റാണി മുഖര്‍ജി നായികയാകുന്ന പുതിയ സിനിമയാണ് മര്‍ദാനി 2. ശിവാനി ശിവജി എന്ന പൊലീസ് ഉദ്യോഗസ്ഥയായിട്ടാണ് റാണി മുഖര്‍ജി സിനിമയില്‍ അഭിനയിക്കുന്നത്. ചിത്രത്തിന്റെ ഫോട്ടോകളൊക്കെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. യുവാക്കള്‍ കുറ്റകൃത്യത്തില്‍ ഏര്‍പ്പെടുന്നതിന് എതിരെയുള്ള ബോധവത്‍കരണമായിട്ടാണ് ചിത്രം എത്തുന്നത്. അതേസമയം വെള്ളത്തിനോടുള്ള തന്റെ പേടി എങ്ങനെയാണ് സിനിമയ്‍ക്കു വേണ്ടി മാറ്റിയത് എന്നു പറയുകയാണ് റാണി മുഖര്‍ജി.

സിനിമയില്‍ ഒരു അണ്ടര്‍ വാട്ടര്‍ ആക്ഷൻ രംഗമുണ്ടായിരുന്നു. തിരക്കഥാകൃത്തും സംവിധായകനുമായ ഗോപി പുത്രൻ ആദ്യം കഥ പറയുമ്പോള്‍ തന്നെ ഞാൻ അക്കാര്യം ഓര്‍ത്ത് സമ്മര്‍ദ്ദത്തിലായിരുന്നു. കാരണം എനിക്ക് നീന്താനറിയില്ല. പൂളില്‍ ഇറങ്ങുന്നത് കുട്ടിക്കാലം മുതലേ എനിക്ക് പേടിയാണ്- റാണി മുഖര്‍ജി പറയുന്നു.

പലതവണ നീന്താൻ ശ്രമിച്ചിട്ടുണ്ടെങ്കിലും അതെല്ലാം പരാജയപ്പെടുകയായിരുന്നു. സിനിമയുടെ കഥ പറഞ്ഞതിനു  ശേഷം ഞാൻ ആദ്യമായി ഗോപിയോട് ചോദിച്ചു, അണ്ടർവാട്ടർ സീക്വൻസ് എത്രത്തോളം പ്രധാനമാണ്, അത് സിനിമയ്ക്ക് വളരെ അത്യന്താപേക്ഷിതമാണോ അല്ലെങ്കിൽ നമുക്ക് ഇത് കൂടാതെ ചെയ്യാൻ കഴിയുമോ എന്ന്. ഇത് മാറ്റാൻ കഴിയില്ലെന്നും വെള്ളത്തിനടിയിലെ സീക്വൻസ് ചിത്രീകരിക്കാൻ താൻ ആഗ്രഹിക്കുന്നുവെന്നും  ഗോപി പറഞ്ഞു. എന്നെ അത് വീണ്ടും സമ്മര്‍ദ്ദത്തിലാക്കി- റാണി മുഖര്‍ജി പറയുന്നു. പ്രധാന കഥാപാത്രം അഭിനയിക്കുന്ന ആള്‍ക്ക് നീന്താനറിയില്ലെന്ന് പറഞ്ഞപ്പോള്‍ ഗോപി ഞെട്ടിപ്പോകുകയാണ് ഉണ്ടായത്. സിനിമയുടെ ചിത്രീകരണത്തിന്റെ അവസാന സമയത്തേയ്ക്ക് വെള്ളത്തിനടിയിലെ രംഗങ്ങള്‍ മാറ്റിവയ്‍ക്കാൻ ആയിരുന്നു ഞാൻ പറഞ്ഞത്. അപ്പോഴേക്കും നീന്താൻ പരിശീലനം നേടാമെന്നും പറഞ്ഞു- റാണി മുഖര്‍ജി പറയുന്നു.

ജൂണിൽ ഞങ്ങൾ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കി. അണ്ടർവാട്ടർ സീക്വൻസ് ചെയ്യാൻ പോലും ഞാൻ ഭയപ്പെട്ടിരുന്നു. ഞാൻ പരിശീലനം വൈകിപ്പിച്ചു, തുടർന്ന് ഞങ്ങൾ സെപ്റ്റംബർ / ഒക്ടോബറിൽ എത്തി. എല്ലാവരും പരിഭ്രാന്തരാകാൻ തുടങ്ങി. ഇനി ചിത്രീകരണത്തിന് സമയമില്ല എന്നു പറഞ്ഞു. ഒടുവില്‍ ധൈര്യം ശേഖരിക്കുകയും നീന്തല്‍ പഠിക്കാൻ പോകുകയുമായിരുന്നു. അല്ലാതെ വേറെ നിര്‍വ്വാഹമില്ലായിരുന്നു- റാണി മുഖര്‍ജി പറയുന്നു.

അനീസ് എന്നയാളാണ് പരിശീലകനായി എത്തിയത്. അദ്ദേഹം ശരിയായ രീതിയില്‍ പരിശീലനം നല്‍കി. വെള്ളത്തിനോടുള്ള പേടി മാറ്റുകയായിരുന്നു. അന്ന് വെള്ളത്തോട് എന്റെ പേടി ഞാൻ മാറ്റിയില്ലെങ്കില്‍ ഒരിക്കലും ജീവിതത്തില്‍ നീന്താൻ കഴിയില്ലെന്നും സിനിമ ഒരു അവസരം ആണെന്നും ഞാൻ മനസ്സിലാക്കി. അദ്ദേഹം സമയമെടുത്ത് എന്നെ അണ്ടര്‍ വാട്ടര്‍ രംഗങ്ങള്‍ക്കായി പരിശീലിപ്പിച്ചു. ചമ്പല്‍ നദിയുടെ മധ്യത്തിലെന്ന പോലെ തോന്നിപ്പിക്കുന്ന സെറ്റിട്ട് ഞങ്ങള്‍ ഒടുവില്‍ രംഗം ചിത്രീകരിച്ചു.

ഒരു രാത്രി സീക്വൻസായിരുന്നു. ഞാൻ യഥാർത്ഥത്തിൽ അണ്ടര്‍ വാട്ടര്‍ ആക്ഷൻ രംഗം ചെയ്‍തപ്പോള്‍ എല്ലാവരും അമ്പരന്നു.  വെള്ളത്തോടുള്ള പേടി മറികടന്നതില്‍ എനിക്ക് അഭിമാനമുണ്ട്. വെള്ളത്തിനോടുള്ള എന്റെ ഭയത്തെ മറികടന്ന് ഗോപി അത്തരം രംഗം സിനിമയിൽ ഉൾപ്പെടുത്തിയതിൽ എനിക്ക് സന്തോഷമുണ്ട്- റാണി മുഖര്‍ജി പറയുന്നു.

അതേമസമയം, രാജ്യത്ത് യുവാക്കളുടെ കുറ്റകൃത്യങ്ങള്‍ എത്രത്തോളം വര്‍ദ്ധിക്കുന്നുണ്ടെന്നാണ് ചിത്രം പറയുന്നത് എന്ന് റാണി മുഖര്‍ജി പറഞ്ഞിരുന്നു.  നിങ്ങളുടെ കാതും കണ്ണും തുറന്നിരിക്കേണ്ടത് പ്രധാനമാണ്, രണ്ട് സിനിമകളിലും 'മർദാനി' ചെയ്യുന്നത് അതിനെ കുറിച്ചുള്ള ബോധവത്‍ക്കരണമാണ്.   അടിസ്ഥാനപരമായി കുറ്റകൃത്യങ്ങൾ എങ്ങനെ നടക്കുന്നുവെന്നും ആളുകൾ നിർഭാഗ്യകരമായ സംഭവങ്ങൾക്ക് ഇരയാകുന്നുവെന്നും സിനിമ കാണിക്കുന്നുവെന്നും റാണി മുഖര്‍ജി പറയുന്നു. ഇന്ത്യയില്‍ അങ്ങോളമിങ്ങോളമുള്ള നിരവധി കോളേജുകളില്‍ സന്ദര്‍ശിക്കാനും അവിടത്തെ വുമണ്‍ സെല്‍ അംഗങ്ങളുമായി സംവദിക്കാനും മര്‍ദാനി 2വിന്റെ അണിയറപ്രവര്‍ത്തകര്‍ തീരുമാനിച്ചിട്ടുണ്ട്. വനിതാ വികസന സെല്ലിലെ അംഗങ്ങൾ കോളേജുകളെ പെൺകുട്ടികളുടെ സുരക്ഷാ കേന്ദ്രമാക്കി മാറ്റുന്നതിന് സ്വീകരിച്ച നടപടികൾ മനസിലാക്കാനും  ലൈംഗിക ചൂഷണത്തിനെതിരെ നിലകൊള്ളാൻ കോളേജുകളിലെ പുരുഷ-വനിതാ വിദ്യാർത്ഥികളുമായി റാണി മുഖര്‍ജി സംവദിക്കാനുമാണ് തീരുമാനം.   യുവാക്കളുടെ അക്രമ കുറ്റകൃത്യങ്ങളുടെ തീവ്രമായ വർധനയെക്കുറിച്ച് കൂടുതൽ അവബോധം കൊണ്ടുവരാനും ആഗ്രഹിക്കുന്നു. നമ്മുടെ കുട്ടികളെ നമുക്ക് സംരക്ഷിക്കണം റാണി മുഖര്‍ജി പറയുന്നു.  

ചിത്രത്തിന്റെ ട്രെയിലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തുന്ന യുവാവ് ആണ് ചിത്രത്തിലെ വില്ലൻ കഥാപാത്രം. അതിനെതിരെയുള്ള പോരാട്ടമാണ് ചിത്രത്തിലുള്ളത്. മര്‍ദാനി സംവിധാനം ചെയ്‍തത് പ്രദീപ് സര്‍ക്കാര്‍ ആണ്.

ചിത്രത്തിന്റെ പ്രത്യേകതകളെ കുറിച്ച് സംവിധായകനും നായികയും നേരത്തെ വ്യക്തമാക്കിയിരുന്നു. റാണി മുഖര്‍ജിയുടെ ശിവാനി ദുഷ് പ്രവര്‍ത്തികള്‍ക്ക് എതിരെയാണ് ചിത്രത്തില്‍ പോരാടുന്നത്. സ്‍ത്രീകളെ ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന ക്രിമിനലാണ് ചിത്രത്തിലെ വില്ലൻ. അയാള്‍ക്ക് എതിരെയുള്ള പോരാട്ടമാണ് ശിവാനി നടത്തുന്നത്- ഗോപി പുത്രൻ പറയുന്നു.

ഒരു മനുഷ്യന്റെ പൈശാചിക പ്രവര്‍ത്തികള്‍ക്കെതിരെയാണ് ചിത്രത്തിലെ വനിതാ പൊലീസ് ഉദ്യോഗസ്ഥ പോരാടുന്നത് എന്ന് റാണി മുഖര്‍ജിയും പറയുന്നത്. സ്‍ത്രീകള്‍ക്ക് എതിരെയുള്ള കുറ്റകൃത്യങ്ങള്‍ തടയുകയാണ് ലക്ഷ്യം. തിൻമയ്‍ക്ക് എതിരെയുള്ള നൻമയുടെ വിജയമാണ് നവരാത്രി പറയുന്നത് എന്ന് നമുക്ക് അറിയാമല്ലോ. മഹിഷാസുരനെതിരെയുള്ള ദേവി ദുര്‍ഗ്ഗയുടെ വിജയമായാലും രാവണന് എതിരെയുള്ള രാമന്റെ വിജയമായാലും ഇത്തരുണത്തില്‍ വളരെ പ്രധാനമാണ്. അതുകൊണ്ടാണ് അങ്ങനെയുള്ള സന്ദര്‍ഭത്തില്‍ തന്നെ മര്‍ദാനി 2ന്റെ യാത്ര തുടങ്ങുന്നത്. സ്‍ത്രീ ശക്തിയുടെ ഏറ്റവും ഏറ്റവും പ്രധാനമായിട്ടുള്ള ആഘോഷത്തില്‍ തന്നെ മര്‍ദാനി 2വും വരുന്നു. പൈശാചികതയ്‍ക്ക് എതിരെയാണ് ദുര്‍ഗ്ഗാ ദേവിയുടെ പോരാട്ടം.

സ്‍ത്രീകള്‍ക്ക് എതിരെയുള്ള ക്രൂരത അവസാനിപ്പിക്കാനുള്ള ധീരതയോടെയുള്ള സമീപനമാണ് മര്‍ദാനി 2വിലും- ടീസര്‍ റിലീസ് ചെയ്‍തപ്പോള്‍ റാണി മുഖര്‍ജി പറഞ്ഞിരുന്നു.