ആദ്യ ഡിലീറ്റഡ് രംഗം പുറത്തുവിട്ട് അണിയറക്കാര്‍

മോഹന്‍ലാലിനെ (Mohanlal) ടൈറ്റില്‍ കഥാപാത്രമാക്കി പ്രിയദര്‍ശന്‍ (Priyadarshan) സംവിധാനം ചെയ്‍ത 'മരക്കാര്‍: അറബിക്കടലിന്‍റെ സിംഹ'ത്തിലെ (Marakkar) ഡിലീറ്റഡ് രംഗത്തിന്‍റെ (Deleted scene) മേക്കിംഗ് വീഡിയോ (making video) പുറത്തെത്തി. സാമൂതിരിയുടെ സദസ്സിലെത്തുന്ന മരക്കാരും പട്ടുമരക്കാരും മാമുക്കോയ (Mamukkoya) അവതരിപ്പിച്ച അബൂബക്കര്‍ ഹാജിയെ പരിചയപ്പെടുന്ന രംഗമാണിത്. നന്ദു അവതരിപ്പിക്കുന്ന കുതിരവട്ടത്ത് നായരാണ് ഹാജിയെ പരിചയപ്പെടുത്തിക്കൊടുക്കുന്നത്. എന്നാല്‍ ഇദ്ദേഹത്തെ തനിക്ക് നേരത്തെ പരിചയമുണ്ടെന്ന് പറയുന്ന പട്ടുമരക്കാര്‍ എത്ര ഭാര്യമാരുണ്ടെന്ന് ഹാജിയോട് ചോദിക്കുന്ന രംഗമാണിത്. ഒടിടി റിലീസില്‍ മറ്റു ഭാഷാപതിപ്പുകളില്‍ ഇത്തരമൊരു രംഗം കണ്ടതായി പ്രേക്ഷകരില്‍ പലരും കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരുന്നു.

ഡിസംബര്‍ 2ന് തിയറ്ററുകളിലെത്തിയ ചിത്രം രണ്ടാഴ്ചയ്ക്കു ശേഷം ഏതാനും ദിവസം മുന്‍പാണ് ആമസോണ്‍ പ്രൈമില്‍ പ്രീമിയര്‍ ആരംഭിച്ചത്. മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷാ പതിപ്പുകളും പ്രൈമിലൂടെ കാണാം. വന്‍ ഹൈപ്പ് ഉയര്‍ത്തി എത്തിയ ചിത്രത്തിന് തിയറ്ററുകളില്‍ സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. മലയാളത്തിലെ ഏറ്റവും മുടക്കുമുടലുള്ള ചിത്രത്തിന്‍റെ ബജറ്റ് 100 കോടി ആയിരുന്നു. കൊവിഡ് രണ്ടാംതരംഗത്തിനു ശേഷം തുറന്ന തിയറ്ററുകളിലേക്ക് ദുല്‍ഖര്‍ സല്‍മാന്‍റെ കുറുപ്പിനുശേഷം എത്തിയ ബിഗ് റിലീസ് കൂടിയായിരുന്നു ഈ ചിത്രം. റിലീസ് ദിനത്തില്‍ അര്‍ധരാത്രി മുതല്‍ കേരളത്തില്‍ ഫാന്‍സ് ഷോകള്‍ ആരംഭിച്ചിരുന്നു. എന്നാല്‍ ചിത്രം തിയറ്ററുകളില്‍ നിന്ന് നേടിയ കളക്ഷന്‍ എത്രയെന്ന് ഔദ്യോഗിക വിവരം ഇതുവരെ പുറത്തുവിട്ടിട്ടില്ല.