താൻ ആഗ്രഹിച്ച സ്നേഹം ലഭിച്ചിട്ടില്ലെന്നും, ബന്ധങ്ങൾ സ്വാതന്ത്ര്യത്തെ നിയന്ത്രിക്കുമോ എന്ന ഭയത്താൽ പുതിയൊരു പ്രണയത്തിനില്ലെന്നും ഭാഗ്യലക്ഷ്മി.
അടിസ്ഥാനപരമായി താൻ ആഗ്രഹിച്ചത് സ്നേഹമാണെന്നും എന്നാൽ അത് തനിക്ക് എവിടെ നിന്നും ലഭിച്ചില്ലെന്നും നടിയും ഡബ്ബിങ്ങ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി. കമ്മിറ്റ്മെന്റുകൾ തന്നെ നിയന്ത്രിക്കുമോ എന്ന ഭയം കാരണമാണ് താൻ ഒരു പ്രണയബന്ധത്തിന് മുതിരാത്തതെന്നും ഭാഗ്യലക്ഷ്മി പറയുന്നു.
"അടിസ്ഥാനപരമായി ഞാനാഗ്രഹിച്ചത് സ്നേഹമാണ്. അതെനിക്ക് എവിടെ നിന്നും കിട്ടിയിട്ടില്ല. ഇനി കിട്ടില്ല എന്ന് മനസിലായത് കൊണ്ടാണ് ഇനിയൊരു പ്രണയം ഞാൻ ആഗ്രഹിക്കാത്തത്. എനിക്ക് രാവിലെ ഒരിടത്തേക്ക് പോകണമെങ്കിൽ ഞാൻ അങ്ങ് പോകും. ചോദിക്കുന്നില്ല. അത് പക്ഷെ നമ്മളെ സ്നേഹിക്കുന്ന ആണിന് സഹിക്കാൻ പറ്റില്ല. അവരോട് ഒരു വാക്ക് പറയുകയെങ്കിലും വേണം. പക്ഷെ എനിക്കങ്ങനെയില്ല. അങ്ങനെ ആഗ്രഹിച്ച സമയത്ത് അങ്ങനെ അല്ലായിരുന്നു." ഭാഗ്യലക്ഷ്മി പറയുന്നു.
"ഡബ്ബിംഗിന് പോയാൽ എത്ര ലേറ്റ് ആയാലും മുൻഭർത്താവ് എന്നോടൊന്നും ചോദിക്കാറില്ല. എന്തുകാെണ്ട് വെെകുന്നു, രാത്രി ഡബ്ബിംഗിന് പോകരുത് എന്നൊന്നും പറഞ്ഞിട്ടില്ല. പക്ഷെ ഞാനൊരു ഫ്രണ്ടിനെ കാണാൻ പോകുമ്പോൾ പുള്ളി എന്നെ റെസ്ട്രിക്റ്റ് ചെയ്യുമായിരുന്നു. എനിക്ക് ഷോപ്പിംഗിന് പോകാനുള്ള അനുവാദം ഇല്ലായിരുന്നു. പിന്നീട് അതെല്ലാം ഞാൻ ചെയ്ത് എന്നെ ആരും ഇനി ചോദ്യം ചെയ്യരുത് എന്ന നിലയിലേക്ക് ഞാൻ മാറി. കമ്മിറ്റ്മെന്റുകൾ എന്നെ നിയന്ത്രിക്കുമോ എന്ന പേടിയുണ്ട്. അതുകൊണ്ടാണ് താൻ ഒരു പ്രണയ ബന്ധത്തിന് തയ്യാറാകാത്തത്." ഭാഗ്യലക്ഷ്മി കൂട്ടിച്ചേർത്തു. യെസ് 27 എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു ഭാഗ്യലക്ഷ്മിയുടെ പ്രതികരണം.



