റിലീസ് ദിനത്തില്‍ ഫാന്‍സ് ഷോകളുടെ കാര്യത്തില്‍ റെക്കോര്‍ഡ് ഇടാന്‍ പ്രിയദര്‍ശന്റെ മോഹന്‍ലാല്‍ ചിത്രം 'മരക്കാര്‍ അറബിക്കടലിന്റെ സിംഹം'. ഈ മാസം 26ന് മലയാളം ഉള്‍പ്പെടെ അഞ്ച് ഭാഷകളില്‍ തീയേറ്ററുകളിലെത്താന്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ കേരളത്തിലെ ആദ്യ ഫാന്‍സ് ഷോകള്‍ അര്‍ധരാത്രി 12 മണക്കുതന്നെ ആരംഭിക്കും! പ്രധാന തമിഴ് റിലീസുകള്‍ക്ക് തിരുവനന്തപുരം ഉള്‍പ്പെടെയുള്ള പ്രധാന സെന്ററുകളില്‍ പുലര്‍ച്ചെ നാലിനുംമറ്റും ഫാന്‍സ് ഷോകള്‍ നടക്കാറുണ്ട്. എന്നാല്‍ അര്‍ധരാത്രി 12 മണിക്ക് ഫാന്‍സ് ഷോകള്‍ ഇത് ആദ്യമാണ്. 

അര്‍ധരാത്രിയിലെ ആദ്യ പ്രദര്‍ശനങ്ങള്‍ക്ക് ശേഷം പുലര്‍ച്ചെ നാല് മണിക്കും രാവിലെ ഏഴരയ്ക്കുമൊക്കെ തുടര്‍ പ്രദര്‍ശനങ്ങളുണ്ട് ചിത്രത്തിന്. നിര്‍മ്മാതാക്കളായ ആശിര്‍വാദ് സിനിമാസ് തന്നെ അറിയിച്ചതാണിത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി ചിത്രം ലോകമെമ്പാടുമുള്ള 5000 തീയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിക്കുമെന്നാണ് ആശിര്‍വാദ് സിനിമാസ് പറഞ്ഞിരിക്കുന്നത്. 

പ്രിയദര്‍ശനും അനി ഐ വി ശശിയും ചേര്‍ന്ന് രചന നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം എസ് തിരുനാവുക്കരശ് ആണ്. എഡിറ്റിംഗ് എം എസ് അയ്യപ്പന്‍ നായര്‍. സംഗീതം റോണി റാഫേല്‍. ത്യാഗരാജന്‍, കസു നെഡ, സംഗത് മംഗ്പുത് എന്നിവരാണ് സംഘട്ടന രംഗങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം പ്രണവ് മോഹന്‍ലാല്‍, അര്‍ജുന്‍, സുനില്‍ ഷെട്ടി, പ്രഭു, മഞ്ജു വാര്യര്‍, സുഹാസിനി, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, ഫാസില്‍, സിദ്ദിഖ്, നെടുമുടി വേണു, ഇന്നസെന്റ്, അശോക് സെല്‍വന്‍ തുടങ്ങിയവര്‍ അഭിനയിച്ചിരിക്കുന്നു.