കമല്‍ ഹാസന്‍റെ 1991 ചിത്രം ഗുണയുടെ റെഫറന്‍സ് ഉള്ള ചിത്രത്തില്‍ തമിഴ് അഭിനേതാക്കളുടെ സാന്നിധ്യവും ചിത്രത്തിന് വലിയ ഗുണം ചെയ്തു.
ചെന്നൈ: കേരളത്തിന് പുറമേ തമിഴകത്തും മഞ്ഞുമ്മല്‍ ബോയ്സ് തരംഗം സൃഷ്ടിക്കുകയാണ്. ഇതുവരെ ഒരു മലയാള സിനിമയ്ക്ക് ലഭിച്ചതിനെക്കാള്‍ ഷോകളും ടിക്കറ്റ് വില്‍പ്പനയുമാണ് തമിഴകത്ത് മഞ്ഞുമ്മല്‍ ബോയ്സിന് ലഭിക്കുന്നത്. കമല്‍ഹാസനുമായി മഞ്ഞുമ്മല്‍ ബോയ്സ് ടീം നടത്തിയ കൂടികാഴ്ചയും തമിഴ് യൂട്യൂബ് ചാനലുകള്‍ അടക്കം ചിത്രത്തിന് നല്‍കുന്ന പ്രമോഷനും ചിത്രത്തെ മികച്ച രീതിയില്‍ തുണയ്ക്കുന്നുണ്ട്.
പ്രേമം, ബാംഗ്ലൂര്‍ ഡെയ്സ്, 2018 എന്നിവയെയൊക്കെ മറികടന്ന് തമിഴ്നാടിന്‍റെ ബോക്സ് ഓഫീസ് ചരിത്രത്തില്‍ ഏറ്റവുമധികം കളക്റ്റ് ചെയ്യുന്ന മലയാള സിനിമയായി മഞ്ഞുമ്മല്‍ ബോയ്സ് ഇതിനകം മാറിയിട്ടുണ്ട്. 3 കോടിക്ക് മുകളിലാണ് തമിഴ്നാട്ടില്‍ മാത്രം ചിത്രം ഹിറ്റായത്.
കമല്‍ ഹാസന്‍റെ 1991 ചിത്രം ഗുണയുടെ റെഫറന്‍സ് ഉള്ള ചിത്രത്തില്‍ തമിഴ് അഭിനേതാക്കളുടെ സാന്നിധ്യവും ചിത്രത്തിന് വലിയ ഗുണം ചെയ്തു. ബുധന്‍, വ്യാഴം ദിനങ്ങളില്‍ തമിഴ്നാട് ബോക്സ് ഓഫീസില്‍ കളക്ഷനില്‍ ഒന്നാമത് മഞ്ഞുമ്മല്‍ ബോയ്സ് ആയിരുന്നു. വാരാന്ത്യത്തില്‍ അഡ്വാന്‍സ് ബുക്കിംഗിലും മഞ്ഞുമ്മല്‍ ബോയ്സ് തന്നെയാണ് മുന്നില്‍.
എന്നാല്‍ രസകരമായ കാര്യം മലയാളത്തില്‍ മഞ്ഞുമ്മല്‍ ബോയ്സ് എന്ന പേര് തമിഴില്‍ പ്രമുഖ യൂട്യൂബര്‍മാര്‍ പോലും 'മഞ്ചുമ്മല്‍ ബോയ്സ്' എന്നാണ് പറയുന്നത്. ഇത് പല യൂട്യൂബ് വീഡിയോയുടെ താഴെയും മലയാളികള്‍ കമന്‍റ് ഇടുന്നുണ്ട്. 'മഞ്ചുമ്മല്‍ ബോയ്സ്' അല്ല 'മഞ്ഞുമ്മല്‍ ബോയ്സ്' എന്ന്. ഇത് അടുത്തിടെ എസ്എസ് മ്യൂസിക്കിന്‍റെ തമിഴ് അഭിമുഖത്തില്‍ സംവിധായകന്‍ ചിദംബരത്തോടും അവതാരകന്‍ നേരിട്ട് ചോദിച്ചു എന്താണ് ഇത് ഉച്ചരിക്കുക എന്ന്.
'മഞ്ഞുമ്മല്‍ ബോയ്സ്' എന്നാണെന്നും തമിഴില്‍ ഞ്ഞ എന്ന അക്ഷരം ഇല്ലാത്തതിനാലാണ് തമിഴര്‍ അത് 'മഞ്ചുമ്മല്‍ ബോയ്സ്' എന്ന് പറയുന്നതെന്നും ചിദംബരം ചൂണ്ടിക്കാട്ടി. മലയാളികള്‍ മഞ്ഞള്‍ എന്ന് പറയുന്നത് തമിഴില്‍ മഞ്ചള്‍ ആകുന്നത് പോലെ സംഭവിക്കുന്നതാണ് ഇതെന്നാണ് 'മഞ്ഞുമ്മല്‍ ബോയ്സ്' അണിയറക്കാര്‍ പറയുന്നത്. അതേ സമയം പേര് എന്തായാലും പടം തമിഴകത്ത് കത്തിക്കയറുകയാണ്. ശനി ഞായര്‍ ദിനങ്ങളില്‍ റെക്കോഡ് കളക്ഷനാണ് ചിത്രം പ്രതീക്ഷിക്കുന്നത്.
വിജയിയുടെ അവസാന പടം ദളപതി 69 ആര് സംവിധാനം ചെയ്യും? പുതിതായി വന്ന പേര് കേട്ട് തമിഴകത്ത് അത്ഭുതം.!
