതാവ്

"പിരമിഡ്, ശ്രീദേവി സൗണ്ട്സ് എന്നീ മ്യൂസിക് കമ്പനികൾക്കാണ് ഗാനത്തിന്റെ അവകാശം"

manjummel boys producer reacts to ilaiyaraaja controversy on kanmani anbodu song usage in film
Author
First Published May 25, 2024, 9:03 PM IST

താന്‍ സംഗീത സംവിധാനം നിര്‍വ്വഹിച്ച കണ്‍മണി അന്‍പോട് എന്ന ഗാനം മഞ്ഞുമ്മല്‍ ബോയ്സ് എന്ന സിനിമയില്‍ ഉപയോഗിച്ചത് അനുമതി ഇല്ലാതെയാണെന്ന ഇളയരാജയുടെ ആരോപണത്തില്‍ പ്രതികരിച്ച് മഞ്ഞുമ്മല്‍ ബോയ്സിന്‍റെ നിര്‍മ്മാതാക്കളില്‍ ഒരാളായ ഷോണ്‍ ആന്‍റണി. അനുമതിയോടെയാണ് പ്രസ്തുത ഗാനം മഞ്ഞുമ്മല്‍ ബോയ്സില്‍ ഉപയോഗിച്ചതെന്നും ഇത് സംബന്ധിച്ച് ഇളയരാജയിൽ നിന്ന് വക്കീൽ നോട്ടിസ് ലഭിച്ചിട്ടില്ലെന്നും ഷോണ്‍ മാധ്യമങ്ങളോട് പറഞ്ഞു.

കമൽഹാസൻ നായകനായി വേഷമിട്ട് എത്തിയ ചിത്രം '​ഗുണ'യിലൂടെ പ്രേക്ഷകരിലേക്കെത്തിയ 'കൺമണി അൻപോട്' ഗാനത്തിന്റെ ഓഡിയോ റൈറ്റ്സ് വർഷങ്ങൾക്ക് മുൻപേ ഇളയരാജയുടെ ഭാര്യ പിരമിഡ് ഓഡിയോസിന് വിൽക്കുകയും പിരമിഡ് ഓഡിയോസ് മ്യൂസിക് മാസ്റ്ററിനും ശ്രീദേവി വീഡിയോ കോർപ്പറേഷനും റൈറ്റ്‍സ് വിൽക്കുകയും ചെയ്‍തു. വർഷങ്ങൾക്കിപ്പുറം ​​'മഞ്ഞുമ്മൽ ബോയ്സ്'ൽ ഉൾപ്പെടുത്താനായി ഗാനത്തിന്റെ മ്യൂസിക് റൈറ്റ്സ് മ്യൂസിക് മാസ്റ്ററിൽ നിന്നും ​ഗാനത്തിന്റെ തെലുങ്കു റൈറ്റ്സ് ശ്രീദേവി വീഡിയോ കോർപ്പറേഷനിൽ നിന്നുമാണ് പറവ ഫിലിംസ് ലീ​ഗലി കരസ്ഥമാക്കിയത്. ഗാനം ഉപയോഗിക്കാന്‍ മഞ്ഞുമ്മല്‍ ബോയ്‍സ് സിനിമയുടെ നിര്‍മ്മാതാക്കള്‍ അനുമതി തേടിയിരുന്നില്ലെന്നും ടൈറ്റില്‍ കാര്‍ഡില്‍ പേര് പരാമര്‍ശിച്ചതുകൊണ്ട് മാത്രം കാര്യമില്ലെന്നുമായിരുന്നു ഇളയരാജയുടെ നേരത്തെയുള്ള പ്രതികരണം.  നഷ്‍ടപരിഹാരം നൽകണമെന്നും ഇളയരാജ ആവശ്യപ്പെട്ടിരുന്നു. അല്ലാത്തപക്ഷം നിയമനടപടികളുമായി മുന്നോട്ട്പോവുമെന്നും സംഗീത സംവിധായകൻ ഇളയരാജ വ്യക്തമാക്കിയിരുന്നു.

ചിദംബരം സംവിധാനം ചെയ്ത ചിത്രം തമിഴ്നാട്ടിലും വന്‍ വിജയമാണ് നേടിയത്. തമിഴ്നാട്ടില്‍ നിന്ന് മാത്രം 50 കോടിയിലധികം നേടിയ ചിത്രം ഒരു മലയാള ചിത്രം തമിഴ്നാട്ടില്‍ നേടുന്ന ഏറ്റവും ഉയര്‍ന്ന കളക്ഷന്‍റെ റെക്കോര്‍ഡും സ്വന്തമാക്കിയിരുന്നു. സിനിമ വന്‍ വിജയം നേടിയതിനൊപ്പം കണ്‍മണി അന്‍പോട് എന്ന ഗാനം വീണ്ടും ആസ്വാദനശ്രദ്ധ നേടിയിരുന്നു. സിനിമയുടെ അണിയറക്കാരെയും താരങ്ങളെയും കമല്‍ ഹാസന്‍ ചെന്നൈയിലേക്ക് ക്ഷണിച്ച് കണ്ടിരുന്നു. അദ്ദേഹം അഭിനയിച്ച് 1991 ല്‍ പുറത്തെത്തിയ ഗുണ എന്ന ചിത്രത്തിലേതാണ് കണ്‍മണി അൻപോട് എന്ന് തുടങ്ങുന്ന ഗാനം.

ALSO READ : പുതിയ സിനിമയുടെ ലൊക്കേഷനില്‍ 'തലവന്‍' വിജയാഘോഷവുമായി ആസിഫ് അലി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios