Asianet News MalayalamAsianet News Malayalam

‘താരം മണ്ണിലേക്കിറങ്ങി വരുന്നു,ആകാശത്ത് നിന്നല്ല കാറിൽ നിന്നും‘;മോഹന്‍ലാലിന്റെ വീട്ടില്‍ പോയൊരുഅനുഭവ കുറിപ്പ്

മോഹന്‍ലാലിനെ നായകനാക്കി ഒരു സിനിമ ചെയ്യണമെന്നാണ് ആ​ഗ്രഹമെന്നും അതിമോഹമാണെന്നറിയാം അതിനു ടാക്സ് ഒന്നും കൊടുക്കേണ്ടല്ലോ എന്നും മനോജ് കുറിക്കുന്നു.  

manoj pattathil facebook post about mohanlal
Author
Kochi, First Published Dec 3, 2020, 9:28 PM IST

തിനാല് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്‍ മോഹന്‍ലാലിന്റെ വീട്ടില്‍ പോയ അനുഭവം പങ്കുവെച്ച് സഹസംവിധായകനും തിരക്കഥാകൃത്തുമായ മനോജ് പട്ടത്തില്‍. ടാറ്റാ സ്‌കൈയില്‍ ജോലി ചെയ്യുന്ന സമയത്ത് സര്‍വീസിനായി മോഹന്‍ലാലിന്റെ വീട്ടില്‍ പോയ അനുഭവമാണ് മനോജ് ഫേസ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്. 

അന്ന് മോഹന്‍ലാലിനൊപ്പം എടുത്ത ഫോട്ടോയും മനോജ് കുറിപ്പിനൊപ്പം പങ്കുവെച്ചിട്ടുണ്ട്. മോഹന്‍ലാലിനെ നായകനാക്കി ഒരു സിനിമ ചെയ്യണമെന്നാണ് ആ​ഗ്രഹമെന്നും അതിമോഹമാണെന്നറിയാം അതിനു ടാക്സ് ഒന്നും കൊടുക്കേണ്ടല്ലോ എന്നും മനോജ് കുറിക്കുന്നു.  

മനോജിന്റെ ഫേസ്ബുക്ക് പേസ്റ്റ്

പത്തു പതിനാലു കൊല്ലം മുൻപാണ്. 2006 ഇൽ. കൊച്ചിയിൽ റ്റാറ്റാ സ്‌കൈയിൽ സർവീസ് എഞ്ചിനീയർ ആയി ജോലി ചെയ്യുന്ന സമയം.(ഞങ്ങൾ കുറച്ചു പേരെ ജീവിതത്തിൽ നിവർന്നു നിൽക്കാൻ കരുത്തേകിയ കമ്പനിയാണ് റ്റാറ്റാ സ്‌കൈ..)

ഒരു ദിവസം ഏതാണ്ട് ഒരുച്ച സമയം.ഓഫീസിൽ ഒരു വർക്ക് ഓർഡർ വന്നു.സുചിത്ര എന്നാണ് കസ്റ്റമറുടെ പേര്.ആ സമയം ഓഫീസിൽ ഞാനും സുബിനും(ഫോട്ടോയിൽ ഇടത്തേയറ്റം ) ആണ് ഉണ്ടായിരുന്നത്. ഞങ്ങൾ വർക്കുമായി ഇറങ്ങി. പെട്ടെന്ന് ജോലി കഴിഞ്ഞ് ഭക്ഷണം കഴിക്കാമെന്നു പറഞ്ഞാണ് പോക്ക്.

തേവരയിലാണ് അഡ്രസ്. കൊച്ചിയിലെ കൊച്ചു ബ്ലോക്കുകൾ താണ്ടി ഞങ്ങൾ വർക്ക് ഓർഡറിലെ അഡ്ഡ്രസിൽ എത്തി.

എത്തിയപാടെ സുബിൻ എന്നെ ഒന്നു നോക്കി, ഞാൻ മൂപ്പരെ തിരിച്ചും.

ഒരൊന്നൊന്നര ഗേറ്റ് ആണ് മുൻപിൽ ! പെട്ടെന്ന് ജോലി തീർത്ത് ഭക്ഷണം കഴിക്കാമെന്ന മോഹം പതിയെ അടങ്ങി.

ഗേറ്റിൽ ഉള്ള ബെല്ലിൽ സുബിൻ വിരലമർത്തുമ്പോൾ ഞാൻ വർക്ക് ഓർഡറിലെ പേരും അഡ്ഡ്രസ്സും ഒന്നൂടെ ഒന്നു നോക്കി.

ഗേറ്റിലെത്തിയ സെക്കൂരിറ്റിച്ചേട്ടനോട് കാര്യം പറഞ്ഞു.ആ ഗേറ്റ് ഞങ്ങളുടെ മുന്നിൽ തുറക്കപ്പെട്ടു.

കായലോരത്ത് തലയെടുത്ത് നിൽക്കുന്ന ആ വീടിന്റെ ഭംഗിയാർന്ന മുറ്റത്തു കൂടെ മുന്നോട്ട് നടക്കുമ്പോൾ പോലും ഞങ്ങൾ ഒന്നും പ്രതീക്ഷിക്കുന്നില്ല.കാരണം കൊച്ചിയിൽ ഇതു പോലുള്ള വീടുകളിൽ ജോലിയുടെ ആവശ്യങ്ങൾക്കായി പോവുന്നത് ഞങ്ങൾക്ക് സാധാരമായിരുന്നു.

പക്ഷേ ഇടക്ക് കണ്ടൊരു കാഴ്ച്ചയിൽ എന്റെ ചിന്തയുടക്കി.ലോണിൽ ഒരു വശത്തുള്ള മനോഹരമായൊരു കൂടാരത്തിൽ ഒരു കുതിരവണ്ടി.

"ദേവദൂതൻ.. "

അറിയാതെ പറഞ്ഞു പോയി.

ങേ? സുബിനും സംശയം.

ഞങ്ങളെ കൂട്ടിക്കൊണ്ടു പോകുന്നയാൾ അകത്തേക്ക് കയറി. പിന്നാലെ ഞങ്ങളും.

ചുറ്റുമൊന്ന് കണ്ണോടിച്ച ഞങ്ങളുടെ മുന്നിൽ ഡ്രോയിങ് റൂമിലെ ചുവരിലെ ചിത്രം പതിഞ്ഞു.

സിരകളിലൂടെ ഒരു കൊള്ളിയാൻ പാഞ്ഞു.

അക്കാലത്തു ചാനലുകളിലും മറ്റും കണ്ടിരുന്ന ആ മുഖം പെട്ടെന്ന് ഓർമ്മ വന്നു.

മോഹൻലാൽ എന്ന വിസ്മയത്തിനു ജന്മം കൊടുത്ത അമ്മയുടെ ചിത്രമായിരുന്നു അത്.

കയ്യിലെ കടലാസിലെ പേരൊന്നുകൂടെ നോക്കി. 'സുചിത്ര'. മോഹൻലാലിന്റെ ഭാര്യ !!

അയ്യോ !!! നമ്മൾ ഇപ്പോൾ മോഹൻലാലിന്റെ വീട്ടിലാണ് !

ഇങ്ങനെ ഞങ്ങളുടെ മനസ്സ് പറഞ്ഞു.. ശബ്ദം പക്ഷേ പുറത്തേക്ക് വന്നില്ല.

വീട്ടിലേക്ക് കൂട്ടികൊണ്ട് വന്നയാളുടെ നിർദ്ദേശപ്രകാരം ജോലി തുടങ്ങുമ്പോഴും ഞങ്ങളുടെ അമ്പരപ്പ് മാറിയിരുന്നില്ല.

പക്ഷേ..എവിടെ?! പകർന്നാടിയ വേഷങ്ങളിലൂടെ തലമുറകളെ വിസ്മയിപ്പിച്ച ആ താരമെവിടെ?

ഇല്ല എങ്ങും കാണുന്നില്ല..

"ചിലപ്പോൾ ഷൂട്ടിങ്ങിലായിരിക്കും.. " എന്ന് സുബിൻ.

നിരാശ...

ആയിരങ്ങൾ അത്ഭുതത്തോടെ അകലെ നിന്ന് കാണുന്ന ഒരു വ്യക്തി.അദ്ദേഹത്തിന്റെ വീട്ടിൽ എത്തിയിട്ടും ഒന്നു കാണുവാൻ പറ്റിയില്ലെന്നു പറഞ്ഞാൽ ! ശ്ശെ !!

ജോലി തുടങ്ങിയപ്പോൾ ഓഫീസിൽ നിന്നും ഒരു മെറ്റീരിയൽ ആവശ്യം വന്നു. രണ്ടു പേർക്കും പോകാൻ മടി. പോകുന്ന സമയത്ത് അദ്ദേഹമെങ്ങാനും വന്നു പോയാലോ!

പിന്നെ ഒന്നും നോക്കിയില്ല തൊട്ടടുത്ത് ജോലിയിൽ ഉണ്ടായിരുന്ന ജിമ്മിച്ചനെയും (വലത്തേയറ്റം ) രംഗനെയും (ഇടത്ത് നിന്നും രണ്ടാമത് ) വിളിച്ചു കാര്യം പറഞ്ഞു.പറയേണ്ട താമസം അവർ രണ്ടു പേരും കൂടെ ടീം ലീഡർ ശ്രീജിത്തേട്ടനും(ഓറഞ്ചു ഷർട്ട്‌ ) ഗേറ്റിൽ റെഡി

ജോലി കഴിഞ്ഞു. പോകേണ്ട സമയമായി. പക്ഷേ അദ്ദേഹം വന്നില്ല.

ചത്ത മനസ്സോടെ ഞങ്ങൾ ഇറങ്ങാൻ തുടങ്ങി.

അതാ അകലെ നിന്നും ഒരു ഹോൺ !

അതെ ഇങ്ങോട്ട് തന്നെ !

ആ ഗേറ്റുകൾ വീണ്ടും തുറക്കപ്പെട്ടു.. അകത്തേക്ക് മെല്ലെയെത്തിയ ഒരു വെളുത്ത എസ് യു വി.

വണ്ടി നിന്നു.ഞങ്ങളുടെ 10 കണ്ണുകൾ കാറിന്റെ ഡോറുകളിലേക്ക്..

താരം മണ്ണിലേക്കിറങ്ങി വരുന്നു.ആകാശത്തു നിന്നല്ല, കാറിൽ നിന്നും..

അറിയാതെ തുറന്നു പോയ വായിലും നെഞ്ചിലും മോ..ഹ..ൻ..ലാ..ൽ.. എന്ന പേരോടി..

മനസ്സിൽ കുറ്റബോധം തോന്നുമ്പോൾ മാത്രമല്ല, അത്ഭുതം തോന്നുമ്പോളും ചെയ്യുന്നതെല്ലാം യാന്ത്രികമായിരിക്കും !

എം സി ആർ മുണ്ടിന്റെ പരസ്യത്തിലെന്ന പോലെ അദ്ദേഹം ഞങ്ങളുടെ നേർക്ക് വരികയാണ്.കൂടെ ഒന്നു രണ്ടു പേരും. എങ്ങിനെ പെരുമാറണം എന്ന് പോലും ശങ്ക തോന്നിപ്പോകുന്ന നിമിഷം.

അദ്ദേഹം ഞങ്ങളുടെയടുക്കൽ എത്തി. ഞങ്ങളുടെ കൂടെയുള്ളയാൾ അദ്ദേഹത്തിന് ഞങ്ങളെ പരിചയപ്പെടുത്തി. സ്വതസിദ്ധമായ ശൈലിയിൽ ഞങ്ങളെ നോക്കി ചിരിച്ച് തലകുലുക്കി അദ്ദേഹം അകത്തേക്ക്.

അത്ഭുതം വിട്ടുമാറിയിട്ടില്ലെങ്കിലും എന്റെയുള്ളിൽ നിന്ന് പുറത്തേക്ക് വന്ന രണ്ടു വാക്കുകൾ. സ..ർ ഒരു ഫോ..ട്ടോ..

"അതിനെന്താ വാ. "

അദ്ദേഹം വിളിച്ചു. ഞങ്ങൾ ചെന്നു..

എന്റെ കയ്യിൽ അന്ന് നോക്കിയ 6235 ആണ്.

"ഇതിലാണോ.. "എന്ന് ചിരിച്ചുകൊണ്ട് ചോദിച്ച ശേഷം അദ്ദേഹം ഫോട്ടോക്ക് പോസ്‌ ചെയ്തു. ശേഷം അദ്ദേഹത്തിന്റെ കൂടെ വന്നവരിൽ ഉള്ള ഒരാളുടെ കാമറയിലും ഒരു ഫോട്ടോ എടുപ്പിച്ചു. (ഇനി ലാൽ സാറിനെ എന്നെങ്കിലും കാണുമ്പോൾ ആ ഫോട്ടോ ചോദിക്കണം

ശേഷം അദ്ദേഹം അകത്തേക്ക്..

ഇനിയങ്ങോട്ടുള്ള കാലം ഗമയോടെ പറയാൻ, കേട്ടിരിക്കുന്നവരെ അസൂയപ്പെടുത്താൻ, ഒരു കഥയുമായി ഞങ്ങൾ പുറത്തേക്ക്..

മലയാളം കണ്ട മഹാനടനെ അദ്ദേഹത്തിന്റെ വീട്ടിൽ പോയി കണ്ട കഥ !

കാലചക്രം പിന്നെയും തിരിഞ്ഞു.പതിനഞ്ചു വർഷങ്ങൾക്കിപ്പുറം എങ്ങിനെയൊക്കെയോ കറങ്ങി തിരിഞ്ഞു ഞാനും സിനിമയിൽ എത്തിപ്പെട്ടു.സഹസംവിധായകനായി..

ഇനി ഒരു മോഹം പറയാം.

ഒരിക്കൽ ഒരു മോഹൻലാൽ പടം ഡയറക്ട് ചെയ്യണം.ആദ്യത്തെ ഷോട്ടിന് മുൻപ് അദ്ദേഹത്തിന്റെയടുത്തെത്തിയിട്ട് പറയണം

"സർ.. അന്ന് സാറിന്റെ വീട്ടിൽ ടാറ്റാ സ്‌കൈ ഇൻസ്റ്റാൾ ചെയ്തയാളാണ് ഞാൻ ! "

അതിമോഹമാണെന്നറിയാം.. അതിനു ടാക്സ് ഒന്നും കൊടുക്കേണ്ടല്ലോ..!

പത്തു പതിനാലു കൊല്ലം മുൻപാണ്. 2006 ഇൽ. കൊച്ചിയിൽ റ്റാറ്റാ സ്‌കൈയിൽ സർവീസ് എഞ്ചിനീയർ ആയി ജോലി ചെയ്യുന്ന സമയം.(ഞങ്ങൾ...

Posted by Manoj Pattathil on Thursday, 3 December 2020
Follow Us:
Download App:
  • android
  • ios