പാലക്കാട് മെഡിക്കല്‍ കോളെജ് വേദിയില്‍ അപമാനിക്കപ്പെട്ട നടന്‍ ബിനീഷ് ബാസ്റ്റിന് പിന്തുണയുമായി സംവിധായകന്‍ മനു അശോകന്‍. മാടമ്പിക്കാലമൊക്കെ അവസാനിച്ചതിന് ശേഷവും സംവിധായകന്‍ അനില്‍ രാധാകൃഷ്ണന്‍ മേനോന്‍ എവിടെയാണ് നില്‍ക്കുന്നതെന്ന് ചോദിക്കുന്നു 'ഉയരെ' സംവിധായകന്‍. ഒപ്പം അനില്‍ രാധാകൃഷ്ണ മേനോനെ മാറ്റി പരിപാടി ബിനീഷിനെക്കൊണ്ട് ഉദ്ഘാടനം ചെയ്യിക്കാതിരുന്ന എസ്എഫ്‌ഐ ഭാരവാഹികള്‍ ദയവായി അവരുടെ കൊടി താഴെവെക്കണമെന്നും മനു അശോകന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

മനു അശോകന്റ ഫേസ്ബുക്ക് കുറിപ്പ്

ബിനീഷ് ബാസ്റ്റിന്‍, ഈ കേരളപ്പിറവി ദിനത്തില്‍ നിങ്ങള്‍ വലിയ ഒരു ഉത്തരമാണ്. എങ്ങനെ ജീവിക്കും എന്ന ചോദ്യത്തിനുള്ള വലിയ ഉത്തരം. മാടമ്പി ക്കാലം അവസാനിച്ചു മേനോന്‍ സാര്‍.. എവിടെയാണ് നിങ്ങള്‍ ഇപ്പോള്‍?

ബഹുമാനപ്പെട്ട യൂണിയന്‍ ഭാരവാഹികളെ, എസ്എഫ്‌ഐ എന്ന ആ മൂന്നക്ഷരം വളരെ വലുതാണ്, ഉന്നതമാണ്.. ഇന്നലെ ഉദ്ഘാടകനെ മാറ്റി പകരം ബിനീഷിനെക്കൊണ്ട് ആ പരിപാടി ഉദ്ഘാടനം ചെയ്യിക്കാതിരുന്ന നിങ്ങള്‍ ആ കൊടി ദയവുചെയ്ത് താഴെ വയ്ക്കുക..

പോലീസിനെ വിളിക്കും എന്ന് പറഞ്ഞ് പിറകെ നടന്ന പ്രിന്‍സിപ്പല്‍, നിങ്ങള്‍ ആരെയൊക്കെ പോലീസിനെ കൊണ്ട് പിടിപ്പിക്കും? ഒരുപാട് പേരുണ്ട് ഇവിടെ

ബിനീഷ് ബാസ്റ്റിന്റെ ഒപ്പം,
ഒരു തൊഴിലാളി

സംഭവശേഷം വിദ്യാര്‍ഥികള്‍ ബിനീഷ് ബാസ്റ്റിനൊപ്പമാണെന്നും എന്നാല്‍ പ്രശ്‌നം വഷളായതില്‍ രണ്ടുപേര്‍ക്കും പങ്കാളിത്തമുണ്ടെന്നുമായിരുന്നു പാലക്കാട് മെഡിക്കല്‍ കോളേജ് യൂണിയന്‍ ചെയര്‍മാന്‍ വൈഷ്ണവിന്റെ പ്രതികരണം. ഏഷ്യാനെറ്റ് ന്യൂസിനോട് വൈഷ്ണവിന്റെ പ്രതികരണം ഇങ്ങനെ.. 'മുപ്പതാം തീയ്യതി രാത്രിയാണ് രണ്ട് പരിപാടികളും കണ്‍ഫേം ആകുന്നത്. കോളേജ് ഡേയും മാഗസിന്‍ പ്രകാശനവും. മാഗസിന്‍ പ്രകാശനത്തിന് അനില്‍ രാധാകൃഷ്ണമേനോനെയും കോളേജ് ഡേയ്ക്ക് അതിഥിയായി ബിനീഷ് ബാസ്റ്റിനെയുമാണ് തീരുമാനിച്ചിരുന്നത്. ഇരുവരെയും അതിഥികളായി ഉറപ്പിക്കുന്നത് തലേ ദിവസം മാത്രമാണ്, മുപ്പതാം തീയതി രാത്രിയാണ് ബിനീഷ് ബാസ്റ്റ്യന്‍ വരുമെന്നത് തീരുമാനമായത്. ഇത് ഉടന്‍ തന്നെ അനില്‍ രാധാകൃഷ്ണമേനോനെയും അറിയിച്ചു. അപ്പോഴാണ് അനില്‍ രാധാകൃഷ്ണമേനോന്‍ ബുദ്ധിമുട്ടറിയിച്ചത്.'' ഈ പ്രതികരണം ഉടന്‍ തന്നെ ബിനീഷ് ബാസ്റ്റിനെ അറിയിച്ചിരുന്നുവെന്നും അപ്പോള്‍ കുഴപ്പമില്ലെന്നും അനില്‍ രാധാകൃഷ്ണമേനോന്‍ പോയ ശേഷം താന്‍ വരാമെന്നാണ് പറഞ്ഞതെന്നുമാണ് വൈഷ്ണവന്റെ വിശദീകരണം.