സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുന്ന നിരൂപണങ്ങളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്നവയ്ക്ക് സമ്മാനം

മോഹന്‍ലാലിനെ (Mohanlal) നായകനാക്കി പ്രിയദര്‍ശന്‍ (Priyadarshan) സംവിധാനം ചെയ്‍ത ബിഗ് ബജറ്റ് ചിത്രം 'മരക്കാറി'ന് റിവ്യൂ കോണ്ടസ്റ്റ് (Review Contest) സംഘടിപ്പിച്ച് മോഹന്‍ലാല്‍ ആരാധകര്‍ (Mohanlal Fans). എഴുതിയോ വീഡിയോയില്‍ റെക്കോര്‍ഡ് ചെയ്‍തോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നവയില്‍ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന മൂന്ന് നിരൂപണങ്ങള്‍ക്ക് ക്യാഷ് പ്രൈസും പ്രഖ്യാപിച്ചിട്ടുണ്ട്. മത്സരത്തില്‍ പങ്കെടുക്കുന്നതിന് പാലിക്കേണ്ട നിബന്ധനകളും മോഹന്‍ലാല്‍ ആരാധകര്‍ പുറത്തിറക്കിയിട്ടുണ്ട്.

Marakkarreviewcontest എന്ന ഹാഷ് ടാഗോടെയുള്ള സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ ആണ് മത്സരത്തിന് പരിഗണിക്കുക. വ്യാജ പ്രൊഫൈലുകളില്‍ നിന്നുള്ള പോസ്റ്റുകള്‍ സ്വീകരിക്കില്ല, സിനിമയുടെ കഥ പൂര്‍ണ്ണമായോ ഭാഗികമായോ നിര്‍ണ്ണായക രംഗങ്ങളോ വെളിപ്പെടുത്താന്‍ പാടില്ല, കുറിപ്പ് ആണെങ്കില്‍ രണ്ട് പാരഗ്രാഫില്‍ കുറയാത്തതും വീഡിയോ ആണെങ്കില്‍ ഒരു മിനിറ്റില്‍ കുറയാത്തതുമായിരിക്കണം, സോഷ്യല്‍ മീഡിയയിലൂടെ ഷെയര്‍ ചെയ്യുന്ന റിവ്യൂ 9744972255 എന്ന നമ്പരില്‍ വാട്സ്ആപ്പ് ചെയ്യണം എന്നിങ്ങനെയാണ് നിബന്ധനകള്‍. ഈ മാസം 19ന് രാത്രി 10 മണി വരെയുള്ള പോസ്റ്റുകളാവും പരിഗണിക്കുക. വിജയികളെ 21ന് രാത്രി എട്ട് മണിക്ക് പ്രഖ്യാപിക്കുമെന്നും മോഹന്‍ലാല്‍ ആരാധകര്‍ അറിയിക്കുന്നു.

മലയാള സിനിമയുടെ ചരിത്രത്തില്‍ ഏറ്റവും വലിയ മുതല്‍മുടക്കില്‍ എത്തിയ ചിത്രമാണ് മരക്കാര്‍: അറബിക്കടലിന്‍റെ സിംഹം. കൊവിഡ് പശ്ചാത്തലത്തില്‍ റിലീസ് രണ്ട് വര്‍ഷത്തോളം നീണ്ടുപോയ ചിത്രം ആരാധകരുടെ കാത്തിരിപ്പിനൊടുവില്‍ ഈ മാസം രണ്ടിനാണ് തിയറ്ററുകളില്‍ എത്തിയത്. ലോകമാകമാനം 4100 സ്ക്രീനുകളില്‍ എത്തിയ ചിത്രം പ്രീ റിലീസ് ടിക്കറ്റ് ബുക്കിംഗിലൂടെ മാത്രം 100 കോടി സമാഹരിച്ചതായി നിര്‍മ്മാതാക്കള്‍ അറിയിച്ചിരുന്നു. കേരളത്തില്‍ റിലീസ് ദിനത്തില്‍ അര്‍ധരാത്രി 12 മണി മുതല്‍ ഫാന്‍സ് ഷോകള്‍ ആരംഭിച്ചിരുന്നു. എന്നാല്‍ ആദ്യദിനം സമ്മിശ്ര പ്രതികരണങ്ങളാണ് ചിത്രത്തെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ചത്. ചിത്രത്തിനെതിരെ സംഘടിത ആക്രമണമാണ് നടന്നതെന്ന് അണിയറപ്രവര്‍ത്തകര്‍ ആരോപിച്ചിരുന്നു. ചിത്രത്തിന്‍റെ വ്യാജപതിപ്പ് ടെലിഗ്രാമിലൂടെ പ്രചരിപ്പിച്ച ഒരാളെ പൊലീസ് അറസ്റ്റ് ചെയ്യുകയുമുണ്ടായി.