'രാവണപ്രഭു പോസ്റ്ററിൽ നിന്ന് അന്തരിച്ച ഗാനരചയിതാവ് ഗിരീഷ് പുത്തഞ്ചേരിയുടെ പേര് ഒഴിവാക്കിയത് വിവാദമായി. ഇതിനെ 'നന്ദികേട്' എന്ന് വിശേഷിപ്പിച്ച് ഗാനരചയിതാവ് മനു മഞ്ജിത്ത് രംഗത്തെത്തി.
റീ റിലീസിലൂടെ ബോക്സ് ഓഫീസിൽ വീണ്ടും വലിയ മുന്നേറ്റം നടത്തിയിരിക്കുകയാണ് മോഹൻലാൽ- രഞ്ജിത്ത് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ 'രാവണപ്രഭു'. ആദ്യ ദിനം 70 ലക്ഷം രൂപയാണ് ചിത്രം നേടിയത്. നിരവധി ആരാധകരാണ് ഫാൻസ് ഷോ സംഘടിപ്പിച്ചും മറ്റും റീ റിലീസിനെ വലിയ രീതിയിൽ വരവേറ്റത്. അതേസമയം ചിത്രത്തിൻറെ റീ റിലീസ് പോസ്റ്ററിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് ഗാന രചയിതാവ് മനു മഞ്ജിത്ത്. റീ റിലീസ് പോസ്റ്ററിൽ നിന്നും ചിത്രത്തിന്റെ ഗാന രചയിതാവായ ഗിരീഷ് പുത്തഞ്ചേരിയുടെ പേര് ഒഴിവാക്കിയതിനെതിരെയാണ് മനു മഞ്ജിത്ത് വിമർശനം ഉന്നയിച്ചത്.
ചില ഓർമ്മക്കുറവുകൾക്ക് പേര് 'മറവി' എന്നല്ല, 'നന്ദികേട്' എന്നാണെന്നും ഫേസ്‌ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെ മനു മഞ്ജിത്ത് പറയുന്നു. "പുതിയ 4K പതിപ്പിൻ്റെ പോസ്റ്ററിലേക്ക് പഴയ പേരുകൾ പകർത്തി എഴുതുമ്പോൾ അതിൽ "ഗിരീഷ് പുത്തഞ്ചേരി" എന്നൊരു പേര് ഒഴിവാക്കിക്കളയാനുള്ള 'ധൈര്യം' തോന്നിയത് ആർക്കാണെന്നറിയില്ല. ഇപ്പോഴും തിയേറ്ററിൽ കേൾക്കുന്ന ആ കടലിരമ്പം ഉറഞ്ഞാടുമ്പോൾ ഉരുവിടുന്നത് "കരിമേഘക്കെട്ടഴിഞ്ഞൊരാകാശക്കാവിലിന്ന്....", "മഴക്കാറ് മായം കാട്ടും രാവാണേ"എന്നും... ഉള്ളു വിങ്ങുന്നത് "തുടിയായ് ഞാനുണരുമ്പോൾ ഇടനെഞ്ചിൽ നീയെന്നും ഒരു രുദ്രതാളമായ് ചേർന്നിരുന്നു.." എന്നും... "വാർമൃദംഗാദി വാദ്യവൃന്ദങ്ങൾ വാനിലുയരു"മ്പോൾ അതിനൊത്ത് പ്രണയിച്ചുമാണ്. അതൊക്കെ സമ്മാനിച്ച പ്രതിഭാസം മരിച്ചു പോയെന്നേ ഉള്ളൂ. മറഞ്ഞു പോയിട്ടില്ല. പോവില്ല.ചില ഓർമ്മക്കുറവുകൾക്ക് പേര് 'മറവി' എന്നല്ല. 'നന്ദികേട്' എന്നാണ്." മനു മഞ്ജിത്ത് കുറിച്ചു.
'പോസ്റ്ററിൽ നിന്നല്ലേ പേര് മാറ്റാൻ കഴിയൂ, എന്നും ജന മനസുകളിലാണ് ഗിരീഷ് പുത്തഞ്ചേരിയുടെ സ്ഥാനം' എന്നാണ് നിരവധി പ്രേക്ഷകർ കമന്റുമായി എത്തുന്നത്. സുരേഷ് പീറ്റേഴ്‌സ് സംഗീതം നൽകി, ഗിരീഷ് പുത്തഞ്ചേരി രചിച്ച ചിത്രത്തിലെ ഗാനങ്ങൾ ഇന്നും ഹിറ്റ് ലിസ്റ്റിൽ ഇടം പിടിച്ചവയാണ്.
റീ റിലീസ് ചിത്രം നേടുന്ന ഏറ്റവും മികച്ച രണ്ടാമത്തെ കളക്ഷൻ
അതേസമയം കേരളത്തില്‍ ഒരു റീ റിലീസ് ചിത്രം നേടുന്ന ഏറ്റവും മികച്ച രണ്ടാമത്തെ കളക്ഷനാണ് രാവണപ്രഭു നേടിയിരിക്കുന്നത്. ട്രാക്കര്‍മാരായ ഫോറം കേരളത്തിന്‍റെ കണക്ക് പ്രകാരം കേരളത്തില്‍ ഒരു റീ റിലീസ് ചിത്രം നേടിയ ഏറ്റവും വലിയ ഓപണിംഗ് സ്ഫടികത്തിന്‍റെ പേരിലാണ്. മൂന്നാമത് മണിച്ചിത്രതാതഴ്, നാലാമത് ഛോട്ടാ മുംബൈ, അഞ്ചാമത് ദേവദൂതന്‍ എന്നിങ്ങനെയാണ് കേരളത്തിലെ റീ റിലീസുകളുടെ ടോപ്പ് ഓപണിംഗ് ലിസ്റ്റ്. അതേസമയം ഇന്ന് പുലര്‍ച്ചെ എത്തിയ കണക്ക് പ്രകാരം ശനിയാഴ്ചത്തേക്കുള്ള കേരള അഡ്വാന്‍സ് ബുക്കിംഗിലൂടെത്തന്നെ ചിത്രം 29 ലക്ഷം നേടിയിട്ടുണ്ട്. വാട്ട് ദി ഫസിന്‍റെ കണക്ക് പ്രകാരം ട്രാക്ക് ചെയ്യപ്പെട്ട 310 ഷോകളില്‍ നിന്ന് 18,000 ല്‍ അധികം ടിക്കറ്റുകളാണ് ശനിയാഴ്ചത്തേക്ക് ചിത്രം വിറ്റത്.



