സംരംഭകൻ എന്നതിലുപരി സിനിമ നിർമ്മാണത്തിലും സി. ജെ റോയ് സജീവമായിരുന്നു. കാസനോവ, മരക്കാർ അറബിക്കടലിന്റെ സിംഹം തുടങ്ങീ നിരവധി സിനിമകളുടെ നിർമ്മാണവും കോൺഫിഡന്റ് ഗ്രൂപ്പിന്റെ ബാനറിൽ സി.ജെ റോയ് ആയിരുന്നു.
കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി.ജെ റോയ് ജീവനൊടുക്കി. ബംഗളൂരുവിൽ ഇൻകം ടാക്സ് റെയ്ഡിനിടെയായിരുന്നു സ്വയം വെടിയുതിർത്ത് ആത്മഹത്യ ചെയ്തത്. നികുതി വെട്ടിപ്പ് ആരോപണങ്ങളെത്തുടർന്ന് ഇന്ന് അദ്ദേഹത്തിന്റെ ഓഫീസുകളിലും വസതികളിലും ആദായനികുതി വകുപ്പ് റെയ്ഡ് നടന്നുകൊണ്ടിരിക്കുന്നതിനിടെയായിരുന്നു സംഭവം.
സംരംഭകൻ എന്നതിലുപരി സിനിമ നിർമ്മാണത്തിലും സി. ജെ റോയ് സജീവമായിരുന്നു. ഭാവനയുടെ കരിയറിലെ തൊണ്ണൂറാം ചിത്രമെന്ന വിശേഷണത്തോടെയെത്തുന്ന 'അനോമി' എന്ന ചിത്രത്തിന്റെ നിർമ്മാണ പങ്കാളി കൂടിയായിരുന്നു സി.ജെ റോയ്.
മോഹൻലാലിനെ നായകനാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത 'കാസനോവ' എന്ന ചിത്രത്തിലൂടെയാണ് കോൺഫിഡന്റ് ഗ്രൂപ്പ് സിനിമ നിർമ്മാണ രംഗത്തേക്ക് കടന്നുവരുന്നത്. പിന്നീട് സിദ്ധിഖ് സംവിധാനം ചെയ്ത 'ലേഡീസ് ആൻഡ് ജന്റിൽമാൻ' എന്ന ചിത്രവും സി.ജെ റോയ് നിർമ്മിച്ചു. 2013 ലായിരുന്നു ചിത്രം പുറത്തറിങ്ങിയത്.
വെള്ളിമൂങ്ങ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ജിബു ജേക്കബ് ഒരുക്കിയ സുരേഷ് ഗോപി ചിത്രം 'മേം ഹൂം മൂസ' എന്ന ചിത്രവും, മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ ഒരുക്കിയ ബിഗ് ബഡ്ജറ്റ് ചിത്രം 'മരയ്ക്കാർ: അറബിക്കടലിന്റെ സിംഹം' എന്ന ചിത്രത്തിന്റെ നിർമ്മാണ പങ്കാളിത്തവും സി.ജെ റോയ് നിർവഹിച്ചിരുന്നു. കഴിഞ്ഞ വർഷം പുറത്തിറങ്ങി, ടൊവിനോ തോമസ് നായകനായെത്തിയ 'ഐഡന്റിറ്റി' എന്ന ചിത്രവും സി.ജെ റോയിയുടെ കോൺഫിഡന്റ് ഗ്രൂപ്പായിരുന്നു നിർമ്മിച്ചത്.
സിനിമ നിർമ്മാണം കൂടാതെ ടെലിവിഷൻ രംഗത്തും സി.ജെ റോയ് സജീവമായിരുന്നു. ബിഗ് ബോസ് കന്നഡ സീസൺ 11 സ്പോൺസർ ചെയ്തത് കോൺഫിഡന്റ് ഗ്രൂപ്പ് ആയിരുന്നു, കൂടാതെ സ്റ്റാർ സുവർണ്ണയുടെ സ്റ്റാർ സിംഗർ മ്യൂസിക് റിയാലിറ്റി ഷോയും കോൺഫിഡന്റ് ഗ്രൂപ്പ് ആയിരുന്നു സ്പോൺസർ ചെയ്തിരുന്നത്. മലയാളം ബിഗ് ബോസ് സീസൺ 7 റണ്ണർഅപ് അനീഷ് ടി.എയ്ക്ക് ഷോ കഴിഞ്ഞതിന് ശേഷം പത്ത് ലക്ഷം രൂപ സമ്മാനമായി നൽകിയതും ചർച്ചയായിരുന്നു.
സംഭവത്തിന് പിന്നാലെ റോയിയെ നാരായണ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായിരുന്നില്ല. വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നത്. ഓഫീസിനുള്ളിലെ തന്റെ മുറിയിൽ വെച്ച് റോയി സ്വന്തം തോക്കുപയോഗിച്ച് വെടിയുതിർക്കുകയായിരുന്നു.നികുതി വെട്ടിപ്പ് ആരോപണങ്ങളെത്തുടർന്ന് ഇന്ന് അദ്ദേഹത്തിന്റെ ഓഫീസുകളിലും വസതികളിലും ആദായനികുതി വകുപ്പ് വ്യാപകമായ പരിശോധന നടത്തിയിരുന്നു.
(ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസലിംഗ് പിന്തുണക്കായി ഈ നമ്പറുകളിൽ വിളിക്കാം 1056, 0471- 2552056)



