മരക്കാറിന്‍റെ ആദ്യ സ്വകാര്യ സ്ക്രീനിംഗ് നടന്നത് ഇന്നലെ ചെന്നൈയില്‍

വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്ന പ്രിയദര്‍ശന്‍ (Priyadarshan)- മോഹന്‍ലാല്‍ (Mohanlal) ചിത്രം 'മരക്കാര്‍: അറബിക്കടലിന്‍റെ സിംഹ'ത്തിന്‍റെ (Marakkar) ആദ്യ സ്വകാര്യ പ്രദര്‍ശനം ഇന്നലെ ചെന്നൈയില്‍ നടന്നു. ചിത്രത്തിന്‍റെ സഹനിര്‍മ്മാതാക്കളില്‍ ഒരാളായ റോയ് സി ജെ (Roy C J) ആണ് ചിത്രം കണ്ട അനുഭവം ആവേശത്തോടെ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. "സര്‍ഗാത്മകതയുടെ ഒരു സദ്യയാണ് മരക്കാര്‍. ഓരോ വിഭാഗത്തിലും ഹോളിവുഡ് നിലവാരമാണ് ചിത്രത്തിന്. ലാലേട്ടന്‍, പ്രിയദര്‍ശന്‍ജി, ആന്‍റണി ജി കൂടാതെ ഓരോ വിഭാഗങ്ങളും ചേര്‍ന്ന് ഒരു തലത്തിലേക്ക് ഉയര്‍ത്തിയിട്ടുണ്ട് ചിത്രത്തെ. ആ നാഴികക്കല്ല് കുറേനാളത്തേക്ക് അവിടെത്തന്നെയുണ്ടാവും", കോണ്‍ഫിഡന്‍റ് ഗ്രൂപ്പ്ഉടമയായ റോയ് സി ജെ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

വെള്ളപ്പൊക്കത്തിന്‍റെ സമയത്ത് അതിന്‍റെ പ്രയാസങ്ങളെ അതിജീവിച്ചുകൊണ്ട് ചിത്രം കാണാന്‍ ചെന്നൈയില്‍ എത്തിയതിന് പ്രയോജനമുണ്ടായെന്നും അദ്ദേഹം പറയുന്നു. ഒരു സഹനിര്‍മ്മാതാവ് എന്ന നിലയില്‍ താന്‍ ഏറെ ആവേശത്തിലാണെന്നും. മരക്കാറിന്‍റെ കാഴ്ചാനുഭവത്തെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ ആദ്യമായി പ്രത്യക്ഷപ്പെട്ട ആദ്യ അഭിപ്രായപ്രകടനമാണിത്. 

മലയാളത്തിലെ ആദ്യ 100 കോടി ബജറ്റ് ചിത്രം എന്ന നിലയില്‍ പ്രഖ്യാപന സമയം മുതല്‍ വാര്‍ത്താപ്രാധാന്യം നേടിയ ചിത്രമായിരുന്നു മരക്കാര്‍. മോഹന്‍ലാലിന്‍റെയും പ്രിയദര്‍ശന്‍റെയും സ്വപ്‍നചിത്രം കൊവിഡ് കടന്നുവരുന്നതിനു മുന്‍പ് തിയറ്റര്‍ റിലീസിന് ഒരുങ്ങിയിരുന്ന ചിത്രമാണ്. കൊവിഡ് പശ്ചാത്തലത്തില്‍ ഒന്നര വര്‍ഷത്തോളം റിലീസ് തീയതികള്‍ പലകുറി മാറ്റി. അവസാനം തിയറ്റര്‍ റിലീസിലൂടെ മുടക്കുമുതല്‍ തിരിച്ചുപിടിക്കാവുന്ന സാഹചര്യം ഉരുത്തിരിയുന്നില്ലെന്നു കണ്ടാണ് ഒടിടി റിലീസിനുള്ള നിര്‍മ്മാതാവിന്‍റെ തീരുമാനം. കൊവിഡിനു മുന്‍പ് തിയറ്റര്‍ റിലീസ് തീരുമാനിച്ചിരുന്ന സമയത്ത് വിവിധ ഭാഷകളിലായി ലോകമെമ്പാടും 3000 തിയറ്ററുകളില്‍ ചിത്രം റിലീസ് ചെയ്യാനായിരുന്നു അണിയറക്കാരുടെ പദ്ധതി. എന്നാല്‍ ഇത് നിലവിലെ സാഹചര്യത്തില്‍ സാധ്യമല്ല. അതേസമയം ഒടിടി റിലീസ് തീയതി ഇനിയും പ്രഖ്യാപിക്കപ്പെട്ടിട്ടില്ല.