Asianet News MalayalamAsianet News Malayalam

രാജേഷില്ലാതെ എന്തു പത്താം വർഷം മനൂവെന്ന് സഞ്‍ജയ്, ട്രാഫികിന്റെ വാര്‍ഷികത്തില്‍ മനു അശോകന്റെ കുറിപ്പ്

ട്രാഫിക് സിനിമയുടെ പത്താം വാര്‍ഷികത്തില്‍ സംവിധായകൻ മനു അശോകന്റെ കുറിപ്പ്.

Manu Ashokan write about Rajesh Pillai film
Author
Kochi, First Published Jan 9, 2021, 4:02 PM IST

മലയാള സിനിമയുടെ ഗതിമാറ്റിയ സിനിമയാണ് ട്രാഫിക്. രാജേഷ് പിള്ളയാണ് സിനിമ സംവിധാനം ചെയ്‍തത്. രാജേഷ് പിള്ളയുടെ അകാല മരണം എല്ലാവരെയും സങ്കടത്തിലാക്കിയിരുന്നു. ട്രാഫിക്കിന്റെ പത്താം വാര്‍ഷികത്തില്‍ സംവിധായകൻ  മനു അശോകൻ എഴുതിയ കുറിപ്പ് ആണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. മനു അശോകൻ തന്നെയാണ് കുറിപ്പ് ഷെയര്‍ ചെയ്‍തിരിക്കുന്നത്. രാജേഷില്ലാതെ എന്തു പത്താം വർഷം മനൂവെന്ന് ആണ് സഞ്‍ജയ് പറഞ്ഞതെന്ന് മനു അശോകൻ പറയുന്നു.

വൈകുന്നേരം വിളിച്ചപ്പോൾ സഞ്‍ജു ചേട്ടൻ ( ബോബി-സഞ്‍ജയ്)പറഞ്ഞു, 'പത്തുവർഷം മുമ്പ് ഈ ദിവസം, ഈ സമയം , ഈ മുറിയിൽ രാജേഷ് ഉണ്ടായിരുന്നു.. പടം വിജയമാണെന്നറിഞ്ഞ് ;ഒരുപാട് ഫോൺ കോളുകൾക്ക് നടുവിൽ: അറിയാമല്ലോ അയാളെ അക്ഷരാർത്ഥത്തിൽ തുള്ളിച്ചാടിയങ്ങനെ'. ട്രാഫിക്ക് എന്ന സിനിമയെക്കുറിച്ച് എനിക്കൊന്നും എഴുതാൻ ഇല്ല. പക്ഷേ പത്തുവർഷത്തിനിടയിൽ കാലം മാറ്റി എഴുതിയതൊക്കെ എന്നെ വിസ്മയിപ്പിക്കുന്നു. എന്നിലെ സിനിമ വിദ്യാർഥിക്കും മനുഷ്യനും അതൊരു പാഠമാകുന്നു.ട്രാഫിക്കിലൂടെ വന്ന ക്യാമറാമാൻ ഷൈജു ഖാലിദ് ഇന്ന് ഏതൊരു സംവിധായകനും ഒപ്പം ജോലിചെയ്യാൻ കൊതിക്കുന്ന  ടെക്നിഷ്യനായി വളർന്നിരിക്കുന്നു . അന്ന് അദ്ദേഹത്തിൻറ്റെ അസോസിയേറ്റായിരുന്ന ജോമോൻ ടി ജോൺ ഇന്ത്യ മുഴുവൻ അറിയപ്പെടുന്നതിലേക്ക് ഉയർന്നിരിക്കുന്നു. എഡിറ്റർ മഹേഷ് നാരായണൻ കേരളം ഉറ്റുനോക്കുന്ന സംവിധായകനായിരിക്കുന്നു.

ലിസ്റ്റിൻ സ്റ്റീഫൻ എന്ന അന്നത്തെ പുതിയ നിർമ്മാതാവിന്റെ മാജിക് ഫ്രെയിംസ്  പ്രതീക്ഷ തന്നു കൊണ്ട് തന്നെ മുന്നേറുന്നു.

ഗസ്റ്റ് റോളിൽ വന്ന നിവിൻപോളി ഇന്ന്  സൂപ്പർ താരം. 'നിങ്ങളുടെ ഒറ്റ യെസ് ചരിത്രമാകും' എന്നുപറഞ്ഞ് തീയേറ്ററിൽ കയ്യടിയുണർത്തിയ ജോസ് പ്രകാശ് സാർ നമ്മെ വിട്ടു പോയി. ഈ പത്ത് വർഷത്തിനിടയിൽ എപ്പോഴോ ഞാൻ രാജേഷേട്ടൻറെ അസിസ്റ്റൻറായി, സുഹൃത്തായി, അനിയനായി. ട്രാഫിക്കിന്റെ എഴുത്തുകാരുടെ തിരക്കഥ ചെയ്‍തു കൊണ്ട് തന്നെ സംവിധായകനുമായി. കക്കാട് പറഞ്ഞതുപോലെ - അപ്പോളാരെന്നുമെന്തെന്നുമാർക്കറിയാം'. പക്ഷേ...സങ്കല്പങ്ങളിലെ അനിശ്ചിതത്വങ്ങളിൽ പോലുമില്ലായിരുന്നല്ലോ, രാജേഷേട്ടൻറെ ഭാര്യ മേഘേച്ചി എൻറെ സിനിമയിൽ  അസിസ്റ്റൻറ് ഡയറക്ടർ ആയി ജോലി ചെയ്യുമെന്ന്. 'കാലമിനിയുമുരുളു' മെന്നറിയുമ്പോഴും കരുതിയതല്ലല്ലോ രാജേഷേട്ടാ ,നിങ്ങളെന്നെയിട്ട് പോകുമെന്ന്. ഫോൺ വെക്കും മുമ്പ് ഞാൻ ചോദിച്ചു- 'പത്താം വർഷമായപ്പൊ എന്തുതോന്നുന്നു സഞ്‍ജു ഏട്ടാ.? 'രാജേഷില്ലാതെ എന്തു പത്താം വർഷം മനൂ' രാജേഷിനെ അറിയാവുന്ന ഒരാൾക്ക് മാത്രം മനസ്സിലാകുന്ന വാചകം. എനിക്കത് മനസ്സിലാകുന്നു.രാജേഷേട്ടനില്ലാത്തതുകൊണ്ട് നഷ്ടപ്പെട്ട സന്തോഷത്തിന്റെയും ഉള്ള് നിറയുന്ന സ്‍നേഹത്തിൻറെയും ഒരുപാടൊരുപാടൊരുപാട് ദിവസങ്ങൾ ഇനിയുമുണ്ടാകുമായിരുന്നു,  എനിക്കത് മനസ്സിലാകുന്നു.. നിങ്ങളുടെ  'മനൂ'  വിളിയില്ലാതെ ഒരു രസമില്ല രാജേഷേട്ടാ. ദിവസത്തിലൊരു പത്ത് തവണയെങ്കിലും ഇന്നും ഞാനത് മനസ്സിൽ കേൾക്കാറുണ്ടെങ്കിലുമെന്ന് മനു അശോകൻ എഴുതുന്നു.

Follow Us:
Download App:
  • android
  • ios