സിനിമാപ്രേമികളില്‍, വിശേഷിച്ച് മമ്മൂട്ടി ആരാധകരില്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടെ ഏറ്റവും ആവേശമുണ്ടാക്കിയ പ്രഖ്യാപനമായിരുന്നു ബിഗ് ബിയുടെ രണ്ടാംഭാഗമായ 'ബിലാലി'ന്‍റേത്. രണ്ട് വര്‍ഷം മുന്‍പായിരുന്നു ഇങ്ങനെ ഒരു ചിത്രം വരുന്നതായ, അമല്‍ നീരദിന്‍റെ അനൗണ്‍സ്‍മെന്‍റ്. അതിനുശേഷം അമല്‍ നീരജ് സംവിധാനം ചെയ്‍ത വരത്തനും ഛായാഗ്രഹണം നിര്‍വ്വഹിച്ച അന്‍വര്‍ റഷീദ് ചിത്രം ട്രാന്‍സും തീയേറ്ററുകളിലെത്തുകയും ചെയ്‍തിരുന്നു. അപ്പോഴൊക്കെയും സിനിമാപ്രേമികള്‍ സോഷ്യല്‍ മീഡിയയിലും മറ്റും ചോദിക്കുന്ന ചോദ്യമാണ്, എപ്പോഴാണ് ബിലാല്‍ എന്ന്. ചിത്രത്തിന്‍റെ സംഗീതം ഒരുക്കുന്നതിനെക്കുറിച്ച് അമലുമായി നടത്തുന്ന ചര്‍ച്ചയെക്കുറിച്ച് ഈ ജനുവരിയില്‍ ഗോപി സുന്ദര്‍ പറഞ്ഞിരുന്നു. ഇപ്പോഴിതാ, അമല്‍ നീരദ് ബിലാലിന്‍റെ ചിത്രീകരണം തുടങ്ങാനിരുന്നപ്പോഴാണ് കൊവിഡ് 19 സാഹചര്യം മാറ്റിയതെന്നു പറയുകയാണ് ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന മനോജ് കെ ജയന്‍.

മാര്‍ച്ച് 26ന് ബിലാലിന്‍റെ ചിത്രീകരണം തുടങ്ങാനിരുന്നതാണെന്ന് പറയുന്നു മനോജ് കെ ജയന്‍. "മാര്‍ച്ച് 26ന് “ബിലാല്‍” ഷൂട്ട് തുടങ്ങാൻ ഇരുന്നതായിരുന്നു. അപ്പോഴാണ് കൊറോണ വിഷയവും അപ്രതീക്ഷിത ലോക്ക് ഡൗണും. ബിഗ് ബി ആരാധകർ നിരാശരായി. പൂർവ്വാധികം ശക്തിയായി ബിലാലും പിള്ളേരും വരും കേട്ടോ. തീർച്ഛ", മനോജ് കെ ജയന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

 

മമ്മൂട്ടി അവതരിപ്പിച്ച ബിലാല്‍ ജോണ്‍ കുരിശിങ്കലിന്‍റെ അനുജന്‍ എഡ്ഡി ജോണ്‍ കുരിശിങ്കല്‍ എന്ന കഥാപാത്രത്തെയാണ് മനോജ് കെ ജയന്‍ ബിഗ് ബിയില്‍ അവതരിപ്പിച്ചത്. ബിഗ് ബിയില്‍ ഉണ്ടായിരുന്ന താരങ്ങള്‍ക്കൊപ്പം പുതിയ ചില കഥാപാത്രങ്ങളും അഭിനേതാക്കളും ബിലാലില്‍ ഉണ്ടാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അത്തരത്തില്‍ ഒരു കഥാപാത്രത്തെ സംവിധായകന്‍ ജീന്‍ പോള്‍ ലാല്‍ അവതരിപ്പിക്കുന്നുണ്ട് ചിത്രത്തില്‍.